-->
ബെനോനി: ദക്ഷിണാഫ്രിക്ക അണ്ടര്‍ 19 ടീമിനെതിരേ യൂത്ത് ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ജയം. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലാണ് ഇന്ത്യന്‍ 19 ടീം സമ്പൂര്‍ണ ജയം നേടിയത്. മൂന്നാം ഏകദിനത്തില്‍ 233 റണ്ണിനാണ് ഇന്ത്യ ജയിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഏഴ് വിക്കറ്റിന് 393 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 35-ാം ഓവറില്‍ 160 റണ്ണിന് ഓള്‍ഔട്ടായി.
മലയാളി ഓപ്പണര്‍ ആരോണ്‍ ജോര്‍ജ് (106 പന്തില്‍ 16 ഫോറുകളടക്കം 118), നായകന്‍ കൂടിയായ വൈഭവ് സൂര്യവംശി (74 പന്തില്‍ 10 സിക്‌സറും ഒന്‍പത് ഫോറുമടക്കം 127) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. വൈഭവ് 24 പന്തിലും ആരോണ്‍ 32 പന്തിലും ആദ്യ 50 റണ്ണെടുത്തു. ഓപ്പണിങ് വിക്കറ്റ് 54 പന്തില്‍ നൂറ് കടന്നു. 63 പന്തില്‍ മൂന്നക്കം കടന്ന വൈഭവാണു കൂടുതല്‍ ആക്രമിച്ചത്‌്. 91 പന്തുകള്‍ നേരിട്ടാണ് ആരോണ്‍ കരിയറിലെ ആദ്യ സെഞ്ചുറിയടിച്ചത്‌്. കൂട്ടുകെട്ട് 141 പന്തില്‍ 200 കടന്നു.
എന്‍ടാന്‍ഡോ സോനി വൈഭവിനെ അഡ്‌നാന്‍ ലാഗെദിന്റെ കൈയിലെത്തിച്ചതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ജാസണ്‍ റൗളേഴ്‌സ് ആരോണ്‍ ജോര്‍ജിനെ ഡാനിയേല്‍ ബോസ്‌മാന്റെ കൈയിലുമെത്തിച്ചു. തുടര്‍ന്നു വന്ന വേദാന്ത് ത്രിപാഠി (42 പന്തില്‍ 34), അഭിഗ്യാന്‍ കുണ്ഡു (20 പന്തില്‍ 21), ഹര്‍ഷവര്‍ധന്‍ പന്‍ഗാലിയ (രണ്ട്), ആര്‍.എസ്. അംബ്രിഷ് (എട്ട്), കനിഷ്‌ക് ചൗഹാന്‍ (10) എന്നിവരും പുറത്തായി. മലയാളി താരം മുഹമ്മദ് ഇനാനും (19 പന്തില്‍ രണ്ട് സിക്‌സറും ഒരു ഫോറുമടക്കം പുറത്താകാതെ 28) ഹെനില്‍ പട്ടേലും (21 പന്തില്‍ പുറത്താകാതെ 19) ചേര്‍ന്നു നടത്തിയ വെടിക്കെട്ടുകളാണ് അവസാന ഓവറുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയത്.
ദക്ഷിണാഫ്രിക്കയ്‌ക്കായി സോനി മൂന്ന് വിക്കറ്റും ജാസണ്‍ റൗളേഴ്‌സ് രണ്ട് വിക്കറ്റും മിഖായേല്‍ ക്രുയിസ്‌കാംപ് ഒരു വിക്കറ്റുമെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ പോള്‍ ജെയിംസ് (49 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 41) ടോപ് സ്‌കോററായി. ഡാനിയേല്‍ ബോസ്‌മാന്‍ 60 പന്തില്‍ 40 റണ്ണെടുത്തു. കോര്‍ണി ബോത 39 പന്തില്‍ 36 റണ്ണുമായി പുറത്താകാതെനിന്നു.
നായകന്‍ മുഹമ്മദ് ബുല്‍ബുലിയ (നാല്) ഉള്‍പ്പെടെയുള്ള മുന്‍നിര ബാറ്റര്‍മാര്‍ക്കു രണ്ടക്കം കടക്കാനായില്ല. ഇന്ത്യക്കായി കിഷന്‍ സിങ് 15 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. മലയാളി താരം മുഹമ്മദ് ഇനാന്‍ രണ്ട് വിക്കറ്റുമായി തിളങ്ങി. ഹെനിന്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍, ഉദ്ധവ് മോഹന്‍, അംബ്രിഷ്, വൈഭവ് സൂര്യവംശി എന്നിവര്‍ ഒരു വിക്കറ്റ് വീതമെടുത്തു. വൈഭവാണു മത്സരത്തിലെയും പരമ്പരയിലെയും താരം.
ആരോണ്‍ ജോര്‍ജിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 227 റണ്ണിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വൈഭവ് യൂത്ത് ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ ഓപ്പണിങ് സഖ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന റെക്കോഡ് സ്വന്തമാക്കി. 154 പന്തിലാണ് അവര്‍ 227 റണ്‍ അടിച്ചെടുത്തത്. സിംബാബ്‌വെയ്‌ക്കെതിരേ വിശാഖപട്ടണത്ത് 2013 ല്‍ അങ്കുഷ് ബെയിന്‍സും അഖില്‍ ഹെര്‍വാഡ്‌കറും ചേര്‍ന്ന് സ്‌ഥാപിച്ച 218 റണ്ണിന്റെ ഓപ്പണിങ് കൂട്ടുകെട്ടിന്റെ റെക്കോഡാണു തിരുത്തിയെഴുതിയത്. യൂത്ത് ഏകദിന ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനെന്ന നേട്ടവും വൈഭവിന് സ്വന്തമായി. 14 വര്‍ഷവും 286 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ ഈ നേട്ടം. ആയുഷ് എംഹാത്രെയുടെ അഭാവത്തില്‍ വൈഭവാണു പരമ്പരയില്‍ ടീമിനെ നയിച്ചത്.
കഴിഞ്ഞ മത്സരത്തില്‍ 15 പന്തില്‍ 50 തികച്ച വൈഭവ് അണ്ടര്‍ 19 തലത്തിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ചുറിയെന്ന ഋഷഭ് പന്തിന്റെ റെക്കോഡ് തകര്‍ത്തിരുന്നു.