-->
ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി (2020) ബന്ധപ്പെട്ട 'വന്‍ഗൂഢാലോചന' കേസില്‍ വിദ്യാര്‍ത്ഥി പ്രവര്‍ത്തകരായ ഉമര്‍ ഖാലിദിനും ഷാര്‍ജീല്‍ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചു.
കേസിലെ മറ്റ് പ്രതികളായ ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്‌മാന്‍, മുഹമ്മദ് സലിം ഖാന്‍, ഷദാബ് അഹമ്മദ് എന്നിവര്‍ക്കു ജാമ്യം അനുവദിക്കുകയും ചെയ്‌തു. കഴിഞ്ഞ സെപ്‌റ്റംബര്‍ രണ്ടിലെ ഡല്‍ഹി ഹൈക്കോടതി വിധി ചോദ്യംചെയ്‌താണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിന് (സി.എ.എ) എതിരായ പ്രക്ഷോഭമാണ് അമ്പതിലേറെപ്പേര്‍ കൊല്ലപ്പെട്ട കലാപത്തില്‍ കലാശിച്ചത്.
2020 ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലായിരുന്നു സംഭവം. 700 പേര്‍ക്കു പരുക്കേറ്റു, പൊതുസ്വത്തുക്കള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടു. 23 ഇടങ്ങളില്‍ നടന്ന ആസൂത്രിതകലാപത്തിനു പിന്നില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ ഉള്‍പ്പെടെയുള്ളവരുടെ വന്‍ഗൂഢാലോചനയുണ്ടെന്നാണ് ഡല്‍ഹി പോലീസിന്റെ ആരോപണം. ഉമര്‍ ഖാലിദും ഷാര്‍ജീല്‍ ഇമാമുമാണ് ഗൂഢാലോചനക്കേസിലെ മുഖ്യപ്രതികള്‍.
പ്രസംഗങ്ങളിലൂടെയും വാട്‌സ്‌ആപ് പോലെയുള്ള സാമൂഹികമാധ്യമങ്ങളിലൂടെയും ഇവര്‍ കലാപാഹ്വാനം നടത്തി, കലാപകാരികള്‍ക്കു സാമ്പത്തികസഹായം നല്‍കി എന്നിങ്ങനെയാണ് യു.എ.പി.എ. കേസിലെ കുറ്റാരോപണങ്ങള്‍. യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവേളയിലായിരുന്നു കലാപം. കലാപത്തിന്റെ മുഖ്യസൂത്രധാരര്‍ ഉമറും ഷാര്‍ജീലുമാണെന്നതിനു തെളിവുകളുണ്ടെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ദീര്‍ഘകാലത്തെ ജയില്‍വാസം ഭരണഘടനാവകാശങ്ങളുടെ ലംഘനമാകുന്നില്ല. യു.എ.പി.എ. കേസുകളില്‍ ജാമ്യത്തിനുള്ള കര്‍ശന നിയന്ത്രണങ്ങള്‍ മറികടക്കാന്‍ അതൊരു കാരണമല്ലെന്നും ജസ്‌റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍.വി. അന്‍ജാരിയ എന്നിവരുള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നാല്‍, ഒരുവര്‍ഷത്തിനകമോ സാക്ഷിവിസ്‌താരം പൂര്‍ണമാകുന്ന മുറയ്‌ക്കോ ഇരുവര്‍ക്കും ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാവുന്നതാണെന്നും ഉത്തരവില്‍ വ്യക്‌തമാക്കുന്നു.
ലഘുകുറ്റകൃത്യം കണക്കിലെടുത്ത് അഞ്ചുപേര്‍ക്കു കോടതി ജാമ്യമനുവദിച്ചത് ആശ്വാസകരമാണെന്ന് പ്രതികളിലൊരാളായ ഗുല്‍ഫിഷ ഫാത്തിമയുടെ അഭിഭാഷകന്‍ സരിം ജാവേദ് പ്രതികരിച്ചു.
മുഖ്യപ്രതികളായ ഉമര്‍ ഖാലിദിനും ഷാര്‍ജീല്‍ ഇമാമിനും ഒരുവര്‍ഷത്തിനുശേഷം ജാമ്യത്തിനായി വീണ്ടും അപേക്ഷിക്കാമെന്ന ഉത്തരവ് അവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആശ്വാസകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.