-->
തൃശൂര്‍: കൂറുമാറാന്‍ സിപിഐഎം നേതൃത്വം കോഴ വാഗ്ദാനം ചെയ്‌തെന്ന് മുസ്‌ളീംലീഗ് സ്വതന്ത്രന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖയില്‍ പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരെ. പരാതിയില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി.
തൃശൂര്‍ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തില്‍ മുസ്ലീംലീഗ് സ്വതന്ത്രന്‍ എല്‍ഡിഎഫിന് കൂറുമാറി വോട്ട് ചെയ്ത സംഭവത്തില്‍ മുസ്ലീംലീഗ് സ്വതന്ത്രനായി മത്സരിച്ച ഇയു ജാഫറിന്റെ പേരിലാണ് ശബ്ദരേഖ പ്രചരിക്കുന്നത്. അമ്പത് ലക്ഷം രൂപ ഇപ്പോള്‍ ഓഫര്‍ ഉണ്ട്. ഒന്നെങ്കില്‍ പ്രസിഡന്റാകാമെന്നും അല്ലെങ്കില്‍ അമ്പത് ലക്ഷം രൂപ എന്നായിരുന്നു ശബ്ദരേഖയില്‍ പറയുന്നത്.
അബദ്ധത്തില്‍ വോട്ടു മാറി ചെയ്തതാണെന്നായിരുന്നു ഇയു ജാഫറിന്റെ വിശദീകരണം. പിന്നാലെ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റുമായി സംസാരിക്കുന്ന രീതിയിലുള്ള ശബ്ദരേഖ പുറത്തുവരികയായിരുന്നു. പാര്‍ട്ടി നടപടി വന്നതിന് പിന്നാലെ ലീഗ് സ്വതന്ത്രനായ ജാഫര്‍ മാസ്റ്റര്‍ നേരത്തെ വാര്‍ഡ് മെമ്പര്‍ സ്ഥാനം രാജി വച്ചിരുന്നു.
ആകെയുള്ള 14 ഡിവിഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 7 വീതമാണ് സീറ്റുകള്‍ ലഭിച്ചിരുന്നത്. തുടര്‍ന്ന്, പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പ്രസിഡന്റ് സ്ഥാനാര്‍ഥി കെവി നഫീസ എല്‍ഡിഎഫില്‍ നിന്നുള്ള ഏഴും, യുഡിഎഫില്‍ നിന്നുള്ള ഒരു വോട്ടും ചേര്‍ത്ത് എട്ട് വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.