Saturday, March 14, 2026 Last Updated 7 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.38 PM

തകര്‍പ്പന്‍

uploads/news/2026/01/818940/sp1.jpg

അഹമ്മദാബാദ്‌: വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ എലൈറ്റ്‌ ഗ്രൂപ്പ്‌ എ മത്സരത്തില്‍ ഝാര്‍ഖണ്ഡിനെതിരേ എട്ട്‌ വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി കേരളം.
എ.ഡി.എസ്‌.എ. റെയില്‍വേസ്‌ ക്രിക്കറ്റ്‌ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഝാര്‍ഖണ്ഡ്‌ ഏഴ്‌ വിക്കറ്റിന്‌ 311 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത കേരളം കളി തീരാന്‍ 45 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. അഞ്ച്‌ കളികളില്‍നിന്നു 12 പോയിന്റുള്ള കേരളം നാലാം സ്‌ഥാനത്താണ്‌.
20 പോയിന്റുള്ള കര്‍ണാാടക ഒന്നാമതും 16 പോയിന്റുള്ള മധ്യപ്രദേശ്‌ രണ്ടാം സ്‌ഥാനത്തുമാണ്‌. മൂന്നാം സ്‌ഥാനത്തുള്ള ഝാര്‍ഖണ്ഡിനും 12 പോയിന്റാണ്‌്. നെറ്റ്‌് റണ്‍ റേറ്റിലെ വ്യത്യാസമാണ്‌ അവരെ മൂന്നാമതെത്തിച്ചത്‌. ടോസ്‌ നേടിയ ഝാര്‍ഖണ്ഡ്‌ നായകന്‍ ഇഷാന്‍ കിഷന്‍ ആദ്യം ബാറ്റ്‌ ചെയ്യാന്‍ തീരുമാനിച്ചു. കുമാര്‍ കുശാഗ്രയുടെ വെടിക്കെട്ട്‌ സെഞ്ചുറിയാണ്‌ (137 പന്തില്‍ ഏഴ്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം പുറത്താകാതെ 143) അവരെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്‌. അനുകൂല്‍ റോയ്‌ 72 പന്തില്‍ മൂന്ന്‌ സിക്‌സറും നാല്‌ ഫോറുമടക്കം 72 റണ്ണുമായും തിളങ്ങി. 21 വൈഡുകളെറിഞ്ഞ കേരള ബൗളര്‍മാര്‍ 32 അധിക റണ്‍ വഴങ്ങി.
കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കേരളത്തിനായി നായകനും ഓപ്പണറുമായ രോഹന്‍ കുന്നുമ്മല്‍ (78 പന്തില്‍ 11 സിക്‌സറും എട്ട്‌ ഫോറുമടക്കം 124), സഞ്‌ജു സാംസണ്‍ (95 പന്തില്‍ മൂന്ന്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 101) എന്നിവര്‍ സെഞ്ചുറികളുമായി തിളങ്ങി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ്‌ കേരളം 300-ലധികം റണ്‍ പിന്തുടര്‍ന്നു ജയിക്കുന്നത്‌. സീസണിലെ യയ്യിദ്‌ മുഷ്‌താഖ്‌ അലി ടൂര്‍ണമെന്റിലടക്കം ചാമ്പ്യന്മാരായ ഝാര്‍ഖണ്ഡിനെയാണ്‌ കേരളം മുട്ടുകുത്തിച്ചത്‌. രോഹന്‍ കുന്നുമ്മലാണ്‌ മത്സരത്തിലെ താരം. ഇഷാന്‍ കിഷന്‍ (21 പന്തില്‍ 21) അടക്കം ഫോമിലേക്കുയരാതെ പോയ മത്സരത്തില്‍ കുമാര്‍ കുശാഗ്രയും അനുകൂല്‍ റോയിയും ചേര്‍ന്ന തകര്‍പ്പന്‍ കൂട്ടുകെട്ടാണ്‌ ഝാര്‍ഖണ്ഡിന്‌ മികച്ച സ്‌കോര്‍ സമ്മാനിച്ചത്‌.