-->
ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ അടുത്ത വര്‍ഷം ഓഗസ്‌റ്റ് 15-ന് ഓടുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്. അതിവേഗ റെയില്‍ പദ്ധതിയുടെ പുരോഗതിയെക്കുറിച്ച് സംസാരിക്കവെയാണ് അടുത്ത വര്‍ഷം രാജ്യത്ത് ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ട്രാക്കുകളില്‍ ഓടുമെന്ന് അദ്ദേഹം പ്രതികരിച്ചത്.
''2027 ലെ സ്വാതന്ത്ര്യദിനത്തില്‍ ഒരു ബുള്ളറ്റ് ട്രെയിന്‍ ടിക്കറ്റ് വാങ്ങുക, രാജ്യത്തിന് ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ ലഭിക്കും''- അദ്ദേഹം പറഞ്ഞു.വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതിയും മന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യയുടെ റെയില്‍വേ ആധുനികവല്‍ക്കരണ നീക്കത്തില്‍ ഇത് പുതിയ ആത്മവിശ്വാസം വളര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.''വന്ദേ ഭാരത് ചെയര്‍ കാര്‍ രാജ്യമെമ്പാടും ഒരു പുതിയ ആത്മവിശ്വാസം സൃഷ്‌ടിച്ചു. ജനം ഇത് വളരെയധികം അഭിനന്ദിക്കുകയാണ്. വന്ദേ ഭാരത് ട്രെയിനിനായുള്ള അഭ്യര്‍ഥനകള്‍ ഇപ്പോള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വരുന്നുണ്ട്'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ സുഖസൗകര്യങ്ങള്‍, സുരക്ഷ, സേവനം എന്നിവയുടെ അതേ നിലവാരം വാഗ്‌ദാനം ചെയ്യുന്നതിനൊപ്പം പുതിയൊരു രാത്രി യാത്രാനുഭവം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.