-->
ടാറ്റ മോട്ടോര്‍സിന്റെ ജനപ്രിയ മൈക്രോ എസ്യുവിയായ പഞ്ച് പുതിയ രൂപത്തില്‍ വിപണിയിലെത്താന്‍ പോകുകയാണ്. കമ്പനി കഴിഞ്ഞ ദിവസം പഞ്ച് ഫെയ്സ്ലിഫ്റ്റിന്റെ ടീസര്‍ പുറത്തു വിട്ടിരുന്നു. 2026 ജനുവരി 13-ന് വാഹനത്തിന്റെ ഔദ്യോഗിക അവതരണം നടക്കുമെന്നാണ് കമ്പനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ടീസറില്‍ അറിയിച്ചിരിക്കുന്നത്. 2021-ല്‍ പുറത്തിറങ്ങിയ പഞ്ച് ഐസിഇ പതിപ്പ് ഇതാദ്യമായാണ് അപ്‌ഡേറ്റിന് വിധേയമാകുന്നത്.
ഔട്ട്‌ഗോയിംഗ് മോഡലിനേക്കാള്‍ കൂടുതല്‍ കരുത്തുറ്റതും അത്യാധുനികവുമായ രൂപഭംഗിയാണ് പുത്തന്‍ പഞ്ചിന് ടാറ്റ നല്‍കിയിരിക്കുന്നത്. ബ്ലാക്ക് ക്ലാഡിംഗും സില്‍വര്‍ ഫിനിഷും ചേരുന്ന പുത്തന്‍ ഫ്രണ്ട് ബമ്പറാണ് മുന്‍വശത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. ബമ്പറിന്റെ മുകള്‍ഭാഗത്ത് രണ്ട് എയര്‍ ഇന്‍ടേക്ക് സ്ലിറ്റുകളും താഴെയായി എയര്‍ കര്‍ട്ടനുകളും നല്‍കി വലിയ എസ്യുവികളുടെ അതേ പരിവേഷം പഞ്ചിന് നല്‍കാന്‍ വേണ്ടി ടാറ്റ ഡിസൈനര്‍മാര്‍ ശ്രമിച്ചിട്ടുണ്ട്. മുന്‍വശത്തെ ക്യാമറയുടെ സാന്നിധ്യമാണ് പുതിയ ടീസറില്‍ ദൃശ്യമായ മറ്റൊരു ശ്രദ്ധേയ മാറ്റം. വശങ്ങളിലെ മിററുകള്‍ക്ക് (ORVM) താഴെയുള്ള ക്യാമറ സംവിധാനങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍, പഞ്ചിന്റെ ഉയര്‍ന്ന വേരിയന്റുകള്‍ക്ക് 360 ഡിഗ്രി ക്യാമറ ലഭിക്കുമെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ബജറ്റ് വിലയില്‍ വരുന്ന കാറില്‍ 360 ഡിഗ്രി ക്യാമറ പോലുള്ള ഫീച്ചര്‍ ചേര്‍ക്കുന്നത് എസ്യുവി വിഭാഗത്തില്‍ പഞ്ചിനെ കൂടുതല്‍ ആകര്‍ഷകമാക്കും.
പഞ്ചില്‍ ആദ്യമായി കരുത്തുറ്റ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനൊപ്പം എത്തുന്ന ഈ എഞ്ചിന്‍ വാഹനത്തിന്റെ പെര്‍ഫോമന്‍സ് ഗണ്യമായി മെച്ചപ്പെടുത്തും. നിലവില്‍ 5.50 ലക്ഷം മുതല്‍ 9.30 ലക്ഷം രൂപ വരെയാണ് പഞ്ചിന്റെ എക്‌സ്‌ഷോറൂം വില. അപ്‌ഡേറ്റുകളുടെ ഫലമായി ഫെയ്സ്ലിഫ്റ്റ് മോഡലിന് അല്‍പ്പം വില കൂടാന്‍ സാധ്യതയുണ്ട്. പുതിയ പഞ്ച് ഫെയ്സ്ലിഫ്റ്റിന്റെ പ്രാരംഭ വില ഏകദേശം ആറ് ലക്ഷം രൂപയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉയര്‍ന്ന മോഡലുകള്‍ക്ക് 9.50 ലക്ഷം രൂപ വരെ എക്‌സ്-ഷോറൂം വില വരാം.