-->
ടെലിവിഷൻ സ്റ്റാൻഡപ് കോമഡി പരിപാടികളിലൂടെ ശ്രദ്ധേയയായ താരമാണ് മായാ വി. മിനിസ്ക്രീന്‍ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ചിട്ടുള്ള താരത്തിന്റെ പേരിലെ കൗതുകം തന്നെയാണ് ആദ്യം ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. വാസന്തി എന്ന അമ്മയുടെ പേരിന്റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാണു ‘മായാ വി’ ആയത്. ബാലരമയിലെ മായാവിയോട് ചേര്‍ത്ത് കൂട്ടുകാര്‍ വിളിച്ചു തുടങ്ങിതോടെ പേരും ശ്രദ്ധിക്കപ്പെട്ടു.
ടെലിവിഷന്‍ സ്ക്രീനില്‍ ചിരിയുടെ മാലപ്പടക്കം സൃഷ്ടിക്കാറുള്ള മായാ വി. തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂത്താട്ടുകുളം നഗരസഭയിലെ 26-ാം വാര്‍ഡ് എടയാര്‍ വെസ്റ്റില്‍ ഇടതുപക്ഷ സ്ഥാനാർത്ഥിയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പേ പേരുകൊണ്ട് ഏറെ ശ്രദ്ധ നേടിയ സ്ഥാനാര്‍ഥിയായിരുന്നു മായാ വി. പിന്നീട് നിരവധി ട്രോളുകളും മീമുകളും മായാ വി എന്ന പേരുകൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായി. എന്നാല്‍, തെരഞ്ഞെടുപ്പില്‍ മായ പരാജയപ്പെട്ടു. വ്യത്യസ്‌തമായ പേര് കൊണ്ടും മാധ്യമശ്രദ്ധ നേടിയെങ്കിലും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ വ്യാജ അക്കൗണ്ടുകളില്‍ നിന്ന് ഉള്‍പ്പെടെ കടുത്ത സൈബറാക്രമണമാണ് അവർക്ക് നേരിടേണ്ടി വന്നത്
ഇപ്പോഴിതാ തനിക്കെതിരെ വരുന്ന അപകീർത്തികരമായ സോഷ്യല്‍മീഡിയ കമന്റുകളോട് വ്യത്യസ്ത രീതിയില്‍ പ്രതികരിക്കുകയാണ് മായാ വി.
എല്‍ഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചതിലും സോഷ്യല്‍മീഡിയാ കമന്റുകളോട് രൂക്ഷമായി മറുപടി പറഞ്ഞതിലും താൻ ക്ഷമ പറയണമെന്നാണ് ചില ചേട്ടന്മാർ ആഗ്രഹിക്കുന്നതെന്ന് മായ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയില്‍ പറഞ്ഞു. ‘സത്യാവസ്ഥ ഇതാണ്...’ എന്ന ക്യാപ്ഷനോടെ മായാ വി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയുടെ ആദ്യഭാഗത്ത് കണ്ണീരോടെയാണ് അവർ പ്രത്യക്ഷപ്പെടുന്നത്.
തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ശരിയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയുടെ തുടക്കത്തില്‍ വികാരാധീനയായി കണ്ണുനിറഞ്ഞെത്തിയ മായ, പിന്നീട് ‘നിങ്ങള്‍ എന്നെ ഇങ്ങനെയാകും അല്ലെ കാണാൻ ആഗ്രഹിക്കുന്നത്?" എന്ന ചോദ്യത്തോടെ കണ്ണീർ തുടച്ച് മായ പരിഹാസങ്ങള്‍ക്ക് ചുട്ട മറുപടി നല്‍കുന്നു.
‘‘എല്ലാവര്‍ക്കും നമസ്കാരം. ഞാന്‍ കഴിഞ്ഞ ഇലക്ഷന് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി നിന്ന് തോറ്റ കാര്യം നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. എന്റെ വാര്‍ഡല്ലായിരുന്നു, എന്റെ രണ്ടു വാര്‍ഡിപ്പുറം ഒരു വാര്‍ഡിലാണ് ഞാന്‍ നിന്നത്. അതിനു ശേഷം ഇന്‍ബോക്സിലും കമന്റ് ബോക്സിലുമൊക്കെ നല്ല തെറി വരുന്നുണ്ട്. എനിക്കൊരുപാട് തെറി മെസേജുകള്‍ വരുന്നുണ്ട്. ഞാന്‍ കമ്മിയാണെന്നൊക്കെ പറഞ്ഞിട്ട്. എന്നെ എല്‍ഡിഎഫ് നിർബന്ധിച്ച് മത്സരിപ്പിച്ചതാണ്. ശരിക്കും നിങ്ങള്‍ പറഞ്ഞതാണ് ശരി. സ്വതന്ത്രയായി നിന്നിരുന്നെങ്കില്‍ ജയിക്കുമായിരുന്നു. അല്ലെങ്കില്‍ വേറെ ഏതു പാര്‍ട്ടിയില്‍ നിന്നെങ്കിലും ഞാന്‍ ജയിച്ചേനേ. കമന്റുകള്‍ വരുമ്പോള്‍ ഞാന്‍ ദേഷ്യത്തിന് തിരിച്ചെന്തൊക്കെയോ പറഞ്ഞിട്ടുണ്ട്. ഞാന്‍ എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ടെങ്കില്‍ ക്ഷമിക്കണം....’’ ഇങ്ങനെ പറഞ്ഞ് കണ്ണുനീര്‍ തുടയ്ക്കുകയാണ് മായാ വി.
അതു കഴിഞ്ഞാണ് ട്വിസ്റ്റ് എത്തുന്നത്. ‘‘ ഞാന്‍ ഇങ്ങനെ പറയുമെന്നാണ് ചില ചേട്ടന്മാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അത് നടക്കില്ല. ഞാൻ കരയും, ക്ഷമ പറയുമെന്നൊക്കെയാണ് അവർ കരുതിയത്. ഞാൻ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ഇലക്ഷന് നിന്നത്. ആ പാർട്ടി എന്റെ കൂടെ തന്നെ കാണും. ഞാനതില്‍ നിന്ന് മാറിപ്പോകില്ല. നിനക്കൊന്ന് പൊട്ടിക്കരഞ്ഞൂടെ എന്ന് പറയുന്നവർക്കാണ് ഈ വീഡിയോ. അങ്ങനെ കരഞ്ഞ് മൂലക്കിരിക്കുന്നവളല്ല ഞാൻ. എനിക്കിപ്പോള്‍ അതിന് സമയമില്ല. ഈ കമന്റ് ഇടുന്ന ചേട്ടന്മാർ നിങ്ങളുടെ വിജയ സർട്ടിഫിക്കറ്റുകളുടെ ഫോട്ടോ ഇടൂ, എന്നിട്ട് എന്തെങ്കിലും പറഞ്ഞോ. ജീവിതത്തില്‍ ഒരുപാട് തോറ്റിട്ടുള്ളവളായോണ്ട് എനിക്ക് പ്രശ്നമില്ല. പിന്നെ, കമന്റിടുന്ന ചേട്ടന്മാരോട്, നിങ്ങളുടെ അക്കൗണ്ട് പൂട്ടിവെച്ചിട്ട് തെറി വിളിക്കരുത്.
ഒരു സ്ത്രീയായ ഞാൻ വരെ അക്കൗണ്ട് പബ്ലിക്കാക്കി വെച്ചിരിക്കുന്നു. നിങ്ങള്‍ക്കത് പ്രശ്നമല്ല. നാട്ടിലും വീട്ടിലും അത്ര വിലയേ കാണൂ. പക്ഷേ എന്റെ അവസ്ഥ അതല്ല. എന്നെ പഠിപ്പിച്ച ഗുരുക്കന്മാർ, എന്റെ വീട്ടുകാർ, ഭർത്താവിന്റെ വീട്ടുകാർ തുടങ്ങി എന്നെ സ്നേഹിക്കുന്ന എല്ലാവരും അതിലുണ്ട്. അവർക്ക് ബഹുമാനം നല്‍കുന്നതിനാലാണ് ഞാൻ അവിടെയും ഇവിടെയും തൊടാതെ മറുപടി നല്‍കിയത്.
എനിക്ക് ദൈവങ്ങളുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് വരെ തെറിവിളി വരുന്നു. കഴിഞ്ഞ ദിവസം ശിവന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് വരെ തെറിവിളി വന്നു. മറ്റുള്ളവരുടെ രാഷ്ട്രീയത്തെയും വ്യക്തിത്വത്തെയും ബഹുമാനിക്കുന്നയാളാണ്. തിരിച്ച് ഞാനും പ്രതീക്ഷിക്കും. ഞാൻ അടിമയല്ല, അടിമ ആയിരുന്നെങ്കില്‍ നിങ്ങള്‍ പറയുമ്പോള്‍ കുമ്പിട്ട് തല കുനിച്ചു നില്‍ക്കുമായിരുന്നു. ഞാൻ അടിമയല്ല, ഞാൻ തലയുയർത്തി നില്‍ക്കും. കുറച്ച് വ്യാജ അക്കൗണ്ടുകളില്‍ നിന്നുള്ള അധിക്ഷേപങ്ങളും കൊണ്ട് തളരില്ല. നിങ്ങളുടെ നൈരാശ്യം തെറിവിളിയായിട്ടാണ് വരുന്നത്. നിങ്ങളുടെ തെറിവിളികളാണ് മോണിറ്റൈസേഷനായ എന്റെ അക്കൗണ്ടില്‍ പണമായി വരുന്നത്.
ഇതിനൊക്കെ ഇടയില്‍ എന്നെ ചേര്‍ത്തു പിടിക്കുന്ന സ്നേഹിക്കുന്ന കുറച്ചു പേരുണ്ട്. അവരോടും ഒരുപാട് നന്ദിയുണ്ട്....’’ മായാ വി പങ്കിട്ട വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി. നിരവധി പേരാണ് മായക്ക് പിന്തുണയുമായി കമന്റ് ബോക്സില്‍ എത്തിയത്.