-->
മുംബൈ: ശിവസേന(ഷിന്‍ഡെ)യെ പുറത്താക്കാന്‍ മഹാരാഷ്‌ട്രയിലെ അംബര്‍നാഥ് നഗരസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് - ബി.ജെ.പി. സഖ്യം. വിവാദമായതിനെ തുടര്‍ന്നു കോണ്‍ഗ്രസും ബി.ജെ.പിയും സ്വന്തം നേതാക്കളെ പുറത്താക്കി. പ്രതിഷേധവുമായി ശിവസേന(ഷിന്‍ഡെ) വിഭാഗവും രംഗത്തെത്തി.
അംബര്‍നാഥിലെ ബേ്ലാക്ക് അധ്യക്ഷന്‍ പ്രദീപ് പാട്ടിലിനെയും പാര്‍ട്ടി ടിക്കറ്റില്‍ ജയിച്ച എല്ലാ കൗണ്‍സിലര്‍മാരെയും കോണ്‍ഗ്രസ് പുറത്താക്കി. അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ശിവസേന(ഷിന്‍ഡെ)യാണു വലിയ ഒറ്റക്കക്ഷിയായത്.
പിന്നാലെ ബി.ജെ.പി, കോണ്‍ഗ്രസ്, എന്‍.സി.പി (അജിത് പവാര്‍ വിഭാഗം) എന്നീ പാര്‍ട്ടികള്‍ ചേര്‍ന്നു 'അംബര്‍നാഥ് വികാസ് അഘാഡി' എന്ന പേരില്‍ സഖ്യം രൂപീകരിച്ചു. ശിവസേനയെ അധികാരത്തില്‍നിന്ന് ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. സഖ്യത്തില്‍ 14 ബി.ജെ.പി കൗണ്‍സിലര്‍മാര്‍, 12 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍, എന്‍.സി.പി(അജിത് പവാര്‍ വിഭാഗം)യില്‍നിന്നുള്ള നാല് പേര്‍, ഒരു സ്വതന്ത്രന്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. മുനിസിപ്പല്‍ പ്രസിഡന്റ് സ്‌ഥാനവും കൂടി ചേരുമ്പോള്‍ സഖ്യത്തിന്റെ അംഗബലം 32 ആയി ഉയര്‍ന്നു. അത് മുനിസിപ്പല്‍ കൗണ്‍സിലില്‍ ബി.ജെ.പിക്ക് വ്യക്‌തമായ ഭൂരിപക്ഷം നല്‍കി.
ഈ സഖ്യത്തിന്റെ പിന്‍ബലത്തില്‍, ബി.ജെ.പി നേതാവ് തേജശ്രീ കരംജുലെ അംബര്‍നാഥ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ പ്രസിഡന്റായി (മേയര്‍) തെരഞ്ഞെടുക്കപ്പെട്ടു. സഖ്യത്തിനെതിരേ മുതിര്‍ന്ന ബി.ജെ.പി നേതാവും മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. 'ഏതെങ്കിലും പ്രാദേശിക നേതാവ് സ്വന്തമായി അത്തരം ഒരു തീരുമാനം എടുത്തിട്ടുണ്ടെങ്കില്‍, അത് തെറ്റാണ്, നടപടിയെടുക്കും' - അദ്ദേഹം വ്യക്‌തമാക്കി. അനുചിതവും അനീതിപരവുമായ കൂട്ടുകെട്ടെന്നാണു സഖ്യത്തെ ഷിന്‍ഡെ വിഭാഗം എം.എല്‍.എ ബാലാജി കിനിക്കര്‍ വിശേഷിപ്പിച്ചത്.
അംബര്‍നാഥിനെ അഴിമതി വിമുക്‌തവുമായ നഗരമാക്കുന്നതിനാണു സഖ്യം രൂപീകരിച്ചതെന്ന് പ്രാദേശിക ബി.ജെ.പി നേതാവ് ഗുലാബ്‌റാവു കരംജുലെ പാട്ടില്‍ പറഞ്ഞു. ശിവസേന(ഷിന്‍ഡെ)യുടെ ഭരണകാലത്ത് ഗുരുതരമായ അഴിമതി കേസുകള്‍ ഉയര്‍ന്നുവന്നിരുന്നെന്നും, രണ്ട് മുന്‍ മുനിസിപ്പല്‍ പ്രസിഡന്റുമാര്‍ ജയിലില്‍ പോകുക പോലും ചെയ്‌തതായും അദ്ദേഹം ആരോപിച്ചു.