Saturday, March 14, 2026 Last Updated 6 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.37 PM

ചെല്‍സി വിട്ട്‌, എന്‍സോ മരെസ്‌ക

uploads/news/2026/01/818624/sp2.jpg

ലണ്ടന്‍: പ്രീമിയര്‍ ലീഗ്‌ വമ്പന്മാരായ ചെല്‍സിയുടെ മുഖ്യപരിശീലകന്‍ എന്‍സോ മരെസ്‌ക രാജിവച്ചു. സീസണില്‍ ടീമിന്റെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാതെ പോകുകയും മാനേജ്‌മെന്റുമായുള്ള ബന്ധം ഉലയുകയും ചെയ്‌തതിനു പിന്നാലെയാണ്‌ സ്‌ഥാനത്യാഗം. നാല്‍പ്പത്തഞ്ചുകാരനായ മരെസ്‌ക സ്‌റ്റാംഫോഡ്‌ ബ്രിഡ്‌ജ് വിടുകയാണെന്ന്‌ ചെല്‍സി മാനേജ്‌മെന്റും സ്‌ഥിരീകരിച്ചിട്ടുണ്ട്‌.
പ്രീമിയര്‍ ലീഗ്‌ തുടക്കത്തില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്‌ചവച്ച ചെല്‍സിക്കു പക്ഷേ, ഡിസംബറില്‍ താളംതെറ്റി. കഴിഞ്ഞമാസം കളിച്ച എട്ടില്‍ രണ്ടു മത്സരങ്ങളില്‍ മാത്രമാണ്‌ ടീം ജയമറിഞ്ഞത്‌. ഒടുവിലത്തെ രണ്ടു മത്സരങ്ങളിലൊന്നായ എവര്‍ട്ടണെതിരേ ജയിക്കാനായെങ്കിലും ബോണ്‍മൗത്തിനെതിരേ സമനില പിണഞ്ഞു. പ്രീമിയര്‍ ലീഗിലെ കഴിഞ്ഞവര്‍ഷത്തെ അവസാന മത്സരത്തില്‍ ബോണ്‍മൗത്തുമായി ടീം സമനില പാലിച്ചതോടെ മാനേജ്‌മെന്റ്‌ നിലപാട്‌ കടുപ്പിച്ചു. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിന്‌ പരിശീലകന്‍ എത്താതിരിക്കുകകൂടി ചെയ്‌തതോടെ രാജി ആസന്നമാണെന്ന്‌ അണിയറവര്‍ത്തമാനങ്ങുണ്ടായിരുന്നു. നവംബറില്‍ പ്രീമിയര്‍ ലീഗിലെ മികച്ച പരിശീലകനായി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണ്‌ മരെസ്‌കയുടെ വീഴ്‌ച.
മരെസ്‌കയുടെ പരിശീലകകാലയളവിലെ ആദ്യ സീസണില്‍ പ്രീമിയര്‍ ലീഗ്‌ പോയിന്റ്‌ പട്ടികയില്‍ നാലാം സ്‌ഥാനത്തെത്താന്‍ ചെല്‍സിക്കായിരുന്നു. ഒപ്പം യുവേഫ കോണ്‍ഫറന്‍സ്‌ ലീഗും ഫിഫ ക്ലബ്‌ ലോകകപ്പും നേടാനും ടീമിനായി. 92 മത്സരങ്ങളില്‍ 55 എണ്ണത്തില്‍ ജയവും 16 സമനിലയും 21 തോല്‍വിയുമായാണ്‌ മരെസ്‌ക സ്‌റ്റാംഫോഡ്‌ ബ്രിഡ്‌ജ് വിടുന്നത്‌. പകരക്കാരനായി സ്‌ട്രാസ്‌ബര്‍ഗ്‌ പരിശീലകന്‍ ലിയാം റോസ്‌നിയറിനെയാണ്‌ ചെല്‍സി പരിഗണിക്കുന്നതെന്നാണു സൂചന.
അതേസമയം, പെപ്‌ ഗ്വാര്‍ഡിയോളയുടെ പിന്‍ഗാമിയായി മാഞ്ചസ്‌റ്റര്‍ സിറ്റിയിലേക്കു കൂടുമാറാന്‍ ഇറ്റലിക്കാരനായ മരെസ്‌ക ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന പ്രചാരണം ശക്‌തമാണ്‌. ചെല്‍സി മാനേജ്‌മെന്റിന്റെ സമ്മര്‍ദം കടുക്കുമ്പോള്‍ ഇതു ചൂണ്ടിക്കാട്ടിയായിരുന്നു മരെസ്‌കയുടെ പ്രതിരോധമെന്നും വാര്‍ത്തകളുണ്ട്‌. ടീമിന്റെ പ്രകടനം മോശമായതില്‍ കുപിതരായ മാനേജ്‌മെന്റും മരെസ്‌കയുമായുള്ള ബന്ധം കൂടുതല്‍ വഷളാകാന്‍ ഇതും ഒരു കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രീമിയര്‍ ലീഗ്‌ പോയിന്റ്‌പട്ടികയില്‍ അഞ്ചാം സ്‌ഥാനത്താണു നിലവില്‍ ചെല്‍സി. 19 കളികളില്‍ എട്ടുജയവും ആറു സമനിലയും അഞ്ചു തോല്‍വിയും അടക്കം 30 പോയിന്റാണ്‌ ടീമിനുള്ളത്‌. ഇത്രയും കളിയില്‍ 14 ജയവും രണ്ടു തോല്‍വിയും മൂന്നു സമനിലയുമായി 45 പോയിന്റോടെ ആഴ്‌സണലാണ്‌ ഒന്നാം സ്‌ഥാനത്ത്‌. ഒരു കളി കുറച്ചുകളിച്ച മുന്‍ ചാമ്പ്യന്മാര്‍ മാഞ്ചസ്‌റ്റര്‍ സിറ്റി രണ്ടാമതുണ്ട്‌. സിറ്റിയുമായാണ്‌ ചെല്‍സിയുടെ അടുത്ത മത്സരം. യുവേഫ ചാമ്പ്യന്‍സ്‌ ലീഗ്‌ ഗ്രൂപ്പ്‌ ഘട്ട പോയിന്റ്‌ പട്ടികയില്‍ 13-ാം സ്‌ഥാനത്താണ്‌ ചെല്‍സി.

Ads by Google
Thursday 01 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW