-->
കൊച്ചി: അസംസ്‌കൃത എണ്ണവില ഗണ്യമായി താഴ്‌ന്നിട്ടും ഇന്ധനവിലകുറയ്‌ക്കാതെ ഉപയോക്‌താക്കളെ പിഴിഞ്ഞ് എണ്ണക്കമ്പനിയുടെ കൊള്ളയടി. ക്രൂഡ് ഓയില്‍ വിലയിടിവിന്റെ ഗുണം ജനത്തിന് എത്തിക്കാതെ നേട്ടം സര്‍ക്കാരും എണ്ണക്കമ്പനികള്‍ക്കും കൊയ്യുന്നു.
ബാരലിന് 80-90 ഡോളര്‍ വിലയുണ്ടായിരുന്ന ക്രൂഡ് വില 60 ഡോളറിലേക്കാണ് താണിരിക്കുന്നത്. താമസിയാതെ ക്രൂഡ് വില 50 ലേക്കു താഴുമെന്നാണ് വിപണി വിദഗ്‌ധര്‍ സൂചിപ്പിക്കുന്നത്.
ക്രൂഡ്‌വില കുത്തനെ കുറയുമ്പോള്‍ എണ്ണക്കമ്പനികളുടെ ലാഭം കുത്തനെ ഉയരുന്നതാണ് കണക്കുകളില്‍ നിന്ന് വ്യക്‌തമാകുന്നത്.
2024 ല്‍ 169.59 കോടി നഷ്‌ടം നേരിട്ടിരുന്ന ഏറ്റവും വലിയ പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ 2025 ല്‍ 7610 കോടിയാണ് അറ്റാദായം നേടിയത്. ഭാരത് പെട്രോളിയത്തിന്റെ അറ്റാദായം 6442.5 കോടിയായി. 2024 ല്‍ 2397.23 കോടിയായിരുന്നു. 168 ശതമാനമാണ് വളര്‍ച്ച. ഹിന്ദുസ്‌ഥാന്‍ പെട്രോളിയത്തിന്റെ അറ്റാദായം 3830 കോടിയായി. വളര്‍ച്ച 570 ശതമാനം.
ക്രൂഡ് വില ഉയര്‍ന്നപ്പോള്‍ എല്ലാവിധ പെട്രോളിയം ഉല്‍പ്പന്നത്തിന്റെയും വില കൂട്ടുന്ന എണ്ണക്കമ്പനികള്‍ ക്രൂഡ് വില താഴുമ്പോള്‍ ഉല്‍പ്പന്ന വില കുറയ്‌ക്കുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുമില്ല.
മോദി സര്‍ക്കാര്‍ അധികാരമേറ്റകാലം തൊട്ട് ക്രൂഡ് വില കുറഞ്ഞു നില്‍ക്കുകയാണ്. ശരാശരി ബാരല്‍ വില 70 ഡോളറിലാണ്. ക്രൂഡ് വില താഴുമ്പോള്‍ നികുതി അടിക്കടിവര്‍ധിപ്പിച്ച് വില ഉയര്‍ത്തുകയാണ് എണ്ണക്കമ്പനികള്‍ ചെയ്‌തുവരുന്നത്. ഒമ്പതുമാസം മുമ്പ് അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ് വില താഴ്‌ന്നതിന് ആനുപാതികമായി ഇന്ധനവില കുറയേണ്ട സാഹചര്യം ഉയര്‍ന്നപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് തീരുവ രണ്ടുരൂപ വര്‍ധിപ്പിച്ചുകൊണ്ട് വില താഴുന്നത് തടഞ്ഞ സംഭവവുമുണ്ടായി.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് 2013-14 കാലത്ത് ഇന്ധനത്തില്‍ നിന്നുള്ള നികുതിയായി 1.53 ലക്ഷം കോടിയായിരുന്നു ഖജനാവില്‍ എത്തിയിരുന്നത്. എന്നാല്‍, 2021-22 കാലത്ത് നികുതി 4.92 ലക്ഷം കോടിയായി ഉയര്‍ന്നു. ഒരു ലിറ്റര്‍ ഇന്ധനത്തിന്റെ 35 ശതമാനം മാത്രമാണ് ക്രൂഡ് ഓയിലിന്റെ വില വിഹിതം. ബാക്കി വിവിധ നികുതികളാണ്. നിലവില്‍ പെട്രോള്‍ വില ലിറ്ററിന് 105.40 രൂപയും ഡീസലിന് 94.50 രൂപയുമാണ്. ക്രൂഡ് വില നന്നേ താഴ്‌ന്നിട്ടും വര്‍ഷങ്ങളായി ഈ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. എന്നാല്‍, വിമാന ഇന്ധന വില പുതുവത്സരത്തില്‍ 7.3 ശതമാനം കുറയ്‌ക്കുകയും ചെയ്‌തു.
ബൈജു ഭാസി