-->
ബംഗളുരു/ബിദര്‍: കര്‍ണാടകയില്‍ സര്‍ക്കാര്‍ പരിപാടിയ്‌ക്കിടെ 'ഏറ്റുമുട്ടി' കോണ്‍ഗ്രസ്-ബി.ജെ.പി. എം.എല്‍.എമാര്‍. ബിദറിലെ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന കര്‍ണാടക വികസന പരിപാടി(കെ.ഡി.പി)യ്‌ക്കിടെയാണ് ബി.ജെ.പി. അംഗം സിദ്ദു പാട്ടീലും കോണ്‍ഗ്രസ് എം.എല്‍.എ. ഭീംറാവു പാട്ടീലും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും വാഗ്വാദവുമുണ്ടായത്.
പരിപാടിയില്‍ പങ്കെടുത്ത സംസ്‌ഥാന മന്ത്രി ഈശ്വര ഖന്ദ്രെയുടെ മുന്നില്‍വച്ചായിരുന്നു എം.എല്‍.എമാരുടെ സംഘര്‍ഷം. യോഗത്തില്‍ പങ്കെടുത്ത മറ്റുള്ളവര്‍ ഇടപെട്ടതോടെയാണ് കൈയാങ്കളി ഒഴിവായത്. എം.എല്‍.എമാരുടെ ഏറ്റുമുട്ടലിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
ഹംനാബാദ് മണ്ഡലത്തിലെ വനഭൂമിയെക്കുറിച്ചുള്ള ചര്‍ച്ചയ്‌ക്കിടെയാണ് തര്‍ക്കം ആരംഭിച്ചത്. ഭൂമി കൈയേറ്റ വിവാദത്തെച്ചൊല്ലി രണ്ട് എം.എല്‍.എമാരും തമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടായി.
തര്‍ക്കം മൂത്തതോടെ യോഗം യുദ്ധക്കളംപോലെയായി.
ഇരുവരും പരസ്‌പരം കൈചൂണ്ടി ആക്രോശം തുടര്‍ന്നതോടെ കാര്യങ്ങള്‍ കൈവിട്ടു. കോണ്‍ഗ്രസ് എം.എല്‍.എ. ഭീംറാവു പാട്ടീല്‍ ബി.ജെ.പി. അംഗം സിദ്ദു പാട്ടീലിനടുത്തേക്ക് കൈ ഉയര്‍ത്തി എത്തിയതോടെ സ്‌ഥിതിഗതികള്‍ വഷളായി. ഹാളിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്‌ഥനും മറ്റു നേതാക്കളും ചേര്‍ന്ന് കോണ്‍ഗ്രസ് എം.എല്‍.എയെ തടഞ്ഞതോടെയാണ് സംഘര്‍ഷം ഒഴിവായത്. രണ്ട് എം.എല്‍.എമാരും പരസ്‌പരം അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നു യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സംഘര്‍ഷത്തെത്തുടര്‍ന്ന് മന്ത്രി യോഗം പിരിച്ചുവിടുകയായിരുന്നു.