-->
ഇന്‍ഡോര്‍: അണ്ടര്‍ 15 വനിതാ ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ജയം തുടര്‍ന്ന് കേരളം. പോണ്ടിച്ചേരിക്കെതിരേ ആറ് വിക്കറ്റിനായിരുന്നു കേരളത്തിന്റെ ജയം.
മഞ്ഞു വീഴ്‌ച്ചയെ തുടര്‍ന്ന് 29 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പോണ്ടിച്ചേരി ഏഴ് വിക്കറ്റിന് 105 റണ്ണെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 20.5 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. സ്‌കോര്‍: പോണ്ടിച്ചേരി- 29 ഓവറില്‍ ഏഴിന് 105. കേരളം 20.5 ഓവറില്‍ നാലിന് 106. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പോണ്ടിച്ചേരിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. നാല് റണ്ണെടുക്കുന്നതിനിടെ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായി. ഏഴ് ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ മടങ്ങി.
50 റണ്ണെടുത്ത അന്‍ജും, 17 റണ്ണെടുത്ത അഗല്യ എന്നിവര്‍ മാത്രമാണു പിടിച്ചു നിന്നത്. കേരളത്തിനായി ശിവാനി സുരേഷും ആര്യനന്ദയും രണ്ട് വിക്കറ്റ് വീതമെടുത്തു. കേരളത്തിന് ഓപ്പണര്‍ വൈഗ അഖിലേഷിന്റെ വിക്കറ്റ് തുടക്കത്തില്‍ തന്നെ നഷ്‌ടമായെങ്കിലും മറുവശത്ത് ഉറച്ചുനിന്ന നായിക ഇവാന ഷാനിയുടെ ഇന്നിങ്‌സ് കരുത്തായി. ഇവാന 44 റണ്ണുമായി പുറത്താകാതെനിന്നു.