Saturday, March 14, 2026 Last Updated 4 Min 25 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.36 PM

കാമറൂണ്‍ ക്വാര്‍ട്ടറില്‍

റാബാത്‌: ആഫ്രിക്ക കപ്പ്‌ ഓഫ്‌ നേഷന്‍സില്‍ കാമറൂണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മൊറോക്കോയിലെ അല്‍ ബാറിദ്‌ സ്‌റ്റേഡിയത്തില്‍ നടന്ന പ്രീ ക്വാര്‍ട്ടറില്‍ കാമറൂണ്‍ 2-1 ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചു.
ജൂനിയര്‍ ടിചാമെദു, ക്രിസ്‌റ്റ്യന്‍ കോഫാനെ എന്നിവരാണു കാമറൂണിനായി ഗോളടിച്ചത്‌. ദക്ഷിണാഫ്രിയ്‌ക്കായി എവിഡെന്‍സ്‌ എമാഗോപയാണു ഗോളടിച്ചത്‌. ടാന്‍സാനിയയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച്‌ മൊറോക്കോയും ക്വാര്‍ട്ടറിലെത്തി. ബ്രാഹിം ഡിയാസാണ്‌ ഗോളടിച്ചത്‌. ബ്രാഹിമിന്റെ മൊറോക്കോയ്‌ക്കായുള്ള നാലാമത്തെ ഗോളാണിത്‌. പന്തടക്കത്തില്‍ മൊറോക്കോയിരുന്നു മുന്നിലെങ്കിലും അവസരങ്ങള്‍ സൃഷ്‌ടിക്കുന്നതില്‍ ടാന്‍സാനിയായിരുന്നു മുന്നില്‍. 64-ാം മിനിറ്റിലായിരുന്നു ഡിയാസിന്റെ ഗോള്‍.
അഷ്‌റാഫ്‌ ഹാകിമി എത്തിച്ചു നല്‍കിയ പന്തിനെ ഡിയാസ്‌ ഗോളാക്കി. ആഫ്രിക്ക കപ്പ്‌ ഓഫ്‌ നേഷന്‍സില്‍ അഞ്ചുവട്ടം ജേതാക്കളായവരാണു കാമറൂണ്‍. കളിയുടെ 34-ാം മിനിറ്റില്‍ ജൂനിയര്‍ ടിചാമെദു ആദ്യ ഗോളടിച്ചു. കാര്‍ലോസ്‌ ബാലെബയുടെ ഗോള്‍ പോസ്‌റ്റിലേക്കുള്ള ഷോട്ടിനെ ദക്ഷിണാഫ്രിക്ക കോര്‍ണര്‍ വഴങ്ങി ക്ലിയര്‍ ചെയ്‌തു. ബാലെബയുടെ കോര്‍ണര്‍ പ്രതിരോധ താരത്തിന്റെ ദേഹത്തു തട്ടി റീബൗണ്ടായി. തക്കം പാര്‍ത്തുനിന്ന ടിചാമെദു പന്ത്‌ വലയിലാക്കി. രണ്ടാം പകുതി തുടങ്ങി വൈകാതെ 19 വയസുകാരന്‍ സ്‌ട്രൈക്കര്‍ കോഫാനെ ഹെഡറിലൂടെ ലീഡ്‌ ഇരട്ടിയാക്കി. താരത്തിന്റെ തുടര്‍ച്ചയായ രണ്ടാം ഗോളാണിത്‌.
ദക്ഷിണാഫ്രിക്കന്‍ ആക്രമണങ്ങളുടെ മുനയൊടിക്കാന്‍ കാമറൂണ്‍ ഗോള്‍ കീപ്പര്‍ ഡേവിസ്‌ എംപാസിക്കായി. കളി തീരാന്‍ രണ്ട്‌ മിനിറ്റ്‌ ശേഷിക്കേ നടത്തിയ പ്രത്യാക്രമണത്തിലാണു ദക്ഷിണാഫ്രിക്ക ഒരു ഗോള്‍ മടക്കിയത്‌. കാമറൂണിന്റെ മൂന്നാം ഗോളിനുള്ള ശ്രമം ദക്ഷിണാഫ്രിക്കന്‍ ഗോള്‍ കീപ്പര്‍ ആര്‍തര്‍ അവോം വിഫലവുമാക്കി. ക്വാര്‍ട്ടറില്‍ കാമറൂണും മൊറോക്കോയും തമ്മിലാണു പോരാട്ടം. ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാലിയും സെനഗലും തമ്മില്‍ ഏറ്റുമുട്ടും. സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍ സുഡാനെ 3-1 നു തോല്‍പ്പിച്ചു. ടുണീഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (3-2) മറികടന്നാണു മാലി ക്വാര്‍ട്ടറിലെത്തിയത്‌.

Ads by Google
Monday 05 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW