Saturday, March 14, 2026 Last Updated 45 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.59 PM

പാകിസ്‌താന്‌ വിജയത്തുടക്കം

uploads/news/2026/01/819640/sp4.jpg

ദാംബുല: ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്‌താന്‌ ആറ്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക 128 റണ്ണിന്‌ ഓള്‍ഔട്ടായി. മറുപടി ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ കളി തീരാന്‍ 20 പന്തുകള്‍ ശേഷിക്കേ ലക്ഷ്യത്തിലെത്തി.
മൂന്ന്‌ ട്വന്റി20 കളുടെ പരമ്പരയാണു പാകിസ്‌താന്‍ ശ്രീലങ്കയില്‍ കളിക്കുന്നത്‌്. ഇന്നലെ ദാംബുലയിലെ രാന്‍ഗിരി ദാംബുല ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ പാകിസ്‌താന്‍ നായകന്‍ സല്‍മാന്‍ ആഗ ലങ്കയെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്ത സല്‍മാന്‍ മിര്‍സയും അബ്രാര്‍ അഹമ്മദും ആഗ ഉദ്ദേശിച്ചതു പോലെ ലങ്കയെ പിടിച്ചു കെട്ടി. മുഹമ്മദ്‌ വാസിമും ഷാദാബ്‌ ഖാനും രണ്ട്‌ വിക്കറ്റ്‌ വീതവുമെടുത്തു.
ഓപ്പണര്‍ കാമില്‍ മിഷാര (മൂന്ന്‌ പന്തില്‍ 0) സല്‍മാന്‍ മിര്‍സയുടെ പന്തില്‍ ആഗയ്‌ക്കു ക്യാച്ച്‌ നല്‍കിയതോടെ വിക്കറ്റ്‌ വീഴ്‌ച തുടങ്ങി. പാതും നിസങ്ക (12), കുശല്‍ മെന്‍ഡിസ്‌ (14), ധനഞ്‌ജയ ഡി സില്‍വ (10), ചരിത അസാലങ്ക (18) എന്നിവരും ക്ഷണത്തില്‍ മടങ്ങി. 31 പന്തില്‍ ഒരു സിക്‌സറും രണ്ട്‌ ഫോറുമടക്കം 40 റണ്ണെടുത്ത ജനിത്‌ ലിയനാഗെ, 12 പന്തില്‍ 18 റണ്ണെടുത്ത വാനിന്ദു ഹസരംഗ, ഒന്‍പത്‌ പന്തില്‍ 12 റണ്ണെടുത്ത നായകന്‍ ദാസുന്‍ ശനക എന്നിവരാണു ടീമിനെ നൂറ്‌ കടത്തിയത്‌.
ധനഞ്‌ജയ ഡി സില്‍വ 2024 ജൂണിനു ശേഷം ആദ്യമായാണു ട്വന്റി20 കളിക്കുന്നത്‌. പാകിസ്‌താനായി സാഹിബ്‌സാദ ഫര്‍ഹാനും (36 പന്തില്‍ രണ്ട്‌ സിക്‌സറും നാല്‌ ഫോറുമടക്കം 51) സായിം അയൂബും (18 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 24) മികച്ച തുടക്കം നല്‍കി. സല്‍മാന്‍ ആഗ (11 പന്തില്‍ 16), ഫഖര്‍ സമാന്‍ (അഞ്ച്‌) എന്നിവരും പുറത്തായെങ്കിലും ഉസ്‌മാന്‍ ഖാന്‍ (ഏഴ്‌), ഷാദാബ്‌ ഖാന്‍ (12 പന്തില്‍ 18) എന്നിവര്‍ ചേര്‍ന്ന്‌ പാകിസ്‌താനെ ജയിപ്പിച്ചു. ലങ്കയ്‌ക്കായി മഹീഷ തീക്ഷ്‌ണ, ദുഷ്‌മന്ത ചാമീര, വാനിന്ദു ഹസരംഗ, ധനഞ്‌ജയ ഡി സില്‍വ എന്നിവര്‍ ഒരു വിക്കറ്റ്‌ വീതമെടുത്തു. 18 റണ്ണും രണ്ട്‌ വിക്കറ്റുമെടുത്ത ഷാദാബ്‌ ഖാന്‍ മത്സരത്തിലെ താരമായി.

Ads by Google
Wednesday 07 Jan 2026 11.59 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW