-->
ചെന്നൈ: ജവാഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന 75-ാമത് ദേശീയ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഉറപ്പിച്ച് കേരളം. തുടര്‍ച്ചയായ മൂന്നാം ജയത്തോടെയാണ് കേരളത്തിന്റെ നോക്കൗട്ട് പ്രവേശം. ഇന്ത്യന്‍ റെയില്‍വേ ഇരുവിഭാഗങ്ങളിലും ക്വാര്‍ട്ടര്‍ ഉറപ്പിച്ചപ്പോള്‍ പുരുഷവിഭാഗത്തില്‍ കര്‍ണാടകവും ക്വാര്‍ട്ടറില്‍ കടന്നു.
വനിതകളില്‍ ഗ്രൂപ്പ് ബിയില്‍ ഇന്നലെ പശ്‌ചിമ ബംഗാളിനെയാണ് കഴിഞ്ഞതവണത്തെ റണ്ണറപ്പുകളായ കേരളം കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍: 102-48. കേരളത്തിനുവേണ്ടി അനിഷ ക്ലീറ്റസ് (24), വി.ജെ. ജയലക്ഷ്‌മി (17) ആര്‍. ശ്രീകല (16) എന്നിവര്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു.
വനിതകളില്‍ നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേസ് തുടര്‍ച്ചയായ മൂന്നാം ജയം സ്വന്തമാക്കി. ഗ്രൂപ്പ് ഘട്ടത്തില്‍ മഹാരാഷ്‌ട്രയെയാണ് റെയില്‍വേ ഇന്നലെ വീഴ്‌ത്തിയത്. 66-43 എന്ന സ്‌കോറിനായിരുന്നു ജയം. ഗ്രൂപ്പ് എയില്‍ ഛത്തീസ്‌ഗഡിനെ 103-50 എന്ന സ്‌കോറിന് തോല്‍പ്പിച്ച് കര്‍ണാടക രണ്ടാം ജയം നേടി.
പുരുഷന്മാരില്‍ രാജസ്‌ഥാനെ മറികടന്ന് കര്‍ണാടക മൂന്നാം ജയം കരസ്‌ഥമാക്കി. 100-79 എന്ന സ്‌കോറിനായിരുന്നു കര്‍ണാടകയുടെ വിജയം. കഴിഞ്ഞദിവസം വൈകി നടന്ന പോരാട്ടത്തില്‍ രാജസ്‌ഥാന്‍ 68-101 ന് തമിഴ്‌നാടിനോടും പരാജയം രുചിച്ചിരുന്നു.