-->
ചെന്നൈ: ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാന്‍ മാസ്‌റ്റര്‍ ടൂര്‍ണമെന്റായ ചെന്നൈ ഓപ്പണ്‍ ചെസ് ഗ്രാന്‍ മാസ്‌റ്റേഴ്‌സിന്റെ 16-ാമത് എഡിഷനില്‍ കേരളത്തിന്റെ രാജേഷ് നാട്ടകം ഡെപ്യൂട്ടി ചീഫ് ആര്‍ബിറ്ററായി നിയമിതനായി. അഖിലേന്ത്യ ചെസ് ഫെഡറേഷന്റെയും തമിഴ്‌നാട് ചെസ് അസോസിയേഷന്റെയും പ്രത്യേക ക്ഷണപ്രകാരമാണു രാജേഷ് സ്‌ഥാനമേല്‍ക്കുന്നത്.
രാജ്യാന്തര ചെസ് ഫെഡറേഷന്റെ നിരവധി ടൈറ്റിലുകളുള്ള വ്യക്‌തിയാണ്. കോട്ടയത്ത് ഒരു ചെസ് അക്കാദമി സ്‌ഥാപിക്കുകയും അതിലൂടെ ആയിരക്കണക്കിന് താരങ്ങളെ കേരളത്തിലും പുറത്തും വാര്‍ത്തെടുക്കാനും രാജേഷിനായി. അക്കാദമിയിലൂടെ വളര്‍ന്ന താരങ്ങള്‍ ജില്ലാ- സംസ്‌ഥാന തലങ്ങളില്‍ ചാമ്പ്യന്മാരായി. ''ഫിഡേ മാസ്‌റ്റര്‍'' ടൈറ്റില്‍ നേടിയതാരങ്ങള്‍ വരെ അക്കാദമിയിലുണ്ട്. നിലവില്‍ ചെസ് ഫെഡറേഷന്റെ ആര്‍ബിറ്റര്‍ കമ്മീഷന്റെ ചെയര്‍മാനാണ്. ചെസ് അസോസിയേഷന്‍ കേരളയുടെ ജനറല്‍ സെക്രട്ടറി, പ്രസിഡന്റ്, അഖിലേന്ത്യ ചെസ് ഫെഡറേഷന്‍ ജോയിന്റ് സെക്രട്ടറി എന്നീ സ്‌ഥാനങ്ങളിലും വഹിച്ചു. മൂന്നു ഫോര്‍മാറ്റിലും ക്ല(ാസിക്‌്, റാപ്പിഡ്, ബ്ലിറ്റ്‌സ്) ലോക ചെസ് ഫെഡറേഷന്റെ റേറ്റിങുള്ള രാജേഷ് നാട്ടകം ഇന്റര്‍നാഷണല്‍ ആര്‍ബിറ്ററും ഫിഡെ ഇന്‍സ്‌ട്രൈക്‌ടറുമാണ്. ലോക ജൂനിയര്‍ ചെസ്, ലോക ചെസ് ഒളിമ്പ്യാഡ് തുടങ്ങിയ പ്രധാന ചാമ്പ്യന്‍ഷിപ്പുകളിലൊക്കെ ആര്‍ബിറ്ററായി. ലോക ഫെഡറേഷന്റെ സ്‌കൂള്‍ ഇന്‍സ്‌പെക്‌ടര്‍ ടൈറ്റില്‍ ഉള്ള രാജേഷ് കേരളത്തിലെ ആദ്യത്തെ ഗ്രാന്‍മാസ്‌റ്റര്‍ ചെസ് ടൂര്‍ണമെന്റ് കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 32 ഇന്റര്‍നാഷണല്‍ റേറ്റിങ് ടൂര്‍ണമെന്റുകളും സംഘടിപ്പിച്ചു.