Saturday, March 14, 2026 Last Updated 51 Min 13 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 05 Jan 2026 11.35 PM

കേരള സര്‍വകലാശാലയില്‍ രൂപ ഡോളറായി; പ്രഭാഷണത്തിന് പ്രതിഫലം 20,000 രൂപ, നല്‍കിയത് 20,000 ഡോളര്‍! 17 ലക്ഷം ആവിയായി, തട്ടിപ്പ്‌ 3വര്‍ഷം മൂടിവച്ചു

പഠനകേന്ദ്രത്തിന്‌ അനുവദിച്ച ഫണ്ടില്‍നിന്നു ഭീമമായ തുക യു.എസ്‌. പൗരനായ കണ്‍സള്‍ട്ടന്റിനു കൈമാറിയെന്നാണ്‌ കണ്ടെത്തല്‍. പ്രഭാഷകനു നല്‍കേണ്ട തുക കണ്‍സള്‍ട്ടന്റിനു കൈമാറിയതിലും ദുരൂഹത ആരോപിക്കപ്പെടുന്നു.
uploads/news/2026/01/819249/k1.jpg

തിരുവനന്തപുരം: ശബരിമലയില്‍ സ്വര്‍ണം ചെമ്പായതിനു സമാനമായി, 20,000 രൂപയ്‌ക്കു പകരം 20,000 ഡോളര്‍ വിദേശ ബാങ്കിനു കൈമാറിയ തട്ടിപ്പ്‌ മൂന്നുവര്‍ഷമായി മൂടിവച്ച്‌ കേരള സര്‍വകലാശാല! ഗവേഷണബിരുദമോ ഗവേഷണപ്രസിദ്ധീകരണങ്ങളില്‍ പ്രബന്ധങ്ങളോ ഇല്ലാത്ത വിദേശമാധ്യമപ്രവര്‍ത്തകന്‌ കേരള സര്‍കലാശാല ലാറ്റിന്‍ അമേരിക്കന്‍ പഠനകേന്ദ്രത്തില്‍ ഓണ്‍ലൈന്‍ പ്രഭാഷണം നടത്തിയതിനു പ്രതിഫലമായി നിശ്‌ചയിച്ചിരുന്നത്‌ 20,000 രൂപയാണ്‌. എന്നാല്‍, നല്‍കിയതാകട്ടെ ഏകദേശം 17 ലക്ഷം രൂപയ്‌ക്കു തുല്യമായ 20,000 ഡോളറും.

പ്രഭാഷകനു നല്‍കാന്‍ യു.എസ്‌. ബാങ്ക്‌ വഴി ബ്രസീലിലെ കണ്‍സള്‍ട്ടന്റിനാണ്‌ തുക കൈമാറിയത്‌. സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ്‌ പ്രഫസര്‍ ഡോ. ആര്‍. ഗിരീഷ്‌കുമാറാണ്‌ ലാറ്റിന്‍ അമേരിക്കന്‍ പഠനകേന്ദ്രം ഡയറക്‌ടര്‍. പഠനകേന്ദ്രത്തിന്‌ അനുവദിച്ച ഫണ്ടില്‍നിന്നു ഭീമമായ തുക യു.എസ്‌. പൗരനായ കണ്‍സള്‍ട്ടന്റിനു കൈമാറിയെന്നാണ്‌ കണ്ടെത്തല്‍. പ്രഭാഷകനു നല്‍കേണ്ട തുക കണ്‍സള്‍ട്ടന്റിനു കൈമാറിയതിലും ദുരൂഹത ആരോപിക്കപ്പെടുന്നു.

സര്‍വകലാശാലയ്‌ക്ക്‌ അക്കൗണ്ടുള്ള എസ്‌.ബി.ഐ. കാര്യവട്ടം ശാഖയുടെ മാനേജര്‍, ടെക്‌നോപാര്‍ക്കിലെ തേജസ്വിനി ശാഖ മുഖേനയാണ്‌ ബാങ്ക്‌ ഓഫ്‌ അമേരിക്ക വഴി കണ്‍സള്‍ട്ടന്റിന്‌ 20,000 ഡോളര്‍ കൈമാറിയത്‌. ഇക്കാര്യം ഡയറക്‌ടര്‍ ഗിരീഷ്‌കുമാര്‍ സര്‍കലാശാലയെ യഥാസമയം അറിയിച്ചില്ല. സാംസ്‌കാരിക വിനിമയപദ്ധതി പ്രകാരം ബ്രസീല്‍ സന്ദര്‍ശിക്കവേ, കണ്‍സള്‍ട്ടന്റിനെ നേരില്‍ക്കണ്ട്‌ തുക തിരിച്ചടപ്പിച്ചെന്ന്‌ ഗിരീഷ്‌കുമാര്‍ അവകാശപ്പെടുന്നു. എന്നാല്‍, രണ്ടുവര്‍ഷം കഴിഞ്ഞിട്ടും തുക സര്‍കലാശാല ഫണ്ടില്‍ എത്തിയിട്ടില്ല. പ്രഭാഷകനു നല്‍കേണ്ട 20,000 രൂപ നേരിട്ട്‌ കൈമാറിയതായും സര്‍വകലാശാലയെ അറിയിച്ചു. ബാങ്കിങ്‌ ഓംബുഡ്‌സ്‌മാന്‌ നേരിട്ട്‌ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നാണ്‌ ഡയറക്‌ടര്‍ സര്‍വകലാശാലയെ അറിയിച്ചത്‌.

സംഭവം അന്വേഷണിച്ച സിന്‍ഡിക്കേറ്റ്‌ അംഗങ്ങളായ മുരളീധരന്‍ പിള്ള, ജെ.എസ്‌. ഷിജുഖാന്‍, ഡോ: എസ്‌. നസീബ്‌ എന്നിവരുള്‍പ്പെട്ട ഉപസമിതി റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ സര്‍കലാശാല നേരിട്ട്‌ തുടരന്വേഷണം നടത്താനും ഗിരീഷ്‌കുമാറിനെ മേല്‍നടപടികളില്‍നിന്ന്‌ ഒഴിവാക്കാനും ശിപാര്‍ശ ചെയ്‌തു. എന്നാല്‍, ഉപസമിതി ശിപാര്‍ശ വൈസ്‌ ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തള്ളി. ഉത്തരവാദികളെ കണ്ടെത്തി തുക ഈടാക്കാന്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നു വി.സി. വ്യക്‌തമാക്കി.

പൊളിറ്റിക്കല്‍ സയന്‍സ്‌ വിഭാഗത്തില്‍ പ്രഫസറായി നേരിട്ട്‌ നിയമനം ലഭിച്ച ഡോ. ഗിരീഷ്‌കുമാര്‍ മുന്‍ സിന്‍ഡിക്കേറ്റ്‌ അംഗവുമാണ്‌. സംവരണനിയമം അവഗണിച്ച്‌ 2020-ല്‍ നടത്തിയ 58 അധ്യാപകനിയമനങ്ങള്‍ ചോദ്യംചെയ്‌തുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്‌. അതില്‍ ഉള്‍പ്പെട്ടയാളാണ്‌ ഗിരീഷ്‌കുമാര്‍. കേരള സര്‍വകലാശാല ലാറ്റിന്‍ അമേരിക്കന്‍ പഠനകേന്ദ്രത്തിന്‌ രണ്ടുകോടി രൂപ പ്രത്യേകപദ്ധതി ഗ്രാന്റായി 2022-23 സംസ്‌ഥാനബജറ്റില്‍ വകയിരുത്തിയിരുന്നു. കേരള സര്‍കലാശാലയില്‍ നടന്ന ഡോളര്‍ തട്ടിപ്പില്‍ വിജിലസ്‌ അന്വേഷണമാവശ്യപ്പെട്ട്‌ സേവ്‌ യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്കു നിവേദനം നല്‍കി.

അതേസമയം, സാംസ്‌കാരിക വിനിമയപദ്ധതിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണം അടിസ്‌ഥാനരഹിതമാണെന്ന്‌ ഗിരീഷ്‌കുമാര്‍ പറഞ്ഞു. ബാങ്കിന്റെ അശ്രദ്ധ മൂലമാണ്‌ 20,000 രൂപയ്‌ക്കു പകരം 20,000 ഡോളര്‍ കൈമാറിയതെന്നും അദ്ദേഹം പറഞ്ഞു. വീഴ്‌ച ശ്രദ്ധയില്‍പ്പെട്ടയുടന്‍ ബാങ്കുമായും പണം ലഭിച്ച വ്യക്‌തിയുമായും ബന്ധപ്പെട്ടു. പണം ലഭിച്ചയാള്‍ തിരിച്ചയച്ചെന്ന്‌ അവകാശപ്പെട്ടെങ്കിലും സര്‍വകലാശാല അക്കൗണ്ടില്‍ എത്തിയില്ല. വീഴ്‌ചയ്‌ക്ക്‌ ബാങ്ക്‌ ക്ഷമാപണം നടത്തുകയും തുക തിരിച്ചേല്‍പിക്കാമെന്ന്‌ സമ്മതിക്കുകയും ചെയ്‌തു. അതിനു രേഖയുണ്ട്‌. വിഷയം സര്‍വകലാശാലയുടെ ശ്രദ്ധയില്‍പ്പെടുത്തി ബാങ്കിനെതിരേ നിയമനടപടി സ്വീകരിച്ചുവരുകയാണെന്നും ഗിരീഷ്‌കുമാര്‍ പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW