-->
റാബാത്: ആഫ്രിക്ക കപ്പ് ഓഫ് നേഷന്‍സിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാലിയും സെനഗലും തമ്മില്‍ ഏറ്റുമുട്ടും. സെനഗല്‍ പ്രീ ക്വാര്‍ട്ടറില്‍ സുഡാനെ 3-1 നു തോല്‍പ്പിച്ചു. ടുണീഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (3-2) മറികടന്നാണു മാലി ക്വാര്‍ട്ടറിലെത്തിയത്. മുഹമ്മദ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ മുഴുവന്‍ സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1 നു തുല്യനിലയിലായതോടെയാണ് ഷൂട്ടൗട്ട് വേണ്ടി വന്നത്. ടുണീഷ്യ 88-ാം മിനിറ്റില്‍ ചൗറാതിന്റെ ഗോളിലൂടെ മുന്നിലെത്തിയിരുന്നു. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ ഗോളടിച്ച് സിനായോകോയാണ് മാലിയുടെ ആയുസ് നീട്ടിയത്‌്. 26-ാം മിനിറ്റില്‍ വോയോ കൂലിബാലി ചുവപ്പ് കാര്‍ഡ് കണ്ടതോടെ കളിയുടെ ഭൂരിഭാഗം സമയത്തും മാലി പത്തു പേരുമായാണു കളിച്ചത്. ഷൂട്ടൗട്ടില്‍ ടുണീഷ്യയുടെ ബെന്‍ റോംധാനെ, അചൗരി, അബ്‌ദി എന്നിവരുടെ കിക്കുകള്‍ പാഴായി. മാലിയുടെ നെനെ, ബിസൗമ എന്നിവരുടെ കിക്കുകളും പാഴായിരുന്നു. ടാന്‍ഗീറിലെ ഗ്രാന്റ് സ്‌റ്റേഡ് ഡി ടാന്‍ഗറില്‍ നടന്ന മത്സരത്തില്‍ സെനഗലിനായി പാപെ ഗുയ ഇരട്ട ഗോളുകളടിച്ചു. ഇബ്രാഹിം എംബായെയാണ് ഒരു ഗോളടിച്ചത്. ആറാം മിനിറ്റില്‍ ഗോളടിച്ച് ആമിര്‍ അബ്‌ദുള്ള യൂനിസ് സുഡാനെ മുന്നിലെത്തിച്ചിരുന്നു.