Saturday, March 14, 2026 Last Updated 6 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 11.37 PM

ആഫ്‌കോണില്‍ നോക്കൗട്ട്‌ പോരാട്ടം

ടാന്‍ഗീര്‍: ആഫ്രിക്ക കപ്പ്‌ ഓഫ്‌ നേഷന്‍സ്‌ (ആഫ്‌കോണ്‍)ഫുട്‌ബോളില്‍ പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പായി. ഗ്രൂപ്പ്‌ എഫില്‍ നടന്ന അവസാന പോരാട്ടങ്ങളില്‍ വിജയിച്ച്‌ ഐവറി കോസ്‌റ്റും കാമറൂണും നോക്കൗട്ട്‌ ഘട്ടത്തിലേക്കു മുന്നേറി. ഗാബോണിനെ രണ്ടിനെതിരേ മൂന്നു ഗോളിനാണ്‌ ഐവറി കോസ്‌റ്റ് കീഴടക്കിയത്‌. മൊസാംബിക്കിനെയാണ്‌ അവസാന ഗ്രൂപ്പ്‌ മത്സരത്തില്‍ കാമറൂണ്‍ മുട്ടുകുത്തിച്ചത്‌. 2-1 നായിരുന്നു കാമറൂണിന്റെ ജയം. മൊറോക്കോ, മാലി, ഈജിപ്‌ത്, ദക്ഷിണാഫ്രിക്ക, നൈജീരിയ, ടുണീസിയ, ടാന്‍സാനിയ, സെനഗല്‍, കോംഗോ, ബെനിന്‍, അള്‍ജീരിയ, ബുര്‍ക്കിന ഫാസോ, സുഡാന്‍, ഐവറി കോസ്‌റ്റ്, കാമറൂണ്‍, മൊസാംബിക്‌ ടീമുകളാണ്‌ അവസാന 16-ലേക്കു മുന്നേറിയത്‌.
ഗാബോണിനെ പിന്നില്‍നിന്നു പൊരുതിക്കയറിയാണ്‌ ഐവറി കോസ്‌റ്റ് തോല്‍പ്പിച്ചത്‌. 91-ാം മിനിറ്റില്‍ ബസൗമന ടൂറെ നേടിയ ഗോളാണ്‌ ഐവറി കോസ്‌റ്റിനു ജയം സമ്മാനിച്ചത്‌. 11-ാം മിനിറ്റില്‍ ഗ്യൂലെര്‍ കാംഗയിലൂടെ ഗാബോണ്‍ ലീഡെടുത്തു. ഡെന്നിസ്‌ ബൗംഗ പത്തുമിനിറ്റിനുശേഷം വലകുലുക്കിയതോടെ ലീഡ്‌ ഇരട്ടിയാക്കി. അപകടം മണത്ത ഐവറി കോസ്‌റ്റ് ആദ്യപകുതിയില്‍ ഒരു ഗോള്‍ മടക്കി ആത്മവിശ്വാസം വീണ്ടെടുത്തു. 44-ാം മിനിറ്റില്‍ ജീന്‍ ഫിലിപ്പെ ക്രാസോയാണ്‌ ഗോളടിച്ചത്‌. 84 മിനിറ്റുവരെ ലീഡ്‌ നിലനിര്‍ത്താന്‍ ഗാബോണിനായി. ഇവാന്‍ ഗ്യൂസാന്‍ഡിന്റെ 84-ാം മിനിറ്റ്‌ ഗോളില്‍ ഐവറി കോസ്‌റ്റ് ഒപ്പമെത്തി. പിന്നീട്‌ ടൂറെയുടെ അവസാനമിനിറ്റ്‌ ഗോള്‍ അവര്‍ക്ക്‌ ജയവുമൊരുക്കുകയായിരുന്നു.
കാമറൂണിനെതിരേ ഗെനി കറ്റാമോയുടെ 23-ാം മിനിറ്റ്‌ ഗോളില്‍ ആദ്യം മുന്നിലെത്തിയത്‌ മൊസാംബിക്കായിരുന്നു.
അഞ്ചുമിനിറ്റിനുള്ളില്‍ നെനെയുടെ സെല്‍ഫ്‌ ഗോള്‍ കാമറൂണിന്‌ സമനില സമ്മാനിച്ചു. 55-ാം മിനിറ്റില്‍ ക്രിസ്‌റ്റ്യന്‍ കൊഫെയ്‌ന്‍ കാമറൂണിനെ വിജയതീരത്തെത്തിച്ചു. ഗ്രൂപ്പില്‍ ഇരുടീമുകള്‍ക്കും ഏഴു പോയിന്റ്‌ വീതമായിരുന്നെങ്കിലും ഗോള്‍ശരാശരിയില്‍ ഐവറി കോസ്‌റ്റ് ഒന്നാമതും കാമറൂണ്‍ രണ്ടാമതുമെത്തി. കാമറൂണിനോടു തോറ്റെങ്കിലും മൊസാംബിക്കും അടുത്ത റൗണ്ടിലേക്കു മുന്നേറി.
നാളെ രാത്രി 9.30 ന്‌ സെനഗലും സുഡാനും തമ്മിലാണ്‌ പ്രീ-ക്വാര്‍ട്ടറിലെ ആദ്യ മത്സരം. അര്‍ധരാത്രി 12.30ന്‌ മാലിയും ടുണീസിയയും ഏറ്റുമുട്ടും. നാലിന്‌ 9.30 ന്‌ മൊറോക്കോ-ടാന്‍സാനിയ, അഞ്ചിന്‌ 12.30 ന്‌ ദക്ഷിണാഫ്രിക്ക-കാമറൂണ്‍, രാത്രി 9.30 ന്‌ ഈജിപ്‌ത്-ബെനിന്‍, ആറിന്‌ 12.30 ന്‌ നൈജീരിയ-മൊസംബിക്‌, 9.30 ന്‌ അള്‍ജീരിയ ഡി.ആര്‍. കോംഗോ, ഏഴിന്‌ 12.30 ന്‌ ഐവറി കോസ്‌റ്റ്-ബുര്‍ക്കിന ഫാസോ ടീമുകള്‍ പ്രീ-ക്വാര്‍ട്ടറില്‍ കൊമ്പുകോര്‍ക്കും.

Ads by Google
Thursday 01 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW