-->
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വോട്ട് കൊടുത്തിട്ടുണ്ടെന്നും തിരുവനന്തപുരം കോര്‍പ്പറേഷനിലും വോട്ട് നല്‍കിയെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ പി മുജീബ് റഹ്മാന്‍. ഇടതുപക്ഷം ഇല്ലാത്ത കേരളം ജമാ അത്തെ ഇസ്‌ളാമി ആഗ്രഹിക്കുന്നില്ലെന്നും ബിജെപിയെ തോല്‍പ്പിക്കാനാണ് അങ്ങനെ ചെയ്തതെന്നും പ്രതികരിച്ചു.
സംഘപരിവാര്‍ അധികാരത്തില്‍ വരാതിരിക്കേണ്ടത് ന്യൂനപക്ഷത്തിന്റെ മാത്രമല്ല രാജ്യത്തിന്റെയാകെ ആവശ്യമാണ്. നാളെ നയം തിരുത്തിയാല്‍ ഞങ്ങള്‍ സ്വീകരിക്കുമെന്നും എന്നാല്‍ അപകടകരമായ നീക്കമാണ് സിപിഐഎം ചെയ്യുന്നതെന്നും പറഞ്ഞു. ജമാഅത്തെ ഇസ്ലാമിയെ ടൂള്‍ ആക്കി ഇടതുപക്ഷം വര്‍ഗീയ രാഷ്ട്രീയം പറയുന്നു. നാദാപുരം കലാപത്തില്‍ സിപിഐഎം എന്താണ് ചെയ്തത്. എന്തിന് നിയമം കൈയിലെടുത്തു? ടി പി ചന്ദ്രശേഖരനെ കൊന്നശേഷം എന്തിന് വാഹനത്തില്‍ മാഷാ അള്ളാ എന്ന് എഴുതിച്ചേര്‍ത്തു.
ഇടതുപക്ഷം കൂടിയുള്ള കേരളമാണ് ആഗ്രഹിക്കുന്നത്. അധികാരത്തിന്റെ ആവര്‍ത്തനത്തിന് വേണ്ടി വര്‍ഗീയതയെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതില്‍ നിന്നും സിപിഐഎം പിന്മാറണമെന്നും ആവശ്യപ്പെട്ടു. 2011 വരെ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി ഇടപെട്ടിട്ടുള്ളൂ. 2016 ന് ശേഷം സ്വതന്ത്ര രാഷ്ട്രീയ പ്രസ്ഥാനമാണ്. അതിനുശേഷം തിരഞ്ഞെടുപ്പില്‍ ഇടപെടാറില്ല, ഇടപെട്ടിട്ടുമില്ല.
ബിജെപി പോലും മാറാട് രാഷ്ട്രീയ ആയുധമാക്കുന്നില്ല. എ കെ ബാലന്‍ അഭിനവ ഗീബല്‍സ് ആകരുത്. സിപിഐഎം ന്യൂനപക്ഷ വിരുദ്ധ പാര്‍ട്ടിയാണെന്ന് അഭിപ്രായമല്ല. പക്ഷെ ന്യൂനപക്ഷ വിരുദ്ധ നിലപാടാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. വെള്ളാപ്പള്ളിയെ പുറത്തും, എ കെ ബാലനെ അകത്തും നിര്‍ത്തി നടത്തുന്ന ഇത്തരം പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നും പറഞ്ഞു.
ബിജെപിക്ക് വിജയസാധ്യതയുള്ള നിയമസഭ മണ്ഡലങ്ങളില്‍ വിജയസാധ്യത ഉള്ള മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യും. മത രാഷ്ട്രം എന്ന ആശയം ഇതുവരെ ജമാഅത്തെ ഇസ്ലാമി ഉന്നയിച്ചിട്ടില്ല. ജനവിരുദ്ധവും സാമൂഹികവിരുദ്ധവുമായ നടപടികള്‍ ആരുടെ ഭാഗത്തുനിന്നും ഉണ്ടായാലും ഞങ്ങള്‍ പ്രതിരോധിക്കും. ഇന്ന് സിപിഎമ്മിനെ നമ്മള്‍ എതിര്‍ക്കുന്നു. നാളെ നയം തിരുത്തിയാല്‍ സ്വീകരിക്കുമെന്നും പറഞ്ഞു.