ഝാര്‍ഖണ്ഡിന്‌ 20 റണ്ണെടുക്കുന്നതിനിടെ രണ്ട്‌ വിക്കറ്റ്‌ നഷ്‌ടമായി. ശിഖര്‍ മോഹനെ (13) ഏദന്‍ ആപ്പിള്‍ ടോമും ആറ്‌ റണ്‍സെടുത്ത ഉത്‌കര്‍ഷ്‌ സിങ്ങിനെ എം.ഡി. നിധീഷും പുറത്താക്കി.
വിരാട്‌ സിങ്‌ (15) കൂടി പുറത്തായതോടെ ഝാര്‍ഖണ്ഡ്‌ മൂന്ന്‌ വിക്കറ്റിന്‌ 65 റണ്‍ എന്ന നിലയിലായി. നാലാം വിക്കറ്റില്‍ ഇഷാന്‍ കിഷനും കുമാര്‍ കുശാഗ്രയും ചേര്‍ന്ന്‌ 46 റണ്‍ കൂട്ടിച്ചേര്‍ത്തു. ഇഷാനെ ബാബ അപരാജിത്‌ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. കേരളം പിടിമുറുക്കുന്നുവെന്ന്‌ തോന്നിച്ച ഘട്ടത്തില്‍ ഒത്തുചേര്‍ന്ന കുമാര്‍ കുശാഗ്രയും അനുകൂല്‍ റോയിയും ചേര്‍ന്ന്‌ നേടിയ 176 റണ്ണിന്റെ കൂട്ടുകെട്ടാണ്‌ ഝാര്‍ഖണ്ഡിനെ മികച്ച സ്‌കോറിലെത്തിച്ചത്‌. രോഹനും സഞ്‌ജുവും ചേര്‍ന്ന്‌ സ്വപ്‌നതുല്യമായ തുടക്കമാണ്‌ നല്‍കിയത്‌. 13-ാം ഓവറില്‍ തന്നെ കേരളത്തിന്റെ സ്‌കോര്‍ 100 കടന്നു. 59 പന്തില്‍ രോഹന്‍ സെഞ്ചുറി കടന്നു. സഞ്‌ജുവും കൂറ്റന്‍ ഷോട്ടുകളുമായി നിറഞ്ഞതോടെ കേരളം 24-ാം ഓവറില്‍ 200 ലെത്തി. സ്‌കോര്‍ 212-ല്‍ നില്‍ക്കെ 124 റണ്ണെടുത്ത രോഹന്‍ പുറത്തായി. 78 പന്തുകളില്‍ നിന്ന്‌ എട്ട്‌ ഫോറും 11 സിക്‌സും അടങ്ങുന്നതായിരുന്നു രോഹന്റെ ഇന്നിങ്‌സ്. വിജയ്‌ ഹസാരെ ട്രോഫിയില്‍ കേരളത്തിനായി ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകളടിച്ച റെക്കോഡിനൊപ്പവും രോഹനെത്തി. 2019 ല്‍ ഛത്തീസ്‌ഗഢിനെതിരെ വിഷ്‌ണു വിനോദ്‌ സ്‌ഥാപിച്ച റെക്കോഡിനൊപ്പമാണ്‌ രോഹന്‍ എത്തിയത്‌. സെഞ്ചുറി പൂര്‍ത്തിയാക്കി അധികം വൈകാതെ സഞ്‌ജു സാംസണും പുറത്തായി. മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ബാബ അപരാജിത്തും (49 പന്തില്‍ 41) വിഷ്‌ണു വിനോദും (33 പന്തില്‍ രണ്ട്‌ സിക്‌സറും മൂന്ന്‌ ഫോറുമടക്കം 40) ചേര്‍ന്ന്‌ 43-ാം ഓവറില്‍ കേരളത്തെ ലക്ഷ്യത്തിലെത്തിച്ചു.

Ads by Google
Saturday 03 Jan 2026 11.38 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW