Thursday, March 12, 2026 Last Updated 4 Min 12 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.08 AM

ക്ഷണക്കത്തില്‍ 'പുലി' പ്രഭാകരന്‍ എം.ഡി.എം.കെയുടെ ചടങ്ങ്‌ ബഹിഷ്‌കരിച്ച്‌ കോണ്‍ഗ്രസ്‌

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കേ, തമിഴ്‌നാട്ടില്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള ഭരണമുന്നണിയിലെ ഘടകകക്ഷികളായ കോണ്‍ഗ്രസും എം.ഡി.എം.കെയും തമ്മില്‍ ഭിന്നത. വൈകോ നയിക്കുന്ന എം.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണപദയാത്ര ഉദ്‌ഘാടനം കോണ്‍ഗ്രസ്‌ ബഹിഷ്‌കരിച്ചു. ക്ഷണമുണ്ടായിരുന്നെങ്കിലും പി.സി.സി. അധ്യക്ഷന്‍ കെ. ശെല്‍വപെരുന്തഗൈ ചടങ്ങില്‍ പങ്കെടുത്തില്ല.
രാജീവ്‌ ഗാന്ധി വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്‍.ടി.ടി.ഇയുടെ കൊല്ലപ്പെട്ട മേധാവി വേലുപ്പിള്ള പ്രഭാകരന്റെ ചിത്രം എം.ഡി.എം.കെ. ക്ഷണക്കത്തില്‍ ഉള്‍പ്പെടുത്തിയതാണ്‌ കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചത്‌. എല്‍.ടി.ടി.ഇ. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനയാണ്‌. തിരുച്ചിറപ്പള്ളിയില്‍ മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിനാണ്‌ എം.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ്‌ പ്രചാരണപദയാത്ര ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌ത്‌.
എല്‍.ടി.ടി.ഇയെ അനുകൂലിക്കുന്നവര്‍ക്കൊപ്പം വേദി പങ്കിടാന്‍ കഴിയില്ലെന്നു കോണ്‍ഗ്രസ്‌ വൃത്തങ്ങള്‍ വ്യക്‌തമാക്കി. മുന്നണി ഒറ്റക്കെട്ടാണെങ്കിലും ആശയപരമായ ഭിന്നതകളുണ്ടെന്നും കോണ്‍ഗ്രസ്‌ ചൂണ്ടിക്കാട്ടുന്നു. ഡി.എം.കെ. സഖ്യത്തിലെ മറ്റ്‌ ഘടകകക്ഷി നേതാക്കളായ കാദര്‍ മൊഹിദീന്‍ (മുസ്ലിം ലീഗ്‌), തിരുമാളവന്‍ (വി.സി.കെ), അരുണാചലം (എം.എന്‍.എം) എന്നിവരും സി.പി.എം, സി.പി.ഐ. നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
തമിഴ്‌നാടിന്റെ കടബാധ്യത ബി.ജെ.പി. ഭരിക്കുന്ന ഉത്തര്‍പ്രദേശിനേക്കാള്‍ ഉയര്‍ന്നതാണെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ പ്രവീണ്‍ ചക്രവര്‍ത്തി കഴിഞ്ഞദിവസം വിമര്‍ശിച്ചതും സഖ്യത്തില്‍ അസ്വാരസ്യത്തിനിടയാക്കിയിരുന്നു. പ്രവീണ്‍ ചക്രവര്‍ത്തിയെ എതിര്‍ത്തും ഡി.എം.കെയെ പിന്തുണച്ചും കോണ്‍ഗ്രസ്‌ എം.പിമാരായ എസ്‌. ജോതിമണിയും മാണിക്കം ടാഗോറും രംഗത്തെത്തി.
എല്‍.ടി.ടി.ഇ. അനുകൂലികളായ എം.ഡി.എം.കെയ്‌ക്കൊപ്പം മുന്നണിയില്‍ തുടരുന്ന കോണ്‍ഗ്രസിന്റെ ധാര്‍മികത ചോദ്യംചെയ്‌ത്‌ ബി.ജെ.പി. രംഗത്തെത്തി. രാജീവ്‌ ഗാന്ധി വധക്കേസ്‌ പ്രതി എ.ജി. പേരറിവാളന്റെ ജയില്‍മോചനത്തെ മുഖ്യമന്ത്രി സ്‌റ്റാലിന്‍ സ്വാഗതം ചെയ്‌തതിനെപ്പറ്റി കോണ്‍ഗ്രസ്‌ വിശദീകരിക്കണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.

Ads by Google
Saturday 03 Jan 2026 10.08 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW