Saturday, March 14, 2026 Last Updated 23 Min 1 Sec ago English Edition
Todays E paper
Ads by Google
ജി. അരുണ്‍
Sunday 04 Jan 2026 11.39 PM

മൂന്നാം തുടര്‍ഭരണ മോഹം, പിടിവിട്ട് സാമ്പത്തിക പ്രതിസന്ധി; ജനപ്രിയ ബജറ്റിന്‌ സര്‍ക്കാരിന്‌ പണമില്ല, ഗിമ്മിക്കിന്‌ ഒരുങ്ങി ധനവകുപ്പ്‌

അവസാന ബഡ്‌ജറ്റ്‌ ജനപ്രിയമാക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഓഫീസ്‌ വിയര്‍ക്കും. സംസ്‌ഥാന ഖജനാവിന്റെ സ്‌ഥിതി ആശങ്ക ജനകമാണെങ്കിലും ജനപ്രിയ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചേ മതിയാവൂയെന്നാണ്‌ സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും നിര്‍ദേശം
uploads/news/2026/01/819073/k.n.-balagoplal_1.jpg

തിരുവനന്തപുരം: മൂന്നാം തുടഭരണം മോഹിക്കുന്ന ഇടതു സര്‍ക്കാര്‍ അവതരിപ്പിക്കുന്ന അവസാന ബഡ്‌ജറ്റ്‌ ജനപ്രിയമാക്കാന്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ ഓഫീസ്‌ വിയര്‍ക്കും. സംസ്‌ഥാന ഖജനാവിന്റെ സ്‌ഥിതി ആശങ്ക ജനകമാണെങ്കിലും ജനപ്രിയ ബഡ്‌ജറ്റ്‌ അവതരിപ്പിച്ചേ മതിയാവൂയെന്നാണ്‌ സി.പി.എമ്മിന്റെയും ഇടതുമുന്നണിയുടെയും നിര്‍ദേശം. ജനുവരി 29നാണ്‌ മന്ത്രി കെ.എന്‍. ബാലഗോപാല്‍ തന്റെ ആറാമത്തെ ബജറ്റ്‌ അവതരിപ്പിക്കുന്നത്‌.

മൂന്നാം ഭരണമെന്ന ആത്മവിശ്വാസത്തില്‍ സര്‍ക്കാര്‍ വമ്പന്‍ ആനുകൂല്യ പ്രഖ്യാപനങ്ങള്‍ ഉണ്ടാകണമെന്നാണു നിര്‍ദേശം. എന്നാല്‍ സര്‍ക്കാര്‍ വിചാരിക്കുന്നതുപോലെ ഉണ്ടാവില്ലെങ്കിലും തെരഞ്ഞെടുപ്പിനു മുന്‍പുള്ള ബജറ്റെന്ന നിലയില്‍ പുതിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാമെന്നാണു സുചന. പക്ഷേ. അത്‌ അത്ര എളുപ്പമായിരിക്കില്ല. സംസ്‌ഥാനത്തിന്റെ വരവുംചെലവും തമ്മിലെ അന്തരം ഏറ്റവും ഗുരുതരമായ നിലയിലുടെ കട ന്നുപോകുമ്പോള്‍ മുന്‍ ധനമന്ത്രി മാരായിരുന്ന കെ.എം. മാണിയുടെയും തോമസ്‌ ഐസക്കിന്റെയുമൊക്ക കണക്കിലെ കളികളുടെ ഗ്രഹ പാഠത്തിലാണ്‌ ബാലഗോപാലിന്റെ ഓഫീസും.

അക്കൗണ്ടന്റ്‌ ജനറലിന്റെ കഴിഞ്ഞമാസം 30 വരെയുള്ള കണക്കനുസരിച്ച്‌ വരവിനെക്കാള്‍ അധികച്ചെലവ്‌ 39,023 കോടി രൂപയാണ്‌. കഴിഞ്ഞ വര്‍ഷത്തില്‍ 28,976 കോടിയായിരുന്ന ധനക്കമ്മിയാണ്‌ ഒറ്റയടിക്ക്‌ പതിനായിരം കോടിയിലേറെ വര്‍ധിച്ചത്‌. റിസര്‍വ്‌ ബാങ്ക്‌ വഴി കടമെടുത്താണ്‌ അധികച്ചെലവിനായി സര്‍ക്കാര്‍ പണം കണ്ടെത്തിയത്‌.

തദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി ക്ഷേമപെന്‍ഷന്‍ വര്‍ധനയടക്കം ഒട്ടേറെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിനാല്‍ ചെലവ്‌ ഇനിയും കുതിച്ചുയരും. അതു നിറവേറ്റാന്‍ പണം എവിടെ നിന്നുണ്ടാക്കുമെന്നു ചിന്തയിലാണു ധനവകുപ്പ്‌.

പതിവു പോലെ കേന്ദ്രത്തില്‍നിന്ന്‌ അര്‍ഹമായതു ചോദിക്കുന്നതിനു പുറമേ അധികാനുമതിയും കൂടി തേടാന്‍ തന്നെയാണ്‌ ഇക്കുറിയും തീരുമാനം. കഴിഞ്ഞ വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്‌താല്‍ ജി.എസ്‌.ടി, ഭൂനികുതി, കേന്ദ്രത്തില്‍ നിന്നുള്ള ഗ്രാന്റ്‌ എന്നിവയിലുണ്ടായ കുറവാണ്‌ ആകെ വരുമാനത്തെ സാരമായി ബാധിച്ചത്‌. എത്ര ശ്രമിച്ചിട്ടും ജി.എസ്‌.ടി. വരുമാനം വര്‍ധിക്കാത്തത്‌ സര്‍ക്കാരിനെയും അമ്പരപ്പിച്ചിരിക്കുകയാണ്‌. കേന്ദ്രത്തില്‍നിന്ന്‌ ഈ വര്‍ഷം ആകെ 13,074 കോടി പ്രതീക്ഷിച്ചിരുന്നിടത്ത്‌ കിട്ടിയ ഗ്രാന്റാകട്ടെ വെറും 2,109 കോടി രൂപ മാത്രം.

കേന്ദ്രവുമായുള്ള തര്‍ക്കങ്ങളും കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സമയബന്ധിതമായി തീര്‍ക്കാത്തതുമാണ്‌ ഗ്രാന്റുകള്‍ മുടങ്ങാന്‍ മുഖ്യ കാരണം. ബജറ്റില്‍ ലക്ഷ്യമിട്ടതിന്റെ 53.14% മാത്രമേ റവന്യു വരുമാനമായി ലഭിച്ചുള്ളൂ. കഴിഞ്ഞ വര്‍ഷം 57.53% ലഭിച്ചിടത്താണിത്‌. കടമെടുപ്പ്‌ ഒഴികെ വരുമാനം 1.87% മാത്രം വര്‍ധിച്ചപ്പോള്‍ ചെലവ്‌ 10.64 ശതമാനമാണു കൂടിയത്‌. തദ്ദേശത്തില്‍ അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടി മറികടക്കാന്‍ ചെറിയ ഗിമ്മിക്കുകള്‍ പോരെന്ന തിരിച്ചറിവ്‌ സര്‍ക്കാരിനുണ്ട്‌. അതുകൊണ്ട്‌ സാമ്പത്തിക സ്‌ഥിതി മറച്ചുവച്ചു വന്‍ പ്രഖ്യാപനങ്ങള്‍ തന്നെയാവും ധനമന്ത്രി നടത്തുക.

ജി. അരുണ്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW