-->
കൊച്ചി: കേസ് ഒതുക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥര്‍ കശുവണ്ടി വ്യവസായിയില്‍നിന്നു രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസ് സംസ്ഥാന വിജിലന്‍സിനു കൈമാറിയത് സി.ബി.ഐ. കൊച്ചി യൂണിറ്റ്. പരാതി പരിശോധിച്ചശേഷം അന്വേഷണാനുമതി തേടി സര്‍ക്കാരിനെ സമീപിച്ചപ്പോള്‍ അനുമതി നല്‍കിയില്ല. തുടര്‍ന്നാണു തങ്ങള്‍ക്കു ലഭിച്ച പരാതികളും പ്രഥമികാന്വേഷണത്തിലെ വിവരങ്ങളുമടക്കം സി.ബി.ഐ. സംസ്ഥാന വിജിലന്‍സിനു കൈമാറിയത്. കഴിഞ്ഞ മൂന്നുമാസത്തിനിടെ മൂന്നു കേസുകളാണ് ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണാനുമതി നിഷേധിച്ചതോടെ വിജിലന്‍സിനു കൈമാറിയത്.
അതേസമയം, വിജിലന്‍സ് അന്വേഷണത്തോട് സഹകരിക്കേണ്ടെന്നാണു ഇ.ഡിയുടെ തീരുമാനം. കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ചാണിത്. തെളിവുകളൊന്നും ഇ.ഡി. കൈമാറില്ല. ഈ സാഹചര്യത്തിലാണു കൈക്കൂലിക്കേസില്‍ വിജിലന്‍സിന്റെ രണ്ടാമത്തെ നോട്ടീസിനും ഇ.ഡി. മറുപടി നല്‍കാത്തത്. നോട്ടീസിന് ഇ.ഡിയില്‍നിന്നു പ്രതികരണമൊന്നും ഉണ്ടായില്ലെന്ന് വിജിലന്‍സ് മധ്യമേഖല എസ്.പി: എസ്. ശശിധരന്‍ പറഞ്ഞു. ഇ.ഡി. നിസഹകരണം തുടരുന്ന വിവരം വിജിലന്‍സ് സി.ബി.ഐയെ അറിയിച്ചിട്ടുണ്ട്.
ഇതേതുടര്‍ന്നു സി.ബി.ഐയും വിവരങ്ങള്‍ പരിശോധിക്കുന്നുണ്ട്. ഇ.ഡി. സഹകരിക്കാത്ത സാഹചര്യത്തില്‍ കേസ് ഒരുപക്ഷേ കോടതിയോ കേന്ദ്ര ആഭ്യന്തരമന്ത്രാലയമോ സി.ബി.ഐയ്ക്കു വിടാന്‍ സാധ്യതയുണ്ട്. ഇതും കണക്കിലെടുത്താണു സി.ബി.ഐയും കേസെടുക്കാതെ അന്വേഷിക്കുന്നത്. ഇ.ഡിയുടെ നിസഹകരണം കോടതിയെയും അറിയിക്കാനാണു വിജിലന്‍സ് നീക്കം. കശുവണ്ടിവ്യവസായിക്കെതിരെ എടുത്ത കേസ്, ഇദ്ദേഹത്തിന് അയച്ച സമന്‍സ് തുടങ്ങിയ വിവരങ്ങളാണ് ഇ.ഡിയില്‍നിന്നു വിജിലന്‍സ് സംഘം രണ്ടുതവണയും ആവശ്യപ്പെട്ടത്. എന്നാല്‍, പോലീസ് നിര്‍ദ്ദേശ പ്രകാരമാണ് ഇ.ഡി. കേസെടുത്തത്. ഇതിന്റെ വിവരങ്ങള്‍ ഇ.ഡിയോട് തന്നെ ചോദിക്കുന്നതു പരിഹാസമാണെന്നാണ് ഇ.ഡി. നിലപാട്. കശുവണ്ടി വ്യവസായിയുടെ പോലീസ് കേസ് എല്ലാ അര്‍ഥത്തിലും അട്ടിമറിച്ചുവെന്നും ഇ.ഡി. സംശയിക്കുന്നു.
ഇതിലും കേന്ദ്ര ഏജന്‍സികള്‍ പരിശോധന നടത്തും. അതിനിടെ ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കെതിരേ സമാനപരാതികളില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും വിജിലന്‍സ് നീക്കമാരംഭിച്ചു. പുതിയ പരാതികളില്‍ വസ്തുതകളുണ്ടെന്ന, പ്രാഥമിക പരിശോധനയിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇ.ഡി. നല്‍കിയ സമന്‍സ് പരാതിക്കാരനില്‍ നിന്നും വിജിലന്‍സിനു കിട്ടിയിട്ടുണ്ടെന്നാണു ഇ.ഡിയുടെ വാദം. കൈക്കൂലിക്കേസിലെ ഒന്നാംപ്രതി ഇ.ഡി. അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിന്റെ അറസ്റ്റ് 11 വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യാപേക്ഷ 11ന് പരിഗണിക്കും. അന്വേഷണത്തിനായി വിജിലന്‍സ് സംഘം വീണ്ടും മഹാരാഷ്ട്രയിലേക്കു പോകും. താനെയിലെ ബോറോ കമോഡിറ്റീസ് കമ്പനിയുടെ അക്കൗണ്ടിലാണു കൈക്കൂലിപ്പണം നിക്ഷേപിച്ചതെന്നു കണ്ടെത്തിയിരുന്നു. താനെയില്‍ ഇങ്ങനെ ഒരു കമ്പനി പ്രവര്‍ത്തിക്കുന്നില്ലെന്നും വ്യക്തമായി. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താനാണു വിജിലന്‍സ് നീക്കം.
എന്നാല്‍, അന്വേഷണ വിവരങ്ങള്‍ വിജിലന്‍സ് തേടുന്നത് അനീഷ് ബാബു കേസിനെ ബാധിക്കുമെന്നാണ് ഇ.ഡി. നിലപാട്. ഓഫീസിലെത്തിയ വിജിലന്‍സ് സംഘം, തങ്ങള്‍ക്കു വേണ്ട രേഖകളുടേയും തെളിവുകളുടേയും പട്ടിക ഇ.ഡി. ഉദ്യോഗസ്ഥര്‍ക്കു കൈമാറിയിരുന്നു. ക്രിമിനല്‍ നടപടി ചട്ടപ്രകാരമുള്ള നീക്കമാണു വിജിലന്‍സ് നടത്തിയത്. അതിനിടെ സംസ്ഥാന വിജിലന്‍സിലെ പ്രമുഖരുടെ സ്വത്തുക്കളില്‍ കേന്ദ്ര ഏജന്‍സികളും പരിശോധന തുടങ്ങിയിട്ടുണ്ട്. പലരും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നാണു പ്രാഥമിക നിഗമനം.