-->
ഭോപ്പാല്‍: മലിനജല ദുരന്തത്തില്‍ ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉദ്യോഗസ്‌ഥര്‍ക്കെതിരേ കര്‍ശന നടപടിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍. ഇന്‍ഡോര്‍ അഡീഷണല്‍ കമ്മിഷണര്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്നിവരെ മാറ്റാനും ആവശ്യമായ തസ്‌തികകള്‍ അടിയന്തരമായി നികത്താനും മുഖ്യമന്ത്രി മോഹന്‍ യാദവ് നിര്‍ദേശിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല ഉദ്യോഗസ്‌ഥ സംഘത്തെയും നിയോഗിച്ചു.
അതേസമയം, മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു. ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ടുപേരാണ് ഇന്നലെ മരിച്ചത്.
പ്രധാന ജലവിതരണ പൈപ്പ്‌ലൈനിലുണ്ടായ ചോര്‍ച്ചയാണ് ദുരന്തത്തിനു കാരണമായതെന്ന് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കുടിവെള്ള പൈപ്പിനു മുകളിലായി ശൗചാലയം നിര്‍മിച്ചിരുന്നു. ഇവിടെനിന്നുള്ള മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നതാണ് ദുരന്തത്തിനു കാരണമായതെന്നാണു നിഗമനം.
സ്‌ഥിതിഗതികള്‍ വിലയിരുത്താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്നലെ ഉന്നതതലയോഗം ചേര്‍ന്നിരുന്നു. ചീഫ് സെക്രട്ടറിയും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്‌ഥരും യോഗത്തില്‍ പങ്കെടുത്തു. മലിനീകരണ വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗം അവലോകനം ചെയ്‌തു.
ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. ഉന്നതതല അവലോകനത്തിന് ശേഷം അടിയന്തര അച്ചടക്ക, തിരുത്തല്‍ നടപടികള്‍ക്ക് ഉത്തരവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു.
ഇന്‍ഡോര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ ഉദ്യോഗസ്‌ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കും. അഡീഷണല്‍ കമ്മിഷണറെ ഇന്‍ഡോറില്‍നിന്ന് ഉടന്‍ മാറ്റാനും സൂപ്രണ്ടിങ് എന്‍ജിനീയറെ ജലവിതരണവകുപ്പിലെ ചുമതലയില്‍നിന്ന് ഒഴിവാക്കാനും നിര്‍ദേശം നല്‍കി. കോര്‍പ്പറേഷനിലെ ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകള്‍ ഉടന്‍ നികത്താനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
ഇന്‍ഡോറില്‍ ചികിത്സയില്‍ കഴിയുന്നവരെ മുഖ്യമന്ത്രി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. എല്ലാവര്‍ക്കും ശരിയായ ചികിത്സ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി ആശുപത്രി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഛര്‍ദി, വയറിളക്കം എന്നിവ ബാധിച്ച് 198 പേരാണ് ചികിത്സയില്‍ കഴിയുന്നത്.
ഇതില്‍ 36പേരെ ഡിസ്‌ചാര്‍ജ് ചെയ്‌തു. വീടുകളിലെത്തി പരിശോധന നടത്താന്‍ പ്രത്യേക മെഡിക്കല്‍ സംഘങ്ങളെ നിയോഗിച്ചതായി ഇന്‍ഡോര്‍ ജില്ലാ ഭരണകൂടം അറിയിച്ചു.
നേരിയ ലക്ഷണങ്ങളുള്ള 1146പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. ഗുരുതരമായ ലക്ഷണങ്ങളുള്ളവരെ ആശുപത്രിയിലേക്കു മാറ്റി.
അതേസമയം, സംഭവത്തില്‍ തല്‍സ്‌ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ദുരന്തബാധിതര്‍ക്ക് അടിയന്തര ചികിത്സ ഉറപ്പാക്കാനും മധ്യപ്രദേശ് ഹൈക്കോടതി സംസ്‌ഥാന സര്‍ക്കാരിനോടു നിര്‍ദേശിച്ചിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു ഹര്‍ജികളാണു കോടതിയുടെ പരിഗണനയിലുള്ളത്. കേസ് വീണ്ടും ഈ മാസം ആറിനു പരിഗണിക്കും.