-->
ജാപ്പനീസ് നിര്‍മാതാക്കളായ യമഹ (Yamaha) ഇന്ത്യയുടെ സ്വന്തം R15 സ്‌പോര്‍ട്സ് ബൈക്കിന് (R15 Sports Bike) വില കുറച്ച് ഞെട്ടിച്ചിരിയ്ക്കുകയാണ്. പുതിയ തീരുമാനപ്രകാരം യമഹ R-15 ബൈക്കിന് 5,000 രൂപയാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്. ഈ വര്‍ഷം യമഹ മോട്ടോര്‍ 70-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു പ്രഖ്യാപനം ബ്രാന്‍ഡിന്റെ ഭാഗത്ത് നിന്നുമുണ്ടാവുന്നത്. R15 S ഇപ്പോള്‍ വെറും 1.51 ലക്ഷത്തിന് ഇപ്പോള്‍ സ്വന്തമാക്കാം.
വിലക്കുറവിനെത്തുടര്‍ന്ന് സ്റ്റാന്‍ഡേര്‍ഡ് R15 V4 പതിപ്പിന് 1,66,200 രൂപയും ടോപ്പ് എന്‍ഡ് M വേരിയന്റിന് 1,81,100 രൂപയുമാണ് പുതുക്കിയ എക്‌സ്‌ഷോറൂം വില. ഈ വിലകള്‍ പരിമിതമായ കാലയളവിലേക്ക് മാത്രമാണ് ലഭ്യമാവുകയെന്നും യമഹ പ്രത്യേകം അറിയിച്ചിട്ടുണ്ട്. 155 സിസി സിംഗിള്‍-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ്, ഫ്യുവല്‍-ഇഞ്ചക്റ്റഡ് എഞ്ചിനാണ് R15 സ്‌പോര്‍ട്‌സ് മോട്ടോര്‍സൈക്കിളിന്റെ ഹൃദയം. 6 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 10,000 ആര്‍പിഎമ്മില്‍ 18.3 bhp പവറും 7,500 ആര്‍പിഎമ്മില്‍ 14.2 Nm ടോര്‍ക്ക് വരെ നിര്‍മിക്കാന്‍ ശേഷിയുള്ളതാണ്. ആര്‍പിഎം ശ്രേണിയിലുടനീളം പവര്‍ ഡെലിവറി ഒപ്റ്റിമൈസ് ചെയ്യുന്നതിനായി ജാപ്പനീസ് ബ്രാന്‍ഡിന്റെ വേരിയബിള്‍ വാല്‍വ് ആക്‌ച്വേഷന്‍ (VVA) സംവിധാനവും ബൈക്കില്‍ അവതരിപ്പിക്കുന്നുണ്ട്.
ഉയര്‍ന്ന നിലവാരമുള്ള ഡൈനാമിക് കഴിവുകള്‍ക്കായി ബ്രാന്‍ഡിന്റെ ഡെല്‍റ്റബോക്‌സ് ഫ്രെയിമും ഡയസില്‍ സിലിണ്ടറും R15 സീരീസിന്റെ പ്രത്യേകതയാണ്. അപ്സൈഡ്-ഡൌണ്‍ ഫോര്‍ക്കുകള്‍, ലിങ്ക്ഡ്-ടൈപ്പ് മോണോക്രോസ് സസ്പെന്‍ഷന്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച്, തിരഞ്ഞെടുത്ത വേരിയന്റുകളില്‍ ക്വിക്ക് ഷിഫ്റ്റര്‍ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളും യമഹ R15 ബേബി സൂപ്പര്‍ബൈക്കില്‍ ലഭ്യമാണ്. ബ്രേക്കിംഗിനായി ഡ്യുവല്‍-ചാനല്‍ എബിസ് സിസ്റ്റത്തിന്റെ സഹായത്തോടെ രണ്ട് അറ്റത്തും ഡിസ്‌ക് ബ്രേക്കുകളും യമഹയുടെ സ്‌പോര്‍ട്ടി ബൈക്കില്‍ ലഭ്യമാണ്. ഫുള്ളി ഫെയറിംഗ്, ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, സ്പ്ലിറ്റ് സീറ്റ്, സൈഡ്-സ്ലംഗ് എക്സ്ഹോസ്റ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് R15 ബൈക്കിലെ മറ്റ് ഹൈലൈറ്റുകള്‍. ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍, ട്രാക്ക്, സ്ട്രീറ്റ് മോഡ് എന്നിവയും R15-ല്‍ കൊടുത്തിട്ടുണ്ട്.