-->
മുംബൈ: പരുക്കില്‍നിന്നു മുക്‌തനായെന്നു പ്രഖ്യാപിച്ച് വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ക്യാപ്‌റ്റന്‍ ശ്രേയസ് അയ്യരുടെ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ കരുത്തരായ മുംബൈ വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍.
രാജസ്‌ഥാനെ വീഴ്‌ത്തി കര്‍ണാടകയും നോക്കൗട്ടിലെത്തി. എലൈറ്റ് ഗ്രൂപ്പ് സിയില്‍ ഹിമാചല്‍ പ്രദേശിനെ ഏഴു റണ്ണിനാണ് മുംബൈ തോല്‍പ്പിച്ചത്.
മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് 33 ഓവറായി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത മുംബൈ ഒന്‍പത് വിക്കറ്റിന് 299 റണ്ണടിച്ചു. ശ്രേയസ് അയ്യര്‍ 53 പന്തില്‍ മൂന്നു സിക്‌സും 10 ഫോറും ഉള്‍പ്പെടെ 82 റണ്ണടിച്ച് ടോപ്‌സ്കോററായി. മുഷീര്‍ ഖാന്‍ (73), സര്‍ഫറാസ് ഖാന്‍ (21), സൂര്യകുമാര്‍ യാദവ് (24), ശിവം ദുബെ (20), യശസ്വി ജയ്‌സ്വാള്‍ (15), സായ്രാജ് പാട്ടീല്‍ (25) എന്നിവരും തരക്കേടില്ലാതെ ബാറ്റ്‌വീശി.
പുഖ്‌റാജ് മാന്‍ (64), അങ്കുഷ് ബെയിന്‍സ് (53), മായങ്ക് ദാഗര്‍ (64), അമന്‍പ്രീത് സിങ് (42) എന്നിവരുടെ ബാറ്റിങ് ഹിമാചലിനെ മുംബൈയുടെ സ്‌കോറിന് അരികിലെത്തിച്ചു. ഗോവയ്‌ക്കെതിരായ മത്സരത്തില്‍ ആറു വിക്കറ്റിന് ജയിക്കാനായെങ്കിലും പഞ്ചാബ് നിരയില്‍ ഇന്ത്യന്‍ ടെസ്‌റ്റ്, ഏകദിന നായകന്‍ ശുഭ്‌മന്‍ ഗില്‍ 11 റണ്ണിനു പുറത്തായത് നിരാശപ്പെടുത്തി. മായങ്ക് അഗര്‍വാള്‍ (100), ദേവ്‌ദത്ത് പടിക്കല്‍(91), കെ.എല്‍. രാഹുല്‍ (25) തുടങ്ങിയവര്‍ തിളങ്ങിയ മറ്റൊരു മത്സരത്തില്‍ രാജസ്‌ഥാനെ 150 റണ്ണിന് കര്‍ണാടക തോല്‍പ്പിച്ചു.
റിങ്കു സിങ് 30 പന്തില്‍ 57 റണ്ണടിച്ച മത്സരത്തില്‍ വിദര്‍ഭയെ വീഴ്‌ത്തി ഉത്തര്‍ പ്രദേശും നോക്കൗട്ടിലെത്തി. നാലു വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് സിറാജിന്റെ പ്രകടനം ബംഗാളിനെ 107 റണ്ണിന് ഹൈദരാബാദ് തോല്‍പ്പിച്ചു. ഗ്രൂപ്പ് ഡിയില്‍ ഡല്‍ഹി ആറു വിക്കറ്റിന് റെയില്‍വേസിനെ മറികടന്നു. ക്യാപ്‌റ്റന്‍ ഋഷഭ് പന്ത് ഒന്‍പത് പന്തില്‍ 24 റണ്ണടിച്ചു.