-->
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ എസ്.ഐ.ആര്‍. കരടുപട്ടിക പുറത്തുവിട്ടപ്പോള്‍ 2.89 കോടി വോട്ടര്‍മാര്‍ വോട്ടര്‍ പട്ടികയില്‍നിന്നു പുറത്ത്. ഇതില്‍ 46.23 ലക്ഷം പേര്‍ മരിച്ചവരാണെന്നു തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
2.17 കോടി പേര്‍ സ്‌ഥലം മാറിയവരാണ്. 25.47 ലക്ഷം പേര്‍ ഒന്നിലധികം സ്‌ഥലങ്ങളില്‍ പട്ടികയില്‍ പേരുള്ളവര്‍. അന്തിമ പട്ടിക മാര്‍ച്ച് 6-ന് പ്രസിദ്ധീകരിക്കും. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സംസ്‌ഥാനത്ത് വന്‍തോതില്‍ വോട്ടര്‍മാരെ ഒഴിവാക്കുന്നു എന്ന പരാതികള്‍ക്കിടെ മൂന്നു തവണ എസ്.ഐ.ആര്‍. സമയപരിധി നീട്ടിയിരുന്നു.
2025 ഒക്‌ടോബര്‍ 27-ന് യു.പിയില്‍ എസ്.ഐ.ആര്‍. പ്രഖ്യാപിക്കുമ്പോള്‍ സംസ്‌ഥാനത്ത് 15.44 കോടി വോട്ടര്‍മാരുണ്ടായിരുന്നു. എല്ലാവര്‍ക്കും എന്യൂമറേഷന്‍ ഫോമുകള്‍ നല്‍കിയപ്പോള്‍ 81.03 % വോട്ടര്‍മാരുടെ ഫോമുകളാണു തിരികെലഭിച്ചത്. ഏകദേശം 18.7 ശതമാനം വോട്ടര്‍മാരുടെ ഫോമുകള്‍ ലഭിച്ചില്ല. ഇതനുസരിച്ച് 2.89 കോടി പേരുകള്‍ കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഉത്തര്‍പ്രദേശിന്റെ തലസ്‌ഥാനമായ ലഖ്‌നൗവിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ ഒഴിവായത്. എസ്.ഐ.ആര്‍. പ്രഖ്യാപിച്ചപ്പോള്‍, ലഖ്‌നൗവില്‍ 39.9 ലക്ഷം വോട്ടര്‍മാരുണ്ടായിരുന്നു. അത് 27.9 ലക്ഷമായി കുറഞ്ഞു. 30 ശതമാനം കുറവ്.