-->
സിഡ്‌നി: സജീവ ക്രിക്കറ്റില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപനവുമായി ഓസ്‌ട്രേലിയന്‍ മുന്‍നിര ബാറ്റര്‍ ഉസ്‌മാന്‍ ഖവാജ. ഇം?ണ്ടിനെതിരായ ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ഇന്നു തുടങ്ങുന്ന അവസാന ടെസ്‌റ്റായിരിക്കും ഓസ്‌ട്രേലിയന്‍ ജഴ്‌സിയില്‍ തന്റെ അവസാനമത്സരമെന്ന് ഖവാജ വ്യക്‌തമാക്കി. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് (എസ്.സി.ജി) പ്രസ് റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മുപ്പത്തൊമ്പതുകാരനായ താരത്തിന്റെ വിരമിക്കല്‍ പ്രഖ്യാപനം. എസ്.സി.ജിയില്‍ ഫസ്‌റ്റ് ക്ലാസ് കരിയറിലെയും ദേശീയ ടീമിലെയും ആദ്യമത്സരത്തിനിറങ്ങിയ ഖവാജ അതേ വേദിതന്നെയാണ് വിരമിക്കലിനായി തെരഞ്ഞെടുത്തതെന്നതും ശ്രദ്ധേയം. ദേശീയജഴ്‌സിയഴിക്കുകയാണെങ്കിലും ബിഗ് ബാഷ് ലീഗി (ബി.ബി.എല്‍)ലും ഷെഫീല്‍ഡ് ഷീല്‍ഡിലും തുടര്‍ന്നും കളിക്കുമെന്ന് ഖവാജ വ്യക്‌തമാക്കിയിട്ടുണ്ട്.
2011-ലെ ആഷസ് പരമ്പരയില്‍ റിക്കി പോണ്ടിങ്ങിനു പകരക്കാരനായി ഓസ്‌ട്രേലിയന്‍ ടെസ്‌റ്റ് ടീമില്‍ ഉസ്‌മാന്‍ ഖവാജ ഇടംനേടിയപ്പോള്‍ പിറന്നതു ചരിത്രമായിരുന്നു. ഓസീസ് ടീമില്‍ കളിക്കുന്ന ആദ്യ പാകിസ്‌താന്‍ വംശജനും മുസ്ലിമുമായ താരമായി ഖവാജ. മത്സരത്തില്‍ 37, 21 എന്നിങ്ങനെയാണ് ഈ ഇടംകൈയന്‍ ബാറ്റര്‍ സ്വന്തം പേരിലാക്കിയത്. ഡേവിഡ് ഗവറിനെ അനുസ്‌മരിപ്പിക്കുന്ന ബാറ്റിങ്ങുമായി കളത്തിലെത്തിയ താരം പിന്നീട് ദേശീയ ടീമിലെ സ്‌ഥിരം സാന്നിധ്യമായി. ഓപ്പണറായും വണ്‍ഡൗണായും മികച്ച പ്രകടനമാണ് ഖവാജ ഓസീസ് ടീമിനായി കാഴ്‌ചവച്ചത്.
15 വര്‍ഷത്തോളം നീണ്ട കരിയറിലെ 88-ാം ടെസ്‌റ്റോടെയാണ് ഖവാജ വിരമിക്കുന്നത്. 87 ടെസ്‌റ്റുകളിലെ 157 ഇന്നിങ്‌സില്‍നിന്ന് 6206 റണ്‍ നേടാന്‍ ഖവാജയ്‌ക്കായി. 232 റണ്ണാണ് ഉയര്‍ന്ന സ്‌കോര്‍. 16 സെഞ്ചുറികളും 28 അര്‍ധസെഞ്ചുറികളും അക്കൗണ്ടിലുണ്ട്. മൂന്ന് ഇന്നിങ്‌സുകളിലായി ആകെ 18 പന്തെറിഞ്ഞ് ബൗളിങ്ങിലും പരീക്ഷണം നടത്തി. പക്ഷേ, വിക്കറ്റൊന്നുമില്ല. 2023-ല്‍ ഐ.സി.സിയുടെ ടെസ്‌റ്റ് ക്രിക്കറ്റര്‍ ഓഫ് ദ് ഇയര്‍ പുരസ്‌കാരം ഖവാജയ്‌ക്കായിരുന്നു.
40 ഏകദിനങ്ങളിലും താരം ഓസീസ് ജഴ്‌സിയണിഞ്ഞു. 2013 ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരേ മെല്‍ബണിലായിരുന്നു ഏകദിനത്തിലെ അരങ്ങേറ്റം. 39 ഇന്നിങ്‌സില്‍ 1554 റണ്ണടിച്ച ഖവാജയുടെ ഏകദിനത്തിലെ ഉയര്‍ന്ന സ്‌കോര്‍ 104 റണ്ണാണ്. രണ്ടു സെഞ്ചുറികളും 12 അര്‍ധസെഞ്ചുറികളും നേടി.
ഒന്‍പത് ട്വന്റി-20യില്‍നിന്ന് 240 റണ്ണടിക്കാനും താരത്തിനായി. 58 റണ്ണാണ് ഉയര്‍ന്ന സ്‌കോര്‍. 2019 ജൂലൈയില്‍ മാഞ്ചസ്‌റ്ററില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് അവസാനമായി ഏകദിനം കളിച്ചത്.
2011 ജനുവരി മൂന്നു മുതല്‍ ഏഴുവരെ നടന്ന ആഷസ് പരമ്പരയിലെ മത്സരത്തില്‍ ടെസ്‌റ്റ് അരങ്ങേറ്റം നടത്തിയ ഖവാജ അതേ തീയതിയില്‍, അതേ എതിരാളികള്‍ക്കെതിരേ, അതേ വേദിയില്‍ത്തന്നെ വിടവാങ്ങുന്നുവെന്ന സവിശേഷതയും ചരിത്രത്തില്‍ ഇടംനേടും അഞ്ചാംവയസില്‍ മാതാപിതാക്കള്‍ക്കൊപ്പം പാകിസ്‌താനില്‍നിന്ന് ഓസ്‌ട്രേലിയയിലേക്കു കുടിയേറി ക്രിക്കറ്റില്‍ ഏതൊരാളും മോഹിക്കുന്ന ദേശീയ ജഴ്‌സിയണിയാനായത് ഖവാജയുടെ പ്രയത്നം ഒന്നുകൊണ്ടു മാത്രമാണ്.
ഞാന്‍ പാകിസ്‌താനില്‍നിന്നുള്ള അഭിമാനിയായ മുസ്ലിമാണ്. ഓസ്‌ട്രേലിയയ്‌ക്കായി ഇത്രത്തോളം മത്സരങ്ങളില്‍ കളിക്കാനായതില്‍ ഭാഗ്യവാനാണ്. എന്റെ ഈ യാത്ര മറ്റുപലരെയും പ്രചോദിപ്പിക്കും- വിരമിക്കല്‍ പ്രഖ്യാപന വേളയിലെ ഖവാജയുടെ വാക്കുകള്‍ ഓസീസ് ജഴ്‌സി സ്വപ്‌നം കാണുന്ന യുവതലമുറയ്‌ക്ക് ആത്മവിശ്വാസം പകരുമെന്നുറപ്പ്.