Friday, March 13, 2026 Last Updated 12 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.37 PM

കമ്മിന്‍സ്‌, ഹേസല്‍വുഡ്‌ ഓസ്‌ട്രേലിയന്‍ ടീമില്‍

uploads/news/2026/01/818625/sp3.jpg

സിഡ്‌നി: ട്വന്റി-20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള പ്രാഥമിക സ്‌ക്വാഡിനെ പ്രഖ്യാപിച്ച്‌ ഓസ്‌ട്രേലിയ. പരുക്കില്‍നിന്നു മുക്‌തരാകുമെന്ന പ്രതീക്ഷയില്‍ പേസ്‌ ബൗളര്‍മാരായ പാറ്റ്‌ കമ്മിന്‍സ്‌, ജോഷ്‌ ഹെയ്‌സല്‍വുഡ്‌ എന്നിവരെയും വമ്പനടിക്കാരന്‍ ടിം ഡേവിഡിനെയും ടീമില്‍ ഉള്‍പ്പെടുത്തി. ഫെബ്രുവരി-മാര്‍ച്ച്‌ മാസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റിനുമുമ്പ്‌ ഇവര്‍ പരുക്കുമാറി ഫിറ്റ്‌നെസ്‌ വീണ്ടെടുക്കുമെന്നാണ്‌ ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ. പ്രാഥമിക സ്‌ക്വാഡിനെയാണ്‌ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ആവശ്യമെങ്കില്‍ മാറ്റത്തിനു സാധ്യതയുണ്ടെന്നും മുഖ്യസെലക്‌ടര്‍ ജോര്‍ജ്‌ ബെയ്‌ലി വ്യക്‌തമാക്കി.
മിച്ചല്‍ മാര്‍ഷ്‌ ക്യാപ്‌റ്റനായ 15 അംഗ സ്‌ക്വാഡില്‍ ഇടംകൈയന്‍ സ്‌പിന്നര്‍മാരായ മാറ്റ്‌ കൂനെമാനും കൂപ്പര്‍ കൊണോലിയും ഇടംപിടിച്ചത്‌ അപ്രതീക്ഷിതമായി. ഇവരെക്കൂടാതെ പരിചയ സമ്പന്നനായ ലെഗ്‌ സ്‌പിന്നര്‍ ആദം സാംപ, പാര്‍ട്ട്‌ടൈം സ്‌പിന്നര്‍മാരായി ഗ്ലെന്‍ മാക്‌സ്വെല്‍, മാത്യു ഷോട്ട്‌ എന്നിവരും സ്‌ക്വാഡിലുണ്ട്‌. ടീമിന്റെ ഗ്രൂപ്പ്‌ മത്സരങ്ങള്‍ അരങ്ങേറുന്ന ശ്രീലങ്കയിലെ സാഹചര്യം പരിഗണിച്ചാണ്‌ സ്‌പിന്നര്‍മാരുടെ ആധിക്യമെന്നു വിലയിരുത്തപ്പെടുന്നു.
ടെസ്‌റ്റ് നായകന്‍ കൂടിയായ പേസര്‍ പാറ്റ്‌ കമ്മിന്‍സ്‌ അതിവേഗം പരുക്കില്‍നിന്നു മുക്‌തനാകുകയാണെന്നാണു വിവരം. നിലവില്‍ പൂരോഗമിക്കുന്ന ആഷസ്‌ പരമ്പരയിലെ മൂന്നാം ടെസ്‌റ്റില്‍ താരം കളിച്ചിരുന്നു. സഹപേസറായ ജോഷ്‌ ഹേസല്‍വുഡാകട്ടെ ആഷസ്‌ പരമ്പരയില്‍ കളത്തിലിറങ്ങിയിട്ടില്ല.
ബിഗ്‌ ബാഷ്‌ ലീഗിനിടെ പരുക്കേറ്റ ടിം ഡേവിഡ്‌ ലോകകപ്പിനുമുമ്പ്‌ സജ്‌ജനാകുമെന്ന പ്രതീക്ഷയിലാണ്‌ മാനേജ്‌മെന്റ്‌. ഗ്രൂപ്പ്‌ ബിയില്‍ ഫെബ്രുവരി 11 ന്‌ അയര്‍ലന്‍ഡിനെതിരേയാണ്‌ ഓസ്‌ട്രേലിയയുടെ ആദ്യമത്സരം. ഒമാന്‍, ശ്രീലങ്ക, സിംബാബ്‌വെ എന്നിവരും ബി ഗ്രൂപ്പിലുണ്ട്‌.
ടീം: മിച്ചല്‍ മാര്‍ഷ്‌ (ക്യാപ്‌റ്റന്‍), സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്‌, കൂപ്പര്‍ കൊണോലി, പാറ്റ്‌ കമ്മിന്‍സ്‌, ടിം ഡേവിഡ്‌, കാമറൂണ്‍ ഗ്രീന്‍, നഥാന്‍ എല്ലിസ്‌, ജോഷ്‌ ഹെയ്‌സല്‍വുഡ്‌, ട്രാവിസ്‌ ഹെഡ്‌, ജോഷ്‌ ഇന്‍ഗ്ലിസ്‌, മാത്യു കൂനെമാന്‍, ഗ്ലെന്‍ മാക്‌സ്വെല്‍, മാത്യു ഷോട്ട്‌, മാര്‍ക്കസ്‌ സ്‌റ്റോയിനിസ്‌, ആദം സാംപ.

Ads by Google
Thursday 01 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW