-->
ധാക്ക: ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ കളിക്കാനില്ലെന്നു ബംഗ്ലാദേശ്‌്. കളിക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നത് ഒഴിവാക്കുകയാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനോടു വ്യക്‌തമാക്കി.
ബംഗ്ലാ പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റ് ക്ലബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയതിനു പിന്നാലെയാണു നടപടി. കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലായാണു ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങള്‍. ഫെബ്രുവരി ഏഴിന് നടക്കുന്ന അവരുടെ ആദ്യ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസാണ് എതിരാളി. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണു വേദി. ലോകകപ്പിന് കഷ്‌ടിച്ച് ഒരു മാസം ശേഷിക്കേയുള്ള ബംഗ്ലാദേശിന്റെ നിലപാട് മാറ്റം ലോകകപ്പ് മത്സര ക്രമം മാറ്റേണ്ട അവസ്‌ഥയിലാക്കും. താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ബംഗ്ലാദേശ് സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് ഇന്ത്യയില്‍ കളിക്കേണ്ടെന്നു തീരുമാനിച്ചതെന്നു ബി.സി.ബി. പ്രസ്‌താവിച്ചു. ബംഗ്ലാദേശിന്റെ എല്ലാ മത്സരങ്ങളും ഇന്ത്യക്കു പുറത്തുള്ള വേദിയിലേക്കു മാറ്റാന്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനോട് അഭ്യര്‍ഥിച്ചതായും ബി.സി.ബി. വ്യക്‌തമാക്കി. ബംഗ്ലാദേശിന്റെ കായിക ഉപദേശകന്‍ ആസിഫ് നസ്‌റുള്‍ താരങ്ങള്‍ ഇന്ത്യയിലേക്കു യാത്ര ചെയ്യുന്നത് ആപത്താണെന്നു ഫെയ്‌സ്ബുക്കില്‍ കുറിച്ചു മണിക്കൂറുകള്‍ പിന്നിടും മുമ്പാണു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയത്‌്. ബോര്‍ഡ് അംഗങ്ങള്‍ ശനിയാഴ്‌ച രണ്ടുവട്ടം വീഡിയോ കോണ്‍ഫെറന്‍സിലൂടെ യോഗം നടത്തിയിരുന്നു. ഇന്ത്യയും ശ്രീലങ്കയും സംയുക്‌തമായാണു ട്വന്റി20 ലോകകപ്പിനു വേദിയാകുന്നത്. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ നടപ്പാക്കിയ ഹൈബ്രിഡ് മോഡല്‍ നടപ്പാക്കിയാല്‍ ബംഗ്ലാദേശിന്റെ മത്സരങ്ങളും ഇന്ത്യക്കു പുറത്തുള്ള വേദിയിലാകും. മുസ്‌താഫിസുറിനെ ഒഴിവാക്കാനുണ്ടായ കാരണം ആരാഞ്ഞ് ബംഗ്ലാംദശ് ക്രിക്കറ്റ് ബോര്‍ഡ് ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യക്കു (ബി.സി.സി.ഐ.) കത്തയച്ചു.
മുസ്‌താഫിസുറിനെ കൊല്‍ക്കത്ത ടീമിലെടുത്തതോടെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ക്കിടെയാണു നടപടി. ബി.സി.സി.ഐ. സെക്രട്ടറി ദേവജിത് സൈക്യയാണ് കൊല്‍ക്കത്ത ടീമിനെ ഔദ്യോഗികമായി അറിയിച്ചത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് തുടക്കത്തില്‍ കാത്തിരിക്കാനും സാഹചര്യം മനസിലാക്കി നടപടികളിലേക്ക് കടക്കാനുമായിരുന്നു ബോര്‍ഡ് തീരുമാനിച്ചിരുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് രാഷ്ര്‌ടീയ സമ്മര്‍ദം വര്‍ധിച്ചതോടെയാണ് ഈ നിലപാടെടുത്തത്. ഡിസംബറില്‍ നടന്ന മിനി ലേലത്തില്‍ 9.20 കോടി രൂപയ്‌ക്കാണ് കൊല്‍ക്കത്ത മുസ്‌തഫിസുര്‍ റഹ്‌മാനെ സ്വന്തമാക്കിയത്. ഐ.പി.എല്‍. ലേലത്തില്‍ കരാര്‍ ലഭിച്ച ഏക ബംഗ്ലാദേശ് താരമാണ് മുസ്‌തഫിസൂര്‍. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബംഗ്ലദേശിലുണ്ടായ അക്രമങ്ങളില്‍ വമ്പന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുകയാണ്.