-->
കൊച്ചി: കേരളാ ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ അഡ്രിയാന്‍ ലൂണ താല്‍കാലികമായി ക്ലബ് വിട്ടു. വായ്‌പ അടിസ്‌ഥാനത്തില്‍ താരം വിദേശ ക്ലബിലേക്കു ചേക്കേറും. ആരാധകരെ ഞെട്ടിക്കുന്നതാണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പുതുവര്‍ഷദിനത്തിലെ പ്രഖ്യാപനം.
പരസ്‌പരധാരണയോടെ താരവും ക്ലബും കൈക്കൊണ്ട തീരുമാനമെന്നാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സാമൂഹികമാധ്യമ പോസ്‌റ്റ്. ഒരുവര്‍ഷത്തെ കരാറിലാണ് ലൂണയുടെ ക്ലബ് മാറ്റം. ഈ സീസണിലെ ശേഷിക്കുന്ന സമയം വിദേശ ക്ലബിനുവേണ്ടി ലൂണ ബൂട്ടുകെട്ടും. ഐ.എസ്.എല്‍. അനിശ്‌ചിതത്വമാണു താരത്തെ ക്ലബ് താല്‍കാലികമായി വിടാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.
എന്നാല്‍, ഏതു ടീമിലേക്കാണ് കൂടുമാറ്റമെന്നു വ്യക്‌തമാക്കാന്‍ താരമോ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റോ തയാറായിട്ടില്ല. ഇന്തോനീഷ്യന്‍ ക്ലബാണ് താരത്തെ റാഞ്ചിയതെന്ന് സ്‌ഥിരീകരിക്കാത്ത വിവരമുണ്ട്.
2021-ലാണ് യുറുഗ്വേ താരമായ അഡ്രിയാന്‍ ലൂണ കേരളാ ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്. ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച വിദേശതാരമെന്ന ഖ്യാതിയും ഇതിനോടകം ലൂണയുടെ പേരിലാണ്. 2027 വരെ ബ്ലാസ്‌റ്റേഴ്‌സുമായി താരത്തിനു കരാറുണ്ട്.
വിവിധ ടൂര്‍ണമെന്റുകളിലായി 87 മത്സരങ്ങളിലാണു ലൂണ ബ്ലാസ്‌റ്റേഴ്‌സ് കുപ്പായമണിഞ്ഞത്. 15 ഗോളുകളും 26 അസിസ്‌റ്റുകളും സ്വന്തമാക്കി. കഴിഞ്ഞ സീസണ്‍ മുതല്‍ തന്നെ ലൂണ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. നിലവില്‍ വായ്‌പാ അടിസ്‌ഥാനത്തിലാണു ക്ലബ് വിടുന്നതെങ്കിലും ഇനി താരം തിരിച്ചുവരുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.
അതിനിടെ, ലൂണയുടെ പാത പിന്തുടര്‍ന്ന് കൂടുതല്‍ വിദേശതാരങ്ങള്‍ ഐ.എസ്.എല്‍. ഉപേക്ഷിക്കുമെന്ന പ്രചാരണവും ശക്‌തമാണ്. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷ (എ.ഐ.എഫ്.എഫ്)ന്റെ പിടിപ്പുകേടാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്നാണ് ആരാധകരുടെ പക്ഷം. നടത്തിപ്പും സംപ്രേക്ഷണ അവകാശവും സംബന്ധിച്ച കരാറില്‍ത്തട്ടിയാണ് കഴിഞ്ഞ സെപ്‌റ്റംബറില്‍ നിശ്‌ചയിച്ചിരുന്ന ഐ.എസ്.എല്‍. വഴിമുട്ടാന്‍ കാരണമായത്. റിലയന്‍സ് അനുബന്ധ സ്‌ഥാപനമായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സുമായുള്ള എ.ഐ.എഫ്.എഫിന്റെ കരാര്‍ അവസാനിച്ചപ്പോള്‍ പുതിയ കമ്പനിയെ കണ്ടെത്താന്‍ സാധിക്കാതെ പോകുകയായിരുന്നു. ഇതിനായി ടെന്‍ഡര്‍ വിളിച്ചെങ്കിലും സ്‌പോണ്‍സറെ കിട്ടിയില്ല. പ്രതിസന്ധി പരിഹരിച്ച് ടൂര്‍ണമെന്റ് നടത്തണമെന്നാവശ്യപ്പെട്ട് 13 ഫുട്‌ബോള്‍ ക്ലബുകള്‍ കത്തുനല്‍കിയെങ്കിലും എ.ഐ.എഫ്.എഫ്. ഭാരവാഹികള്‍ മുഖംതിരിക്കുകയായിരുന്നു.
പ്രതിസന്ധിക്കു പരിഹാരം കാണാന്‍ ഊര്‍ജിത ശ്രമങ്ങളും പുരോഗമിക്കുന്നുണ്ട്. എ.ഐ.എഫ്.എഫും ഐ.എസ്.എല്‍. ക്ലബുകളും ചേര്‍ന്ന് ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട്-മൂന്ന് വേദികളിലായി ചുരുക്കി ഫെബ്രുവരിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാനാണ് ആലോചന.