-->
ന്യൂഡല്‍ഹി: യു.എ.പി.എ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന ജെ.എന്‍.യു മുന്‍ വിദ്യാര്‍ഥി നേതാവ് ഉമര്‍ ഖാലിദിന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി എഴുതിയ കത്ത് പുറത്ത്. മംദാനി മേയറായി സത്യപ്രതിജ്‌ഞ ചെയ്‌തതിനു പിന്നാലെ പുറത്തുവന്ന കത്തും വിവാദത്തിലായി.
ഖാലിദിന്റെ സുഹൃത്തായ ബാനോജ്യോത്സ്‌ന ലാഹിരി സാമൂഹിക മാധ്യമമായ എക്‌സില്‍ പങ്കുവെച്ചതോടെയാണ് കത്ത് വ്യാപകമായി പ്രചരിച്ചത്.
ഖാലിദിനയച്ച കൈയെഴുത്ത് സന്ദേശത്തിലെ വരികള്‍ ഇങ്ങനെയാണ്: പ്രിയപ്പെട്ട ഉമര്‍, കയ്‌പേറിയ അനുഭവങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ വാക്കുകള്‍ ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. പ്രിയപ്പെട്ട ഉമര്‍, കഷ്‌ടപ്പാടുകളെ കുറിച്ചുള്ള നിങ്ങളുടെ വാക്കുകളും അത് നിങ്ങളെ കീഴ്‌പ്പെടുത്താതിരിക്കുന്നതിനെ കുറിച്ചും ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്.
നിങ്ങളുടെ മാതാപിതാക്കളെ കണ്ടുമുട്ടാന്‍ കഴിഞ്ഞതില്‍ സന്തോഷം'. ഞങ്ങളുടെ എല്ലാവരുടേയും ചിന്തയില്‍ നീയുണ്ടെന്നു പറഞ്ഞ് മംദാനി കത്ത് അവസാനിപ്പിക്കുന്നു.
ഉമര്‍ ഖാലിദിന്റെ മാതാപിതാക്കള്‍ 2025 ഡിസംബറില്‍ യു.എസ് സന്ദര്‍ശിച്ച സമയത്ത്, അവര്‍ക്ക് മംദാനി നേരിട്ട് കൈമാറിയതാണ് ഈ കത്തെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2020-ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ പ്രതിയായ ഖാലിദ്, അഞ്ചുവര്‍ഷമായി ജയിലിലാണ്. 2022-ലും 2023-ലും ഇയാള്‍ക്ക് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.