Thursday, March 12, 2026 Last Updated 0 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.34 PM

വീണത്‌ മഡൂറോ: തിരിച്ചടി ചൈനയ്‌ക്കും

ന്യൂഡല്‍ഹി: വെനസ്വേലന്‍ ഭരണാധികാരി നിക്കോളാസ്‌ മഡൂറോയുടെ വീഴ്‌ച ചൈനയ്‌ക്കു പ്രഹരമായി. ചൈനയുടെ ആയുധങ്ങളുടെ പരാജയമാണ്‌ ആദ്യ പ്രശ്‌നം. വെനസ്വേലന്‍ അസംസ്‌കൃത എണ്ണ വിപണി യു.എസിന്റെ നിയന്ത്രണത്തിലാകുന്നതാണ്‌ അടുത്ത തിരിച്ചടി. വെനസ്വേലയിലെ ചൈനീസ്‌ നിക്ഷേപകരും ആശങ്കയിലാണ്‌.
വെനസ്വേല- യു.എസ്‌. സംഘര്‍ഷം ഏതുനിമിഷവും പൊട്ടിപ്പുറപ്പെടാമെന്നു നേരത്തെ തന്നെ വ്യക്‌തമായിരുന്നു. 2025 നവംബറില്‍ പുറത്തിറങ്ങിയ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ ദേശീയ സുരക്ഷാ തന്ത്രരേഖയില്‍ വെനസ്വേലയ്‌ക്കെതിരായ നടപടി സംബന്ധിച്ചു സൂചനയുണ്ടായിരുന്നു.
വ്യക്‌തമായ 'സ്വാധീനമേഖല' സ്‌ഥാപിക്കാന്‍ അമേരിക്ക പദ്ധതിയിടുന്നു എന്ന പരാമര്‍ശം അതിലുണ്ടായിരുന്നു. ഭാവിയില്‍ അമേരിക്കയെ തന്ത്രപരമായി എതിര്‍ക്കുന്ന ശക്‌തികളെ(ചൈന) ഒഴിവാക്കുകയും യു.എസ്‌. ലക്ഷ്യമായിരുന്നു. മയക്കുമരുന്ന്‌ വ്യാപാരത്തെച്ചൊല്ലി അമേരിക്കയും വെനസ്വേലയും തമ്മില്‍ വര്‍ധിച്ചുവന്ന സംഘര്‍ഷങ്ങളും, വെനസ്വേലയുടെ എണ്ണ വ്യാപാരത്തില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള തുടര്‍ച്ചയായ ഉപരോധങ്ങളും ഒരു മുന്നറിയിപ്പായിരുന്നു.
വെനസ്വേലയില്‍ വര്‍ധിച്ചുവരുന്ന ചൈനീസ്‌ സ്വാധീനമാണു അമേരിക്കയെ പ്രകോപിപ്പിച്ചത്‌. വെനസ്വേലയും ചൈനയും തമ്മില്‍ സാമ്പത്തികവും സൈനികവുമായ ബന്ധങ്ങള്‍ വളരെ ദൃഢമായിരുന്നു. സ്വാഭാവികമായും, അമേരിക്കയുടെ കോപം മുഴുവന്‍ മഡൂറോയ്‌ക്കെതിരേ തിരിഞ്ഞു.
എങ്കിലും, അമേരിക്കയുടെ വെനസ്വേലന്‍ അധിനിവേശത്തിനെതിരേ ചൈന രംഗത്തെത്തിയിട്ടുണ്ട്‌. വെനസ്വേലയുടെ പരമാധികാരത്തെയും രാജ്യാന്തര നിയമത്തെയും ഐക്യരാഷ്‌ട്രസഭയുടെ ചാര്‍ട്ടര്‍ തത്വങ്ങളെയും ലംഘിക്കുന്ന അമേരിക്കയുടെ നടപടികളെ അപലപിക്കുന്നതായി ചൈന വ്യക്‌തമാക്കി.
ലാറ്റിന്‍ അമേരിക്കയിലെ 'സമാധാനത്തിനും സുരക്ഷയ്‌ക്കും യു.എസ്‌. അധിനിവേശം ഭീഷണിയാണെന്നാണു ചൈനയുടെ നിലപാട്‌. യഥാര്‍ഥത്തില്‍ ചൈനയ്‌ക്ക്‌ രണ്ട്‌ വലിയ ആശങ്കകളുണ്ട്‌. വെനസ്വേലന്‍ സായുധ സേന ഉപയോഗിച്ച ചൈനീസ്‌ നിര്‍മിത സൈനിക ഉപകരണങ്ങളുടെ പരാജയം, കൂടാതെ വെനസ്വേലയുമായും ലാറ്റിന്‍ അമേരിക്കയുമായും ഉള്ള എണ്ണ, സാമ്പത്തിക ബന്ധങ്ങളുടെ ഭാവി.
വെനസ്വേലന്‍ നാഷണല്‍ ഗാര്‍ഡ്‌ ചൈനീസ്‌ ആയുധങ്ങളെയാണ്‌ ആശ്രയിച്ചത്‌. മഡൂറോയുടെ സുരക്ഷയ്‌ക്ക്‌ ചൈനയില്‍ നിര്‍മിച്ച വി.എന്‍.4 ശ്രേണിയിലെ നൂറിലധികം സായുധ യൂട്ടിലിറ്റി വാഹനങ്ങളുണ്ടായിരുന്നു. 10 വി.എന്‍.1, വി.എന്‍.18 ശ്രേണിയിലുള്ള ഇന്‍ഫന്‍ട്രി ഫൈറ്റിങ്‌ വാഹനങ്ങളും സുരക്ഷയുടെ ഭാഗമായിരുന്നു. വ്യോമസുരക്ഷയ്‌ക്ക്‌ ചൈനയുടെ ഹോന്‍ഡു ഏവിയേഷന്‍ ഇന്‍ഡസ്‌ട്രി കോര്‍പറേഷന്‍ വികസിപ്പിച്ചെടുത്ത വിമാനങ്ങളും ഉപയോഗിച്ചു. യു.എസ്‌. യുദ്ധവിമാനങ്ങളെ 'തിരിച്ചറിയാന്‍' കഴിയുന്ന റഡാറുകളും വെനസ്വേല വാങ്ങി.
അമേരിക്കയുടെ സൈനിക നടപടിയില്‍ എഫ്‌22, എഫ്‌35 വിമാനങ്ങള്‍ ഉപയോഗിച്ചു. പക്ഷേ, വെനസ്വേലയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക്‌ യു.എസ്‌. ഭീഷണി അറിയാനോ പ്രതികരിക്കാനോ കഴിഞ്ഞില്ല. ചൈന നല്‍കിയ വ്യോമപ്രതിരോധം തകര്‍ന്നതിന്റെ സൂചനയാണത്‌.
ഓപ്പറേഷന്‍ സിന്ദൂരില്‍ ചൈനീസ്‌ ആയുധങ്ങളുടെ നിലവാരം വ്യക്‌തമാക്കിയിരുന്നു. ചൈനീസ്‌ ആയുധങ്ങള്‍ ഉപയോഗിച്ച പാകിസ്‌താന്‍ തകര്‍ന്നടിഞ്ഞു. രണ്ട്‌ രാജ്യങ്ങളിലുണ്ടായ പരാജയം ചൈനയ്‌ക്ക്‌ തിരിച്ചടിയാണ്‌. പക്ഷേ, പരാജയത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ചൈനീസ്‌ മാധ്യമങ്ങള്‍ വിസമ്മതിക്കുകയാണ്‌. അമേരിക്കയുടെ സൈനിക വിജയങ്ങളുടെ രഹസ്യമാണ്‌ പ്രതിരോധ വിദഗ്‌ധര്‍ ചര്‍ച്ച ചെയ്യുന്നത്‌. പ്രാഥമിക വ്യോമാക്രമണങ്ങളും ഇലക്‌ട്രോണിക്‌ യുദ്ധ ആക്രമണങ്ങളും വെനസ്വേലന്‍ വ്യോമസേനയെ പ്രവര്‍ത്തനരഹിതമാക്കിയതാണ്‌ അവരെ അമ്പരപ്പിക്കുന്നത്‌.
അമേരിക്കന്‍ ഹെലികോപ്‌റ്ററുകള്‍ക്ക്‌ ഡെല്‍റ്റ ഫോഴ്‌സ്‌ യൂണിറ്റുകളുമായി പറന്നുചെന്ന്‌ മഡൂറോയുടെ വസതിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞു. രണ്ടാമതായി, അമേരിക്ക സി.ഐ.എയെ ഫലപ്രദമായി ഉപയോഗിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചത്‌ മഡൂറോയെ പിടികൂടാന്‍ യൂണിറ്റുകള്‍ക്ക്‌ എളുപ്പമാക്കി. ഇതിന്റെ ഭാഗമായി, അമേരിക്ക വെനസ്വേലയിലെ സൈനിക കമാന്‍ഡര്‍മാരെയോ ഉദ്യോഗസ്‌ഥരെയോ 'വിലയ്‌ക്ക്‌ വാങ്ങി' എന്നും ചൈന വിശ്വസിക്കുന്നു.
ചില ചൈനീസ്‌ സാമൂഹിക മാധ്യമങ്ങളില്‍ അമേരിക്കയുടെ ഓപ്പറേഷനുകളുടെ വിജയത്തിന്‌ കാരണം ഡെല്‍റ്റ ഫോഴ്‌സിന്റെ 'പണം ചെലവഴിക്കുന്ന' സ്വഭാവവും 'പരിധിയില്ലാത്ത ബഡ്‌ജറ്റും' ആണെന്നും പറയുന്നു. എന്നാല്‍ ചൈനീസ്‌ ഉപകരണങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും കാര്യമായ ചര്‍ച്ചകള്‍ കാണാനില്ല, ഇത്‌ ചൈനീസ്‌ ആയുധങ്ങളുടെ ഗുണനിലവാരത്തെയും അവരുടെ പ്രധാന എതിരാളിയായ അമേരിക്കക്കെതിരേ വിജയിക്കാനുള്ള കഴിവിലും അവര്‍ക്ക്‌ ആശങ്കയുണ്ടെന്ന്‌ സൂചിപ്പിക്കുന്നു. കൂടാതെ, ഇത്‌ ലോകമെമ്പാടുമുള്ള ചൈനീസ്‌ ആയുധ കയറ്റുമതിയെ ബാധിക്കാന്‍ സാധ്യതയുണ്ട്‌.
വെനസ്വേലയുമായുള്ള ചൈനയുടെ ബന്ധത്തിലെ എണ്ണ, സാമ്പത്തിക ഘടകങ്ങള്‍ അപകടത്തിലാണ്‌. ചൈന വെനസ്വേലന്‍ എണ്ണയുടെ ഏറ്റവും വലിയ ഇറക്കുമതിക്കാരാണ്‌. 2025ല്‍ വെനസ്വേലയുടെ എണ്ണ കയറ്റുമതിയുടെ 55- 90% വരെ ചൈനയിലേക്കായിരുന്നു. 2007 മുതല്‍ വെനസ്വേലയുമായി 'എണ്ണക്ക്‌ പകരമുള്ള വായ്‌പ' കരാറുകളിലൂടെ ഏകദേശം 5000-6000 ഡോളര്‍ നിക്ഷേപിക്കുകയും ചെയ്‌തു.
വെസ്വേലയില്‍ യു.എസ്‌. സ്വാധീനമുറപ്പിക്കുന്നത്‌ ചൈനീസ്‌ താല്‍പര്യങ്ങള്‍ക്കു ഭീഷണിയാണ്‌. വായ്‌പകളും നിര്‍ണായക ഊര്‍ജ 'സ്വത്തുക്കളും' നഷ്‌ടപ്പെടാനുള്ള സാധ്യതയും ചൈന പ്രതീക്ഷിക്കുന്നുണ്ട്‌.
എണ്ണക്ക്‌ പകരമുള്ള വായ്‌പാ കരാറുകള്‍ ദീര്‍ഘകാലത്തേക്കുള്ളതും മുന്‍കൂട്ടി നിശ്‌ചയിച്ച വിലകളോടെയുള്ളതുമാണ്‌,. അതിനാല്‍ ചൈനയ്‌ക്ക്‌ വേഗത്തില്‍ താങ്ങാനാവുന്ന ബദല്‍ കണ്ടെത്തുന്നത്‌ അസാധ്യമാണ്‌. കഴിഞ്ഞ ഏതാനും ദശാബ്‌ദങ്ങളായി ചൈനയും ലാറ്റിന്‍ അമേരിക്കയും തമ്മില്‍ വര്‍ധിച്ചുവരുന്ന നയതന്ത്ര, സൈനിക, സാമ്പത്തിക ബന്ധങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണു വെനസ്വേലന്‍ ബന്ധം. ആ രാജ്യം യു.എസിന്റെ സഖ്യകക്ഷിയായി മാറിയാല്‍ വലിയ പ്രതിസന്ധിയിലേക്കാകും ചൈന നീങ്ങുക.

Ads by Google
Monday 05 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW