-->
മികച്ച മൈലേജ്, കുറഞ്ഞ പരിപാലനച്ചെലവ്, വിശ്വസനീയമായ പ്രകടനം എന്നിവയൊക്കെ കൊണ്ട് ശ്രദ്ധേയമായ മോട്ടോര്‍സൈക്കിളാണ് ടി.വി.എസ് സ്‌പോര്‍ട്ട്. 109.7 സി.സി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനുമായാണ് ടി.വി.എസ് സ്‌പോര്‍ട്ട് വിപണിയിലെത്തുന്നത്. ടി.വി.എസ് സ്‌പോര്‍ട്ടിന്റെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വില 55,500 രൂപയിലാണ് ആരംഭിക്കുന്നത്. ഇ.എസ്, ഇ.എസ് അലോയ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമായ ടി.വി.എസ് സ്‌പോര്‍ട്ടിന്റെ ഓണ്‍-റോഡ് വില ഏകദേശം 60,000നും 65,000-നും ഇടയിലാണ്.
നിലവില്‍, 109.7 സി.സി സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് ബി.എസ്6 കംപ്ലയിന്റ് എന്‍ജിനാണ് ടി.വി.എസ് സ്‌പോര്‍ട്ടിലുള്ളത്. ഇത് 8.18 bhp പവറും 8.7 nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇ.ടി.എഫ്.ഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാല്‍ ഇത് സുഗമമായ പ്രകടനം കാഴ്ചവയ്ക്കുന്നു. പ്രത്യേകിച്ച് തിരക്കേറിയ നഗരങ്ങളിലെ സ്റ്റോപ്പ് ആന്‍ഡ് ഗോ ട്രാഫിക്കില്‍ ഇത് വളരെ പ്രയോജനകരമാണ്. 5-സ്പീഡ് ഗിയര്‍ബോക്‌സുള്ള ഈ ബൈക്കിന് മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. എ.ആര്‍.എ.ഐ സാക്ഷ്യപ്പെടുത്തിയ 80 കി.മി/ലിറ്റര്‍ മൈലേജ് ആണ് ടി.വി.എസ് സ്‌പോര്‍ട്ടിനുള്ളത്. യഥാര്‍ത്ഥ സാഹചര്യങ്ങളില്‍ ഇത് ഏകദേശം 70 കി.മി/ലിറ്റര്‍ വരെ ലഭിക്കുന്നു. 10 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് നിറച്ചാല്‍ 700-800 കിലോമീറ്റര്‍ വരെ ദൂരം താണ്ടാന്‍ സാധിക്കും.
ഇ.ടി.എഫ്.ഐ സാങ്കേതികവിദ്യയയിലൂടെ 15 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത ലഭിക്കുന്നത് കൊണ്ട് തന്നെ, അതിന്റെ വിഭാഗത്തില്‍ ടി.വി.എസ് സ്‌പോര്‍ട്ടിനെ ഒന്നാം സ്ഥാനത്തെത്തിക്കുന്നു. 112 കിലോ ഭാരമുള്ള ലൈറ്റ് വെയിറ്റ് ബോഡിയുള്ളതിനാല്‍ നഗരങ്ങളില്‍ എളുപ്പത്തില്‍ ഓടിക്കാനും പാര്‍ക്ക് ചെയ്യാനും ലെയിന്‍ മാറാനും സാധിക്കുന്നു. സുരക്ഷയ്ക്കായി മുന്നിലും പിന്നിലും സി.ബി.എസ് സംവിധാനമുള്ള ഡ്രം ബ്രേക്കുകളുണ്ട്. എല്‍.ഇ.ഡി ഹെഡ്ലാമ്പും ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും മോഡേണ്‍ലുക്ക് നല്‍കുന്നു. മെര്‍ക്കുറി ഗ്രേ, ബ്ലാക്ക് ബ്ലൂ തുടങ്ങിയ ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളിലും ഈ ബൈക്ക് ലഭ്യമാണ്. ഭാരം കുറഞ്ഞ രൂപകല്‍പ്പന, സൗകര്യപ്രദമായ സീറ്റ്, കരുത്തുറ്റ സസ്‌പെന്‍ഷന്‍, ലളിതമായ ഡിസൈന്‍ എന്നിവ ടി.വി.എസ് സ്‌പോര്‍ട്ടിനെ ആകര്‍ഷകമാക്കുന്നു.