-->
കൊച്ചി: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ സ്വര്‍ണ്ണം കണ്ടെത്താന്‍ കഴിയാതെ എസ്‌ഐടി. അടുത്ത ഇടക്കാല റിപ്പോര്‍ട്ടിന് മുമ്പായി നഷ്ടമായ സ്വര്‍ണ്ണം വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് എസ്‌ഐടി. കേസിലെ പ്രതി ഗോവര്‍ധന്റെ ഫ്‌ലാറ്റില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണ്ണം ശബരിമലയിലെതാണോ എന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
ഇത് ശബരിമലയിലെ തത്തുല്യമായ സ്വര്‍ണം ആണെന്നാണ് ഗോവര്‍ദ്ധന്റെ മൊഴി. ഇതിന്റെ ഫലം ഈ മാസം എട്ടാം തീയതി ലഭിക്കും. ഈ ഫലം കേസില്‍ ഏറെ നിര്‍ണ്ണായകമാകുമെന്നാണ് വിലയിരുത്തല്‍. കേസില്‍ 10 പ്രതികളെ പിടികൂടിയിട്ടുണ്ടെങ്കിലും സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ ആയി എന്ന് എസ്‌ഐടിക്ക് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മാസം 19ന് വീണ്ടും പരിഗണിക്കുമ്പോള്‍ എസ്‌ഐടി നാലാമത്തെ ഇടക്കാല റിപ്പോര്‍ട്ട് നല്‍കും.
അന്വേഷണത്തിന് കൂടുതല്‍ സമയം നീട്ടി നല്‍കിയെങ്കിലും സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ കെ പി ശങ്കരദാസിനെതിരെയുള്ള അന്വേഷണവും കൂടുതല്‍ ശക്തമാകാനാണ് സാധ്യത. ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് നേരത്തെ ശങ്കരദാസിന്റെ അറസ്റ്റ് വൈകിപ്പിച്ചിരുന്നു എന്ന ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ശങ്കര്‍ദാസ് അതീവ ഗുരുതരാവസ്ഥിലാണെന്നാണ് സൂചനകള്‍.