-->
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അജു വര്‍ഗീസ്. കരിയറിന്റെ ആദ്യ ഘട്ടത്തില്‍ കോമഡി റോളുകളിലൂടെയാണ് താരം തിളങ്ങിയതെങ്കില്‍ പിന്നീട് ക്യാരക്ടര്‍ റോളുകളിലൂടെ അജു തന്റെയുള്ളിലെ അഭിനേതാവിനെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചു. വില്ലന്‍ കഥാപാത്രങ്ങളുള്‍പ്പടെ ചെയ്ത് അജു കൈയടി നേടി. മലയാളസിനിമയുടെ ഒരു അവിഭാജ്യഘടകമാണ് അജു വര്‍ഗീസ് എന്ന അഭിനേതാവ്.
അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘സര്‍വ്വം മായ’ എന്ന ചിത്രത്തിലൂടെ തിളങ്ങി നില്‍ക്കുന്ന അജു മികച്ച തമിഴ് ചിത്രങ്ങളുടെ ഭാഗമാകുകയാണ്. സംഗീതമാന്ത്രികന്‍ എ. ആര്‍. റഹ്മാന്‍ തന്റെ അഭിനയജീവിതത്തിന് തുടക്കം കുറിക്കുന്ന ‘മൂണ്‍വാക്ക്’ എന്ന ചിത്രത്തില്‍ അജുവുമുണ്ട്.
ഇപ്പോഴിതാ എ ആര്‍ റഹ്മാന്റെ ജന്മദിനത്തില്‍ ഹൃദയഹാരിയായ ആശംസ പങ്കിടുകയാണ് അജു വര്‍ഗീസ്. സംഗീതത്തെ സ്നേഹിക്കുന്ന തന്റെ മകള്‍ക്കൊപ്പമുള്ള എ ആര്‍ റഹ്മാന്റെ ചിത്രത്തിനൊപ്പമാണ് അജുവിന്റെ കുറിപ്പ്. ‘‘വേഷം മാറിയ ദൈവം.... എന്റെ മകൾക്ക് മനോഹരമായ ഒരു അനുഗ്രഹം... പാടാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി, അവളെ പാടാൻ നിരുത്സാഹപ്പെടുത്തി ഞാൻ ചെയ്ത തെറ്റ് തിരുത്താൻ എനിക്ക് ലഭിച്ച അവസരം. നിങ്ങളുടെ ഒരു വലിയ ആരാധകനായ എനിക്ക് ഇതിൽ കൂടുതൽ ഒന്നും ചോദിക്കാനില്ല...
ജന്മദിനാശംസകൾ സർ...’’ എന്നാണ് അജു കുറിച്ചിരിക്കുന്നത്.
മനോജ് എന്‍.എസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘മൂണ്‍വാക്ക്’ എന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ നൃത്തരാജാവ് പ്രഭുദേവയാണ് നായകനാകുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ പരന്ദു പി.ഒ യിലൂടെ തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ച അജു വര്‍ഗീസിന്റെ കരിയറിലെ രണ്ടാമത്തെ തമിഴ് ചിത്രമാണ് മൂണ്‍വാക്ക്. പ്രഭുദേവയുടെ നൃത്തചുവടുകളും എ.ആര്‍ റഹ്‌മാന്റെ സംഗീത വിരുന്നുമായി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നിരുന്നു.