-->
ന്യൂഡല്‍ഹി: റോഡുകളിലും പൊതുസ്‌ഥലങ്ങളിലുമുള്ള തെരുവുനായ ശല്യത്തില്‍ അതീവ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. നായ കടിക്കാനുള്ള മാനസികാവസ്‌ഥയിലാണോ എന്ന് ആര്‍ക്കും മനസിലാക്കാന്‍ കഴിയില്ലെന്നും പ്രതിരോധമാണു ചികിത്സയേക്കാള്‍ നല്ലതെന്നും ജസ്‌റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്‌ജരിയ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
തെരുവുനായകളുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. 'റോഡുകളില്‍നിന്ന് നായ്‌ക്കളെ ഒഴിവാക്കേണ്ടതാണ്. അവ കടിക്കില്ലായിരിക്കാം. പക്ഷേ ഇപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നു. തെരുവുകളിലും സ്‌കൂളുകളിലും പൊതുസ്‌ഥാപനങ്ങളിലും എന്തിനാണു നായകള്‍.
'എ.ബി.സി. നിയമങ്ങള്‍ നടപ്പാക്കാന്‍ കോടതി 2018 ല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതുവരെ ഒന്നും സംഭവിച്ചില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിന്റെ പേരില്‍ സാധാരണക്കാര്‍ ദുരിതം അനുഭവിക്കണോ?'-സുപ്രീം കോടതി ചോദിച്ചു. കേസില്‍ ഇന്നു കൂടുതല്‍ വാദം കേള്‍ക്കും.
ഏതെങ്കിലും പ്രദേശത്ത് കടിക്കാന്‍ സാധ്യതയുള്ള നായയുണ്ടെങ്കില്‍ അതിനെ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരിച്ചശേഷം തിരിച്ചുവിടാമെന്നു മൃഗസ്‌നേഹികളുടെ സംഘടനയ്‌ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. 'ആരെയും കടിക്കരുതെന്നു കൗണ്‍സലിങ് കൂടി നല്‍കി വിടണ'മെന്നായിരുന്നു ഇതിനു സുപ്രീം കോടതിയുടെ പരിഹാസത്തോടെയുള്ള മറുപടി.
നായകളുടെ കടിയേറ്റ സംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, കഴിഞ്ഞ വര്‍ഷം നവംബര്‍ 7 ന് സുപ്രീം കോടതി, വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍, ആശുപത്രികള്‍, ബസ് സ്‌റ്റാന്‍ഡുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ നിന്ന് തെരുവ് നായകളെ നീക്കം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. തെരുവ് നായകളെ ഷെല്‍ട്ടറുകളിലേക്ക് അയയ്‌ക്കാനും നിര്‍ദേശിച്ചു.