-->
ധാക്ക: ആശങ്കകള്‍ക്കിടെ ബംഗ്ലാദേശ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിട്ടണ്‍ ദാസ് നായകനായി തുടര്‍ന്നു. തസ്‌കിന്‍ അഹമ്മദ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ജാകര്‍ അലിക്കു സ്‌ഥാനം നഷ്‌ടപ്പെട്ടു.
അയര്‍ലന്‍ഡിനെതിരേ നടന്ന പരമ്പരയില്‍ തസ്‌കിന്‍ അഹമ്മദിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയ പേസര്‍ മുസ്‌താഫിസുര്‍ റഹ്‌മാനും ബംഗ്ലാ ടീമിലുണ്ട്‌്. 2024 മാര്‍ച്ചിനു ശേഷം ആദ്യമായാണു ജാകര്‍ അലി ടീമില്‍നിന്നു പുറത്താകുന്നത്.
ഫോം മങ്ങിയ ജാകറിനെ ഏകദിന, ടെസ്‌റ്റ് ടീമില്‍നിന്ന് ഒഴിവാക്കിയിരുന്നു. ലെഗ് സൈഡിലേക്കു കൂടുതല്‍ കളിക്കുന്ന ജാകറിന്റെ ബാറ്റിങ് ശൈലിയോടു വിമര്‍ശനവും ഏറി വരികയാണ്. ലിട്ടണ്‍, തന്‍സിദ് ഹസന്‍, സെയ്‌ഫ് ഹസന്‍ എന്നിവരാണു മുന്‍നിര ബാറ്റര്‍മാര്‍. മധ്യനിരയില്‍ തൗഹിദ് ഹൃദോയ്, ഷാമിം ഹുസൈന്‍, നൂറുള്‍ ഹസന്‍ എന്നിവരും കളിക്കും. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ തിളങ്ങിയ പര്‍വേശ് ഹുസൈന്‍ ഇമോണും ടീമിലുണ്ട്. മുസ്‌താഫിസുര്‍ റഹ്‌മാന്‍, തന്‍സിം ഹസന്‍, ഷോറിഫുള്‍ ഇസ്ലാം, മുഹമ്മദ് സെയ്‌ഫുദ്ദീന്‍ എന്നിവരാണു തസ്‌കിനൊപ്പം പന്തെറിയുക. റിഷാദ് ഹുസൈന്‍, നാസും അഹമ്മദ്, മെഹ്‌ദി ഹസന്‍ എന്നിവരാണു സ്‌പിന്നര്‍മാര്‍.
ബംഗ്ലാദേശ്: ലിട്ടണ്‍ ദാസ് (നായകന്‍), സെയ്‌ഫ് ഹസന്‍, തന്‍സിദ് ഹസന്‍, പര്‍വേസ് ഹുസൈന്‍ ഇമോണ്‍, തൗഹിദ് ഹൃദോയ്, ഷമിം ഹുസൈന്‍, നൂറുള്‍ ഹസന്‍, മെഹ്‌ദി ഹസന്‍, റിഷാദ് ഹുസൈന്‍, നാസും അഹമ്മദ്, മുസ്‌താഫിസുര്‍ റഹ്‌മാന്‍, തന്‍സിം ഹസന്‍ സാകിബ്, തസ്‌കിന്‍ അഹമ്മദ്, മുഹമ്മദ് സെയ്‌ഫുദ്ദീന്‍, ഷോരിഫുള്‍ ഇസ്ലാം.