Thursday, March 12, 2026 Last Updated 3 Min 25 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.26 PM

ഇ.പി.എഫ്‌. ശമ്പളപരിധി പരിഷ്‌കരണം നാലുമാസത്തിനകം തീരുമാനിക്കണം

ന്യൂഡല്‍ഹി: എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ (ഇ.പി.എഫ്‌) പദ്ധതിയില്‍ ചേരാനുള്ള 15,000 രൂപ അടിസ്‌ഥാനശമ്പളപരിധി പരിഷ്‌കരിക്കുന്ന കാര്യത്തില്‍ നാലുമാസത്തിനകം തീരുമാനമെടുക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട്‌ സുപ്രീം കോടതി.
പ്രതിമാസം 15,000 രൂപയില്‍ കൂടുതല്‍ അടിസ്‌ഥാനശമ്പളമുള്ള ആരെയും എംപ്ലോയീസ്‌ പ്രോവിഡന്റ്‌ ഫണ്ട്‌ ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്‌.ഒ) പരിരക്ഷയില്‍നിന്ന്‌ ഒഴിവാക്കുകയാണെന്നു ചൂണ്ടിക്കാട്ടി സാമൂഹികപ്രവര്‍ത്തകന്‍ നവീന്‍ പ്രകാശ്‌ നൗതിയാല്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ജസ്‌റ്റിസുമാരായ ജെ.കെ. മഹേശ്വരി, എ.എസ്‌. ചന്ദുര്‍ക്കര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്‌. വ്യക്‌തമായ കാലപരിധിയോ സാമ്പത്തികസൂചകങ്ങളോ കണക്കിലെടുക്കാതെ ശമ്പളപരിധി അസ്‌ഥിരമായി പുതുക്കുകയാണെന്നു ഹര്‍ജിക്കാരന്റെ അഭിഭാഷകരായ പ്രണവ്‌ സച്‌ദേവയും നേഹാ റാത്തിയും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ മാനദണ്ഡങ്ങള്‍ രൂപീകരിച്ച്‌ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരും ഇ.പി.എഫ്‌.ഒയും തയാറാകണം. ചിലപ്പോള്‍ 13-14 വര്‍ഷം കൂടുമ്പോഴാണ്‌ ശമ്പളപരിധി പുനര്‍നിര്‍ണയിക്കുന്നത്‌. ഇക്കാര്യത്തില്‍ വിലക്കയറ്റം, കുറഞ്ഞവേതനം, പ്രതിശീര്‍ഷവരുമാനം, ഉപഭോക്‌തൃ വിലസൂചിക തുടങ്ങിയ സാമ്പത്തികസൂചകങ്ങള്‍ കണക്കിലെടുക്കുന്നില്ല. ഇത്‌ വലിയൊരു വിഭാഗം തൊഴിലാളികള്‍ക്ക്‌ സാമൂഹികനീതി നിഷേധിക്കപ്പെടാന്‍ ഇടയാക്കുന്നു. നിശ്‌ചിതപരിധിയില്‍ കൂടുതല്‍ സമ്പാദിക്കുന്ന ജീവനക്കാരുടെ വരുമാനനിരക്ക്‌ സാമൂഹികസുരക്ഷാപരിരക്ഷയ്‌ക്ക് അര്‍ഹമാണെങ്കിലും അവര്‍ പദ്ധതിയില്‍നിന്ന്‌ പുറത്താക്കപ്പെടുന്നു. ഇത്‌ സാമ്പത്തികയാഥാര്‍ത്ഥ്യങ്ങള്‍ക്കു നിരക്കുന്നതല്ലെന്നു ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
വിഷയത്തില്‍ രണ്ടാഴ്‌ചയ്‌ക്കകം വിശദമായ നിവേദനം കേന്ദ്രസര്‍ക്കാരിനു നല്‍കാന്‍ കോടതി ഹര്‍ജിക്കാരനോട്‌ നിര്‍ദേശിച്ചു. കേന്ദ്രം അത്‌ വിലയിരുത്തി നാലുമാസത്തിനകം തീരുമാനമെടുക്കണം. അടിസ്‌ഥാനശമ്പളം 15,000 രൂപവരെയുള്ളവരാണ്‌ നിലവില്‍ ഇ.പി.എഫില്‍ വിഹിതമടയ്‌ക്കേണ്ടത്‌.
2014 സെപ്‌റ്റംബര്‍ ഒന്നിനുശേഷം പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക്‌ ഈ പരിധി കഴിഞ്ഞാല്‍ വിഹിതമടയ്‌ക്കുന്നത്‌ നിര്‍ബന്ധിതമല്ല.

Ads by Google
Tuesday 06 Jan 2026 11.26 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW