-->
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിന് എവേ മത്സരത്തില്‍ സമനില. ലീഡ്‌സ് യുണൈറ്റഡിനെതിരേ നടന്ന മത്സരത്തില്‍ 1-1 നാണു യുണൈറ്റഡ് സമനില വഴങ്ങിയത്. ലീഡ്‌സിന്റെ തട്ടകമായ എലാന്‍ഡ് റോഡില്‍ നടന്ന മത്സരത്തില്‍ ഒന്നാം പകുതിയില്‍ കാര്യമായ മുന്നേറ്റങ്ങളുണ്ടായില്ല.
62-ാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ വീണത്. പ്രതിരോധ താരം ഹെവനെ മറികടന്ന് ബ്രാന്‍ഡന്‍ ആരോണ്‍സണ്‍ ലീഡ്‌സിന് ലീഡ് സമ്മാനിച്ചു. ഈ ഗോളിന് പക്ഷേ മൂന്ന് മിനിറ്റ് ആയുസേയുണ്ടായിരുന്നുള്ളൂ. 65-ാം മിനിറ്റില്‍ മാത്യു കുന്‍ഹയിലൂടെ യുണൈറ്റഡ് സമനില പിടിച്ചു. ജോഷ്വ സിര്‍ക്‌സിയുടെ പാസിലായിരുന്നു കുന്‍ഹയുടെ ഫിനിഷ്. അവസാന മിനിറ്റുകളില്‍ ഇരുടീമുകളും ജയത്തിനായി ശ്രമിച്ചെങ്കിലും ഗോള്‍ അകന്നുനിന്നു. സമനിലയോടെ 20 മത്സരങ്ങളില്‍നിന്ന് 31 പോയിന്റുമായി യുണൈറ്റഡ് അഞ്ചാം സ്‌ഥാനത്ത് തുടരുന്നു. നാലാം സ്‌ഥാനത്തുള്ള ലിവര്‍പൂളുമായി രണ്ട് പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്. 22 പോയിന്റുള്ള ലീഡ്‌സ് പതിനാറാം സ്‌ഥാനത്താണ്. ബോണ്‍മൗത്തിനെ എവേ മത്സരത്തില്‍ 3-2 നു തോല്‍പ്പിച്ച ആഴ്‌സണല്‍ ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. ബോണ്‍മൗത്തിന്റെ വിറ്റാലിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണലിനായി ഡെക്ലാന്‍ റൈസ് ഇരട്ട ഗോളുകളടിച്ചു. ഗബ്രിയേലാണ് ഒരു ഗോളടിച്ചത്. എവാനില്‍സണ്‍, ക്രൗപി എന്നിവരാണു ബോണ്‍മൗത്തിനായി ഗോളടിച്ചത്. 20 കളികളില്‍നിന്നു 48 പോയിന്റുള്ള ആഴ്‌സണല്‍ ഒന്നാം സ്‌ഥാനത്താണ്. 42 പോയിന്റുള്ള ആസ്‌റ്റണ്‍ വില്ലയാണ് രണ്ടാമത്.