Friday, March 13, 2026 Last Updated 12 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.59 PM

അത്‌ലറ്റിക്‌സ് ട്രാക്കിനോട്‌ വിടപറഞ്ഞ്‌ ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍.

uploads/news/2026/01/819638/sp2.jpg

കോഴിക്കോട്‌: അത്‌ലറ്റിക്‌സ് ട്രാക്കിനോട്‌ വിടപറഞ്ഞ്‌ ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണ്‍. 800 മീറ്റര്‍, 1500 മീറ്റര്‍ ഓട്ട മത്സരങ്ങളില്‍ ദേശീയ റെക്കോഡിന്‌ ഉടമയാണ്‌ കോഴിക്കോട്‌ ചക്കിട്ടപ്പാറ സ്വദേശിയായ ജിന്‍സണ്‍.
34 വയസുകാരനായ ജിന്‍സണ്‍ ഫെയ്‌സ്ബുക്കിലൂടെയാണു വിരമിക്കല്‍ പ്രഖ്യാപിച്ചത്‌. മൂന്ന്‌ ഏഷ്യന്‍ ഗെയിംസ്‌ മെഡലുകളും രണ്ട്‌ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ മെഡലുകളും സ്വന്തമാണ്‌. 2016 ലെ റിയോ ഒളിമ്പിക്‌സ്, ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്‌ എന്നിവയിലും ഇന്ത്യക്കായി മത്സരിച്ചു. 2018-ല്‍ രാജ്യം ജിന്‍സണിന്‌ അര്‍ജുന അവാര്‍ഡ്‌ നല്‍കി ആദരിച്ചു. 800 മീറ്ററില്‍ 1976-ല്‍ ശ്രീറാം സിങ്‌ സ്‌ഥാപിച്ച 42 വര്‍ഷം പഴക്കമുള്ള റെക്കോഡാണ്‌ 2018 ല്‍ ജിന്‍സണ്‍ മറികടന്നത്‌. ഗുവാഹാത്തിയില്‍ നടന്ന ദേശീയ ഇന്റര്‍ സ്‌റ്റേറ്റ്‌ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലായിരുന്നു റെക്കോഡ്‌ നേട്ടം. ഒരു മിനിറ്റ്‌ 45.65 സെക്കന്‍ഡാണ്‌ 800 മീറ്ററിലെ ജിന്‍സന്റെ പേരിലുള്ള നിലവിലെ ദേശീയ റെക്കോഡ്‌. അതേ വര്‍ഷം ഓസ്‌ട്രേലിയയിലെ ഗോള്‍ഡ്‌ കോസ്‌റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിലെ 1500 മീറ്ററിലും ജിന്‍സണ്‍ ദേശീയ റെക്കോഡ്‌ തിരുത്തി.
23 വര്‍ഷം മുന്‍പ്‌ ബഹാദൂര്‍ പ്രസാദ്‌ സ്‌ഥാപിച്ച റെക്കോഡാണ്‌ അന്ന്‌ മലയാളി താരം തിരുത്തിയത്‌. ജര്‍മനിയിലെ ബെര്‍ലിനില്‍ ഈ റെക്കോഡ്‌ ഒന്നുകൂടി മെച്ചപ്പെടുത്തി. മൂന്ന്‌ മിനിറ്റ്‌ 35.24 സെക്കന്‍ഡാണ്‌ നിലവിലെ റെക്കോഡ്‌. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 1500 മീറ്ററില്‍ സ്വര്‍ണവും 800 മീറ്ററില്‍ വെള്ളിയും നേടിയ ജിന്‍സണ്‍ ഹാങ്‌ചൗവില്‍ 1500 മീറ്ററില്‍ വെങ്കലവും സ്വന്തമാക്കി. 2015 വുഹാന്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 800 മീറ്ററില്‍ വെള്ളിയും 2017 ഭുവനേശ്വര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടി. 2018-ല്‍ ഏഷ്യയിലെ മികച്ച അത്‌ലറ്റായി റാങ്ക്‌ ചെയ്യപ്പെട്ടു. 2018 റിയോ ഒളിമ്പിക്‌സില്‍ 800 മീറ്ററില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.
''കൊല്‍ക്കത്തയില്‍ നിന്നാരംഭിച്ച യാത്ര 2023 ലെ ഏഷ്യന്‍ ഗെയിംസ്‌ വേദിയില്‍ വരെയെത്തി. അത്‌ലറ്റിക്‌സിന്‌ നന്ദി'' ജിന്‍സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 2007 ല്‍ കൊല്‍ക്കത്തയില്‍ നടന്ന സ്‌കൂള്‍ ഗെയിംസിലാണ്‌ ആദ്യ ദേശീയ മെഡല്‍ നേടിയത്‌. രണ്ട്‌ ദേശീയ റെക്കോഡുകള്‍ തകര്‍ക്കുകയും ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്‌ മഹത്തായ സംഭാവന നല്‍കുകയും ചെയ്‌തത്‌ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൊന്നാണെന്ന്‌ ജിന്‍സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കരിയറിന്റെ ഉയര്‍ച്ച താഴ്‌ചകളില്‍ ഒരുപോലെ കൂടെനിന്ന ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍, റിലയന്‍സ്‌ ഫൗണ്ടേഷന്‍, സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ്‌ ഇന്ത്യ, ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്‌റ്റിറ്റ്യൂട്ട്‌, റെജിമെന്റ്‌ ഓഫ്‌ ആര്‍ട്ടിലറി സെന്റര്‍ തുടങ്ങി എല്ലാവര്‍ക്കും ജിന്‍സണ്‍ നന്ദിയറിയിച്ചു.
1991 മാര്‍ച്ച്‌ 15 നു കോഴിക്കോട്‌ ചക്കിട്ടപ്പാറയില്‍ ജനിച്ച ജിന്‍സണ്‍, സെന്റ്‌ ആന്റണീസ്‌ ഹൈസ്‌കൂളിലും കൂരാച്ചുണ്ട്‌ കല്ലാനോട്‌ സെന്റ്‌ മേരീസ്‌ ഹൈസ്‌കൂളിലുമാണ്‌ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്‌. കോട്ടയം ബസേലിയസ്‌ കോളജില്‍ നിന്നാണ്‌ ബിരുദം നേടിയത്‌. 2019 ലുണ്ടായ പരുക്ക്‌ ജിന്‍സണിന്റെ കരിയറിനെ ബാധിച്ചിരുന്നു. മൂന്നു വര്‍ഷം കഴിഞ്ഞു നടത്തിയ തിരിച്ചു വരവില്‍ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടി. അതായിരുന്നുകരിയറിലെ അവസാന മത്സരം.

Ads by Google
Wednesday 07 Jan 2026 11.59 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW