-->
ഇന്‍ഡോര്‍: അണ്ടര്‍-15 വനിതാ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന് ആദ്യ തോല്‍വി. ഛത്തീസ്‌ഗഡ് ആറു വിക്കറ്റിനു തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്‌ത കേരളം 35 ഓവറില്‍ ആറ് വിക്കറ്റിന് 113 റണ്‍സെടുത്തു. മറുപടി പറഞ്ഞ ഛത്തീസ്‌ഗഡ് 21.4 ഓവറില്‍ നാലു വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്‌കോര്‍
കേരളം: 35 ഓവറില്‍ ആറിന് 113. ഛത്തീസ്‌ഗഡ്: 21.4 ഓവറില്‍ നാലിന് 116.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കേരളത്തിന് വേണ്ടി ക്യാപ്‌റ്റന്‍ ഇവാന ഷാനിയും ലെക്ഷിദ ജയനും മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്‌ചവച്ചത്. ഇവാനയും വൈഗ അഖിലേഷും ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടില്‍ 21 റണ്‍സ് പിറന്നു. എന്നാല്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടത് കേരളത്തിന് തിരിച്ചടിയായി. വൈഗ 11 റണ്ണും ആര്യനന്ദയും ജൊഹീന ജിക്കുപാലും രണ്ട് റണ്‍സ് വീതവും നേടി മടങ്ങി.
പിന്നീട് ഇവാനയും ലെക്ഷിദയും ചേര്‍ന്ന് 56 പന്തില്‍ നേടിയ 54 റണ്‍ കേരളത്തെ വന്‍തകര്‍ച്ചയില്‍നിന്നു കരകയറ്റി. സ്‌കോര്‍ 83-ല്‍ നില്‍ക്കെ 38 റണ്ണെടുത്ത ഇവാന റണ്ണൗട്ടായി. തൊട്ടുപിറകെ 26 റണ്‍സെടുത്ത ലെക്ഷിദയും രണ്ട് റണ്ണെടുത്ത ജുവല്‍ ജീന്‍ ജോണും പുറത്തായി. ശിവാനി സുരേഷ് 10 റണ്ണും എം. ശിവാനി 13 റണ്ണുമായും പുറത്താകാതെ നിന്നു. ഛത്തീസ്‌ഗഡിനുവേണ്ടി പലക് സിങ് രണ്ട് വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഛത്തീസ്‌ഗഡിന് ഓപ്പണര്‍ കൂടിയായ ക്യാപ്‌റ്റന്‍ യതി ശര്‍മയുടെ തകര്‍പ്പന്‍ ഇന്നിങ്‌സ് അനായാസ വിജയം സമ്മാനിച്ചു. യതിയും ഗീത് ദഹരിയയുമായി ചേര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടില്‍ 68 റണ്‍സ് പിറന്നതോടെ കേരളത്തിനു ജയപ്രതീക്ഷ നഷ്‌ടമാക്കി. 21 റണ്‍സെടുത്ത് ഗീതിന് പിറകെ രണ്ട് വിക്കറ്റുകള്‍ കൂടി തുടരെ നഷ്‌ടമായെങ്കിലും പുറത്താകാതെനിന്ന യതി ശര്‍മ (60 പന്തില്‍ 13 ബൗണ്ടറികളടക്കം 78) 22-ാം ഓവറില്‍ ടീമിനെ വിജയത്തിലെത്തിച്ചു.
കേരളത്തിന് വേണ്ടി ആര്യനന്ദ രണ്ടും ആദ്യ ജിനു, ലെക്ഷിദ ജയന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.