-->
പ്രായഭേദമന്യേ എല്ലാവരും സ്നേഹത്തോടെ ലാലേട്ടനെന്ന് വിളിക്കുന്ന മലയാളികളുടെ സ്വന്തം താരരാജാവാണ് മോഹന്‍ലാല്‍. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മലയാളികളുടെ മനസ്സില്‍ ലാലേട്ടന്‍ ചേക്കേറിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാല്‍ എന്ന നടവിസ്മയും തിരശ്ശീലയില്‍ ആടിത്തീർത്ത കഥാപാത്രങ്ങള്‍ അനവധി.
മോഹന്‍ലാലിന്റെ കുടുംബത്തോടും ഒരു പ്രത്യേക സ്നേഹവും അടുപ്പവും ആരാധകര്‍ക്കുണ്ട്. അതുകൊണ്ടു തന്നെ ഇക്കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി വിടവാങ്ങിയപ്പോള്‍ ആരാധകര്‍ക്കത് തീരാനൊമ്പരമായത്.
ഇപ്പോഴിതാ തന്റെ അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് ദുഃഖത്തില്‍ പങ്കുചേര്‍ന്ന എല്ലാവര്‍ക്കും നന്ദി കുറിക്കുകയാണ് മോഹന്‍ലാല്‍. ‘‘എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങള്‍ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി, സ്നേഹം, പ്രാർത്ഥന...’’ എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിരവധി പേരാണ് താരത്തിന്റെ നന്ദി കുറിപ്പിന് താഴെ കമന്റുകള്‍ കുറിച്ചിരിക്കുന്നത്. ‘ലാലേട്ടനെ ഞങ്ങൾക്ക് തന്ന അമ്മയ്ക്ക് പ്രണാമം, പ്രണാമം... അമ്മ മകൻ ബന്ധത്തിന്റെ ഒരു ഉത്തമ ഉദാഹരണം.... വിശദീകരിക്കാൻ കഴിയാത്ത ആ വികാരം, അമ്മയുടെ ഓർമ്മക്ക് മുൻപിൽ കോടി പ്രണാമം അർപ്പിക്കുന്നു...’ എന്നതടക്കമാണ് കമന്റുകള്‍.
കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു ശാന്തകുമായിരുടെ അന്ത്യം. ആശുപത്രിയില്‍ നിന്ന് ഡോക്ടർ എത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി പക്ഷാഘാതത്തെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാല്‍ ചികിത്സയിലായിരുന്നു ശാന്തകുമാരി അമ്മ. മുടവൻമുഗളിലെ വീട്ടുവളപ്പിലായിരുന്നു ശാന്തകുമാരിയമ്മയുടെ സംസ്ക്കാരം.
മുഖ്യമന്ത്രി പിണറായി വിജയനടക്കം രാഷ്‌ട്രീയ-സിനിമാ മേഖലകളിലെ പ്രമുഖർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തിയിരുന്നു. അമ്മയുടെ വിയോഗം മോഹന്‍ലാലിന് താങ്ങാനാവാത്തത് തന്നെയാണ്, ഈ ലോകത്തില്‍ മോഹന്‍ലാലിന് ഏറെ പ്രിയപ്പെട്ടത് അമ്മ തന്നെയാണ്. പലപ്പോഴും മോഹന്‍ലാലിന്റെ കണ്ണുകള്‍ നിറഞ്ഞിട്ടുള്ളതും അമ്മയെ കുറിച്ച് സംസാരിക്കുമ്പോഴാണ്.
പക്ഷാഘാതം വന്ന് തളര്‍ന്ന് കിടക്കുകയായിരുന്ന ശാന്തകുമാരിക്ക് സംസാരിക്കാൻ കഴിയില്ലെങ്കിലും അമ്മയുടെ നേരിയ ശബ്ദം കേള്‍ക്കാനും മനസ്സിലാക്കാനും മോഹന്‍ലാല്‍ ശ്രമിക്കുമായിരുന്നു. അമ്മയുടെ ഭൗതീകദേഹം ദർശനത്തിനു വച്ചപ്പോള്‍ ഒരു സെക്കൻഡ് പോലും അവിടെ നിന്നും മാറാത്ത മകനെയാണ് ആരാധകര്‍ അവിടെ കണ്ടത്. അവിടെയെത്തിയ ആളുകളെയെല്ലാം ചെറുചിരിയോടെ സ്വീകരിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.
അമ്മയ്ക്ക് രാജകീയമായ രീതിയിലാണ് മോഹന്‍ലാല്‍ യാത്രയയപ്പ് നല്‍കിയത്. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് എത്തിച്ച് അമ്മയുടെ അന്തിമ അഭിലാഷവും മോഹന്‍ലാല്‍ നടത്തികൊടുത്തു. ഈ ജന്മം അമ്മക്ക് വേണ്ടുന്ന എല്ലാ കർമ്മങ്ങളും പൂര്‍ത്തിയാക്കി ഉത്തരവാദിത്വങ്ങള്‍ നിറവേറ്റിയാണ് മകനെന്ന നിലയില്‍ മോഹൻലാല്‍ അമ്മയെ യാത്രയാക്കിയത്. കൊച്ചുമക്കളും മരുമകളും അമ്മക്ക് യാത്രയയപ്പ് നല്‍കുകയും ചെയ്തു. മോഹൻലാലിന്റെ അച്ഛൻ വിശ്വനാഥൻ നായരുടെയും സഹോദരൻ പ്യാരേ ലാലിന്റേയും മൃതദേഹങ്ങള്‍ സംസ്കരിച്ച സ്ഥലത്തിന് സമീപത്തായിരുന്നു മാതാവ് ശാന്തകുമാരി അമ്മയുടേയും സംസ്കാരം.
തിരുവനന്തപുരത്തെ കുടുംബവീട്ടില്‍ ഭർത്താവിനും മൂത്തമകനും ഒപ്പമാണ് അമ്മയുടെ അന്ത്യവിശ്രമം. മോഹൻലാലാണ് ചിതയ്ക്ക് തീ കൊളുത്തിയത്. തൊണ്ണൂറുവയസുവരെയും അമ്മയെ പൊന്നുപോലെ നോക്കാൻ എല്ലാ തിരക്കിന്റെ ഇടയിലും ലോകത്തിന്റെ ഏതു കോണില്‍ നിന്നും മോഹന്‍ലാല്‍ ഓടിയെത്തുമായിരുന്നു.
ശാന്തകുമാരിക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറുകണക്കിന് പേര്‍ വീട്ടിലെത്തി. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി. അബ്ദുറഹ്മാന്‍ തുടങ്ങിയവരും അനുശോചനം അറിയിക്കാന്‍ എത്തിയിരുന്നു.