-->
വിദേശീയര്‍ക്ക് ഇന്ത്യയിലെത്തുന്നതും ഇവിടുത്തെ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും ഇവിടെ മാത്രം കിട്ടുന്ന സ്പെഷ്യല്‍ ഫുഡുകള്‍ കഴിക്കുന്നതുമൊക്കെ എന്നും ആവേശമാണ്. ഇന്ത്യയിലെത്തിയ ശേഷമുള്ള അനുഭവങ്ങള്‍ മിക്ക വിദേശീയരും സോഷ്യല്‍ മീഡിയയിലൂടെ പങ്കിടാറുണ്ട്. കൂടുതല്‍ ആളുകളും ഇവിടുത്തെ നന്മകള്‍ മാത്രമാണ് അതിലൂടെ പങ്കിടാറുള്ളത്. മിക്ക ആളുകളും ഭക്ഷണത്തിന്റെ പ്രത്യേകതകളാണ് തങ്ങളുടെ അനുഭവങ്ങളില്‍ ഉള്‍പ്പെടുത്താറുള്ളത്.
ഇപ്പോഴിതാ ആദ്യമായി ഇന്ത്യൻ സ്‌നാക്കുകള്‍ കഴിച്ച അനുഭവം പങ്കിടുകയാണ് വിദേശ യുവതി. യുഎസില്‍ നിന്നുള്ള കണ്ടന്റ് ക്രിയേറ്ററായ ഹാലി പാരറ്റാണ് ഇവിടുത്തെ ചില സ്നാക്സുകള്‍ കഴിച്ച ശേഷമുള്ള തന്റെ അഭിപ്രായം പങ്കിട്ടിരിക്കുന്നത്. ‘‘ഇന്ത്യയില്‍ നിന്നുള്ള സ്‌നാക്കുകള്‍ ആദ്യമായി കഴിക്കുന്നു...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് ഹാലി പാരറ്റിന്റെ വീഡിയോ.
വീഡിയോയില്‍ ഹാലി ആദ്യം കഴിക്കുന്നത് ഇന്ത്യയിലെ പ്രമുഖ ബിസ്‌കറ്റായ മില്‍ക്ക് ബികിസ് ആണ്. ബിസ്‌കറ്റിന്റെ കവറിലെ പാലിന്റെ പടം കണ്ട് ബിസ്‌കറ്റ് പാലില്‍ മുക്കിക്കഴിക്കുകയും ചെയ്യുന്നുണ്ട് ഹാലി. ഇത് അമേരിക്കയിലെ നില്ല വാഫറുമായി സാമ്യമുള്ളതാണെന്ന് പറയുന്ന ഹാലി, അതിന് പത്തില്‍ 7.8 റേറ്റിംഗ് നല്‍കുകയും ചെയ്തു.
പിന്നീടാണ് ലെയ്സ് കഴിക്കുന്നത്. മാജിക് മസാല ലേയ്‌സ് ചിപ്‌സ് ആണ് ഹാലി കഴിച്ചത്. കഴിച്ചു കഴിഞ്ഞതും തനിക്ക് ഇത് ഏറ്റവും പ്രിയപ്പെട്ടതായി മാറിയെന്ന് പറയുകയും ചെയ്തു. ‘ഇതുവരെ കഴിച്ചതില്‍ ഇത്രയും സ്‌പൈസിയായിട്ടുള്ളത് കഴിച്ചിട്ടില്ല, പത്തില്‍ പത്ത് റേറ്റിംഗ് ആണ് നല്‍കുന്നത്...’ എന്നും ഹാലി പറയുന്നു. തുടർന്ന് കച്ചാ മാംഗോ ബൈറ്റ്‌സ്, നൈസ് ടൈം കുക്കീസ്, 50-50 ബിസ്‌കറ്റ്, മില്‍ക്ക് കാൻഡീസ് തുടങ്ങിയ ഇന്ത്യൻ സ്‌നാക്കുകളും ഹാലി പരീക്ഷിച്ചു. താൻ അടുത്തതായി ഏത് സ്‌നാക്ക് പരീക്ഷിക്കണമെന്ന് ഹാലി ഇന്ത്യക്കാരോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. വീഡിയോ പങ്കിട്ട് നിമിഷനേരം കൊണ്ട് വൈറലായി. നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്റുകളും പുതിയ സ്നാക്സിനെപ്പിറ്റിയുള്ള അഭിപ്രായങ്ങളും കുറിക്കുന്നത്.