-->
സിഡ്‌നി: ആഷസ് ക്രിക്കറ്റ് ടെസ്‌റ്റ് പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്റെ ഒന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 211 റണ്‍ എന്ന നിലയിലാണ്.
ജോ റൂട്ടും (103 പന്തില്‍ 72) ഹാരി ബ്രൂകുമാണ് (92 പന്തില്‍ ഒരു സിക്‌സറും ആറ് ഫോറുമടക്കം 78) ക്രീസില്‍. നാലാം വിക്കറ്റ് കൂട്ടുകെട്ട് 32 ഓവറില്‍ 154 റണ്ണെടുത്തു. അഞ്ച് ടെസ്‌റ്റുകളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ ആഷസ് നിലനിര്‍ത്തിയിരുന്നു. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. സാക് ക്രൗളിയും (16) ബെന്‍ ഡക്കറ്റും (24 പന്തില്‍ 27) ചേര്‍ന്നാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്‌തത്. ബെന്‍ ഡക്കറ്റിനെ വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കൈയിലെത്തിച്ച് മിച്ചല്‍ സ്‌റ്റാര്‍ക്കാണു ആദ്യ വിക്കറ്റെടുത്തത്‌്. ക്രൗളിയെ മിച്ചല്‍ നെസര്‍ വിക്കറ്റിനു മുന്നില്‍ കുടുക്കി. 23 പന്തില്‍ 10 റണ്ണെടുത്ത ജേക്കബ് ബെതലിനു പിടിച്ചു നില്‍ക്കാനായില്ല. സ്‌കോട്ട് ബോലന്‍ഡിന്റെ പന്തില്‍ അലക്‌സ് ക്യാരിയാണു ക്യാച്ചെടുത്തത്.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിലുണ്ടായ വെടിവയ്‌പ്പില്‍ മരിച്ചവര്‍ക്ക് ആദരാഞ്‌ജലി അര്‍പ്പിച്ച ശേഷമാണു മത്സരം തുടങ്ങിയത്‌്. 138 വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സ്‌പിന്നറെ കൂടാതെയാണ് ഓസീസ് കളിക്കാനിറങ്ങിയത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിനെ ഓസീസ് സ്‌പിന്നര്‍മാരുടെ സ്വര്‍ഗം എന്നാണു വിശേഷിപ്പിക്കുന്നത്. 1888 ലാണ് അവര്‍ അവസാനം സിഡ്‌നിയില്‍ സ്‌പെഷലിസ്‌റ്റ് സ്‌പിന്നറെ കൂടാതെ കളിക്കുന്നത്. ഓഫ് സ്‌പിന്നര്‍ ടോഡ് മര്‍ഫിക്കു പകരം ഓള്‍റൗണ്ടര്‍ ബ്യൂ വെബ്‌സ്റ്റര്‍ കളിക്കാനിറങ്ങി. ബ്രിസ്‌ബെനില്‍ നടന്ന രണ്ടാം ടെസ്‌റ്റില്‍ വെറ്ററന്‍ ഓഫ് സ്‌പിന്നര്‍ നഥാന്‍ ലിയോണിനെ അവര്‍ പുറത്തിരുത്തി. മെല്‍ബണിലും സിഡ്‌നിയിലും പകരക്കാരനായെത്തിയ മര്‍ഫി പുറത്തിരുന്നു കളി കണ്ടു. ധാരാളം ക്രിക്കറ്റ് കളിക്കുന്നതിനാല്‍ സ്‌പിന്നിനെ നേരിടാന്‍ ഇപ്പോള്‍ പഴയ ബുദ്ധിമുട്ടില്ല, അതുകൊണ്ടാണു സ്‌പെഷലിസ്‌റ്റ് സ്‌പിന്നറെ ഒഴിവാക്കിയതെന്ന് ഓസ്‌ട്രേലിയന്‍ നായകന്‍ സ്‌റ്റീവ് സ്‌മിത്ത് പറഞ്ഞു.