Thursday, March 12, 2026 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.08 AM

സീറ്റ്‌ തര്‍ക്കം: നേതാവ്‌ സ്വന്തം പാര്‍ട്ടിക്കാരന്റെ നാമനിര്‍ദേശ പത്രിക വിഴുങ്ങി!

uploads/news/2026/01/818812/1.jpg

മുംബൈ: സ്വന്തം പാര്‍ട്ടിയിലെ എതിരാളിയെ നേരിടാന്‍ ശിവസേന(ഷിന്‍ഡേ) നേതാവ്‌ ഉദ്ദവ്‌ കാംബ്ലെ ഉപയോഗിച്ചത്‌ പുതിയ തന്ത്രമാണ്‌. സ്വന്തം പാര്‍ട്ടിക്കാരനായ മച്ചിന്ദ്ര ദാവലെയുടെ നാമനിര്‍ദേശ പത്രിക അദ്ദേഹം വിഴുങ്ങി!
മഹാരാഷ്‌ട്രയില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകള്‍ ചൂടുപിടിക്കുന്നതിനിടെയാണു സംഭവം. പുനെയിലെ ധന്‍കവാഡി സഹകാര്‍ നഗര്‍ മേഖലയിലെ വാര്‍ഡ്‌ നമ്പര്‍ 36എ യില്‍നിന്നുള്ള സ്‌ഥാനാര്‍ഥികളാണ്‌ ഇരുവരും.
ഉപമുഖ്യമന്ത്രി ഏകനാഥ്‌ ഷിന്‍ഡേയുടെ വിശ്വസ്‌തര്‍ എന്ന്‌ അവകാശപ്പെടുന്നവര്‍. മണ്ഡലത്തിലെ സ്‌ഥാനാര്‍ഥി താനായിരിക്കുമെന്നാണു ഉദ്ദവ്‌ കാംബ്ലെ വിചാരിച്ചത്‌.
പത്രിക സമര്‍പ്പിക്കാന്‍ പോയപ്പോഴാണ്‌ മച്ചിന്ദ്രയും സീറ്റിനു ശ്രമിക്കുന്നതായി അദ്ദേഹത്തിനു വിവരം ലഭിച്ചത്‌. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഉദ്യോഗസ്‌ഥര്‍ക്ക്‌ മുന്നില്‍വച്ച്‌ ഇരുവരുടെയും അണികള്‍ ഏറ്റുമുട്ടി. അതിനിടെയാണു മച്ചിന്ദ്രയുടെ പത്രിക കാംബ്ലെ തട്ടിയെടുത്ത്‌ ചുരുട്ടി വിഴുങ്ങിയത്‌. കാംബ്ലെ പത്രിക വിഴുങ്ങിയെന്ന തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ പരാതിയുടെ അടിസ്‌ഥാനത്തില്‍ ഭാരതി വിദ്യാപീഠ പോലീസ്‌ കേസെടുത്തിട്ടുണ്ട്‌.
എന്നാല്‍, താന്‍ പത്രിക വിഴുങ്ങിയെന്ന ആരോപണം കാംബ്ലെ നിഷേധിച്ചു. പാര്‍ട്ടിയില്‍ രണ്ടാമതൊരു സ്‌ഥാനാര്‍ത്ഥിയുണ്ടെന്ന്‌ താന്‍ കേട്ടതായി അദ്ദേഹം പറഞ്ഞു.
'ഈ ദാവലെ ആരാണെന്ന്‌ എനിക്കറിയില്ല. അദ്ദേഹത്തിനു ശിവസേനയുമായി ഒരു ബന്ധവുമില്ല, പാര്‍ട്ടിയുടെ ഔദ്യോഗിക വ്യക്‌തിയുമല്ല. ഞാന്‍ അയാളെ കണ്ടിട്ടുപോലുമില്ല'- അദ്ദേഹം പറഞ്ഞു. സീനിയര്‍ പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ടപ്പോള്‍ താനാണു സ്‌ഥാനാര്‍ഥിയെന്ന ഉറപ്പ്‌ ലഭിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. 'ഞാന്‍ വൈദ്യപരിശോധനയ്‌ക്ക്‌ വിധേയനാകാന്‍ തയാറാണ്‌. എന്റെ വയറ്റില്‍നിന്ന്‌ ഫോം കണ്ടെത്തിയാല്‍, അവര്‍ക്ക്‌ നിയമപരമായ നടപടികളുമായി മുന്നോട്ട്‌ പോകാം. എന്നാല്‍ അത്‌ കണ്ടെത്തിയില്ലെങ്കില്‍, അവര്‍ വ്യാജ പരാതി പിന്‍വലിക്കണം.'- അദ്ദേഹം പറഞ്ഞു.
സംഭവം നടന്നപ്പോള്‍ താന്‍ ഓഫീസിലില്ലായിരുന്നതായി ദാവലെ പറഞ്ഞു. തന്റെ ഫോം കീറിയെന്നും വിഴുങ്ങിയെന്നും കേട്ടതായി അദ്ദേഹം പറഞ്ഞു. ശിവസേനയുടെ ഔദ്യോഗിക സ്‌ഥാനാര്‍ഥിയെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ആരാണ്‌ 'യഥാര്‍ത്ഥ' സ്‌ഥാനാര്‍ത്ഥി എന്ന്‌ ശിവസേന ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല.

Ads by Google
Saturday 03 Jan 2026 10.08 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW