Wednesday, March 11, 2026 Last Updated 30 Min 59 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 02.25 PM

‘കാവ്യയെ കല്യാണം കഴിച്ച്‌ സുഖമായി ജീവിക്കുന്ന ദിലീപ് കൊട്ടേഷൻ കൊടുക്കുമോ?; ദിലീപിനെ പള്‍സർ സുനിയുമായി ബന്ധിപ്പിക്കുന്ന തെളിവൊന്നും പോലീസ് ഹാജരാക്കിയില്ല...’രാഹുല്‍ ഈശ്വര്‍

നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിച്ച വ്യക്തിയാണ് ആക്ടിവിസ്റ്റും യൂട്യൂബറുമൊക്കെയായ രാഹുല്‍ ഈശ്വർ. ഇപ്പോഴിതാ കേസ് കെട്ടിച്ചമച്ചതാണെന്നും ദിലീപ് നിരപരാധിയാണെന്നും തുറന്നു പറയുകയാണ് രാഹുല്‍ ഈശ്വര്‍.
dileep, Rahul eswar, actress attack case
Rahul Eswar on actress attack case and dileep's innocence (Image Source: Instagram)

നടിയെ ആക്രമിച്ച കേസിലെ വിധിയാണ് അടുത്തിടെയാണ് വാര്‍ത്തകളില്‍ നിറയുന്നത്. ഗൂഢാലോചന കുറ്റം ചുമത്തി എട്ടാം പ്രതിയാക്കിയിരുന്ന ജനപ്രിയ നായകന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയതാണ് പലരെയും പ്രകോപിപ്പിച്ചത്. ‘അവള്‍ക്കൊപ്പം...’ എന്ന ടാഗ്ലൈനുമായി മലയാളസിനിമയിലെ അഭിനേത്രികളും സാധാരണക്കാരും സിനിമാപ്രവര്‍ത്തകരുമടക്കം നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ കുറിച്ചിരുന്നു. ദിലീപിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഭഭബ’യ്ക്ക് പോലും ഇതിന്റെ പേരില്‍ സൈബര്‍ അറ്റാക്കുകള്‍ നേരിടേണ്ടി വന്നു.
എന്നാല്‍ മറ്റു ചിലര്‍ ദിലീപിനെ പിന്തുണച്ചും അനുകൂലിച്ചും കോടതിവിധിയെ മാനിച്ചുമൊക്കെ പോസ്റ്റുകള്‍ പങ്കിടുന്നുണ്ട്. ദിലീപത് ചെയ്യില്ല എന്നാണ് അവരുടെ ഉറച്ച വിശ്വാസവും നിലപാടും. പ്രത്യക്ഷത്തില്‍ അത് തുറന്നു പറയാനും ദിലീപിന്റെ കരിയറിനെ ഇതുമായി ബന്ധിപ്പിക്കരുതെന്നും പിന്തുണച്ച പലരും പറഞ്ഞു.
നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ ദിലീപിന് അനുകൂലമായി നിലപാട് സ്വീകരിച്ച വ്യക്തിയാണ് ആക്ടിവിസ്റ്റും യൂട്യൂബറുമൊക്കെയായ രാഹുല്‍ ഈശ്വർ. പല കാര്യങ്ങളിലും തന്റെ നിലപാടുകള്‍ രാഹുല്‍ ഈശ്വര്‍ തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ പോലീസ് കസ്റ്റഡിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം നല്‍കിയ അഭിമുഖത്തില്‍ ദിലീപ് നിരപരാധിയാണെന്ന് തുറന്നു പറയുകയാണ് രാഹുല്‍ ഈശ്വര്‍. മലയാള സിനിമ ഭരിച്ചിരുന്ന, സൂപ്പർ സ്‌റ്റാറുകള്‍ക്ക് ശേഷം ഇത്രയും സ്ഥാനം ഉണ്ടായിരുന്ന ദിലീപെന്ന കോടീശ്വരനായ ഒരു മനുഷ്യനെ 85 ദിവസം കള്ളക്കേസില്‍ അകത്ത് കിടത്താമെങ്കില്‍ ഞാനും നിങ്ങളും ഒക്കെ എളുപ്പമുള്ള ഇരകളായിരിക്കുമെന്നാണ് രാഹുല്‍ പറയുന്നത്. ദിലീപുമായി പള്‍സർ സുനിയെ ബന്ധിപ്പിക്കുന്ന ഒരു തെളിവ് പോലും ഹാജരാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ലെന്നും ദിലീപ് നിരപരാധി ആണെന്ന് തെളിഞ്ഞിട്ടും ചില മാധ്യമങ്ങള്‍ക്ക് ഇപ്പോഴും അതിന്റെ മുറുമുറുപ്പ് തീർന്നിട്ടില്ലെന്നും രാഹുല്‍ തുറന്നടിച്ചു.
‘‘ഒരു കള്ളക്കേസിലാണ് ദിലീപേട്ടൻ 85 ദിവസം ജയിലില്‍ കിടന്നത്. ശ്രീ ദിലീപ് എന്ന് പറയുന്ന മലയാള സിനിമ ഭരിച്ചിരുന്ന, സൂപ്പർ സ്‌റ്റാറുകള്‍ക്ക് ശേഷം ഇത്രയും സ്ഥാനം ഉണ്ടായിരുന്ന വ്യക്തി, കോടീശ്വരനായ ഒരു മനുഷ്യനെ 85 ദിവസം കള്ളക്കേസില്‍ അകത്ത് കിടത്താമെങ്കില്‍ ഞാനും നിങ്ങളും ഒക്കെ എളുപ്പമുള്ള ഇരകളായിരിക്കും. ഇപ്പോള്‍ നിങ്ങള്‍ ഉമ്മൻ ചാണ്ടി സാറിന്റെ കാര്യം എടുക്കാം. അദ്ദേഹത്തിനെതിരെ വന്ന ആരോപണങ്ങള്‍ കള്ളം ആണെന്ന് നമുക്ക് എല്ലാവർക്കും അറിയാം. പക്ഷേ, എന്തെങ്കിലും നടപടി ഉണ്ടായോ ആ സ്ത്രീയ്ക്ക് എതിരെ.
ഇനി നമ്മളുടെ നിവിൻ പോളിയുടെ കാര്യം, അതും കള്ളമാണെന്ന് തെളിഞ്ഞു. ഈ കേസില്‍ ഡിജിപിക്ക് എതിരെ പരാതി കൊടുത്തു. എന്തെങ്കിലും ആക്ഷൻ ഉണ്ടായോ? അതെന്ത് കൊണ്ടാണ്. ഇത് ഒക്കെ നമ്മുടെ നാട്ടില്‍ നിന്ന് ചോദിക്കേണ്ട അടിസ്ഥാന ചോദ്യങ്ങള്‍ അല്ലെ. ഇതേ ചോദ്യങ്ങള്‍ നമ്മള്‍ ചോദിച്ചു കൊണ്ടേയിരിക്കണം. എത്രയോ പേരുടെ ജീവിതങ്ങള്‍ ഇങ്ങനെ വ്യാജ പരാതിയുടെ പേരില്‍ ഇല്ലാതാവുന്നു. എത്രയോ ലക്ഷം രൂപ ഇവർക്ക് ചിലവാകുന്നു.നമ്മുടെ കൂട്ടിക്കല്‍ ജയചന്ദ്രൻ, അദ്ദേഹത്തിന് എതിരെ പോക്സോ കേസ് കൊടുത്തത് കുടുംബ പ്രശ്‌നത്തിന്റെ പേരിലാണ്.
ഇപ്പോള്‍ എനിക്ക് എതിരെയുള്ള കേസ് തന്നെ എടുക്കൂ. 16 ദിവസമാണ് എന്നെ പിടിച്ച്‌ അകത്തിട്ടത്. ഞാൻ അതിജീവിതയുടെ പേരോ ഡീറ്റൈല്‍സോ ഒന്നും പുറത്തുവിട്ടിട്ടില്ല. ഈ കുട്ടി എന്ത് അതിജീവിച്ചു എന്നാണ് പറയുന്നത്? പോലീസുകാർ നോട്ടീസ് തരാൻ പോലും കൂട്ടാക്കാതെ അറസ്‌റ്റ് ചെയ്‌തു. സിസ്‌റ്റമാറ്റിക് കള്ളങ്ങള്‍ ഒഴിവാക്കണം. ഞാൻ പതിനാറ് ദിവസമാണ് അകത്ത് കിടന്നത്.
ശ്രീ ദിലീപിന് എതിരെ വ്യാജ ഫോട്ടോഷോപ്പ് ഉണ്ടാക്കി. അതിന്റെ ഗൗരവം നിങ്ങള്‍ക്ക് മനസിലാവുന്നുണ്ടോ? വ്യാജ ഫോട്ടോഷോപ്പ് ഉണ്ടാക്കുന്നത് തന്നെ നിയമവിരുദ്ധമാണ്. പോലീസുകാർ കള്ള തെളിവ് ഉണ്ടാക്കി ദിലീപിനെ കുടുക്കി എന്ന് പറയുന്നത് കേരള പോലീസിലെ ഡിജിപി ആയിരുന്ന ശ്രീലേഖ മാഡമാണ്. സാധാരണക്കാർ ആരുമല്ല പറഞ്ഞത്. മറ്റൊരു ഡിജിപി, പിന്നീട് ഡിജിപി ആയി മാറിയ അന്നത്തെ ഒരു ഉന്നത ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥയോ, ജെൻഡർ ഞാൻ പറയുന്നില്ല കള്ളതെളിവുണ്ടാക്കി. ഇത്രയും ഉന്നതരായ ഉദ്യോഗസ്ഥർ കള്ള തെളിവുകള്‍ ഉണ്ടാക്കി എന്ന് പറയുമ്പോള്‍ നമുക്കൊക്കെ പിന്നെ എന്താണ് രക്ഷ. രാമൻ പിള്ള സാറിനെപോലെ ഉള്ള ഒരു അഭിഭാഷകൻ ഉണ്ടായിട്ടും ദിലീപേട്ടന് 85 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നാല്‍ നമ്മുടെയൊക്കെ സ്ഥിതി എന്താവും.
ഇങ്ങനെയാണ് നോർത്ത് ഇന്ത്യയില്‍ ഒരുപാട് പേരെ പിടിച്ചു അകത്തിടുന്നത്. കോടതിയില്‍ ട്രയല്‍ ഘട്ടത്തില്‍ പോലീസിന് കള്ളങ്ങള്‍ പറഞ്ഞാല്‍ പിടിച്ചു നില്‍ക്കാൻ കഴിയില്ല. ദിലീപ് ശക്തനും സ്വാധീനം ഉള്ളവനുമാണ്, വെളിയില്‍ ഇറങ്ങിയാല്‍ തെളിവ് നശിപ്പിക്കും. ഇടയ്ക്ക് കേട്ട് കാണും. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറി. അതും കേസുമായി എന്താണ് ബന്ധം? എന്തൊരു തട്ടിപ്പാണ് നടക്കുന്നത്. അതുകൊണ്ട് ദിലീപിന്റെ ഗൂഢാലോചന ഉണ്ടാവുമോ? അതുകൊണ്ട് കേസില്‍ ദിലീപ് പങ്കാളിയാവുമോ? അത് ഹൈക്കോടതിയിലെ ഉദ്യോഗസ്ഥർ ഒന്ന് പ്ലേ ചെയ്‌തത്‌ ആയിരിക്കും. അല്ലാതെ ഹാഷ് വാല്യൂ മാറി എന്നൊക്കെ പറയുമ്പോള്‍ സാധാരണക്കാർ അങ്ങ് വിശ്വസിക്കും. വീഡിയോ ഒന്നും പോയാലും ഇല്ലെങ്കിലും കേസ് മാറില്ലലോ. പ്രോസിക്യൂഷൻ പറഞ്ഞ കഥയാണ് ഏറ്റവും വലിയ തട്ടിപ്പ്.
ദിലീപുമായി പള്‍സർ സുനിയെ ബന്ധിപ്പിക്കുന്ന ഒരു തെളിവ് പോലും ഹാജരാക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ദിലീപ് നിരപരാധി ആണെന്ന് തെളിഞ്ഞിട്ടും ചില മാധ്യമങ്ങള്‍ക്ക് ഇപ്പോഴും അതിന്റെ മുറുമുറുപ്പ് തീർന്നിട്ടില്ല. നമ്മള്‍ ഇപ്പോഴും അതിജീവിതയോട് ഒപ്പമാണ്. ദിലീപിനെ എന്തിനാണ് ഈ കേസില്‍ പിടിച്ചിടുന്നത്. പള്‍സർ സുനി നേരത്തെ തന്നെ ഒരുപാട് ക്രിമിനല്‍ പ്രവർത്തികള്‍ ചെയ്‌തിട്ടുള്ള ആളാണ്. അതൊക്കെ ദിലീപ് പറഞ്ഞിട്ടാണോ? സുരേഷേട്ടനേയും മേനക ചേച്ചിയെയും ഇതുപോലെ ദ്രോഹിക്കാൻ ശ്രമിച്ചുവെന്ന് ഒക്കെ പറയുന്നു. പിന്നെ ദിലീപിന്റെ ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ് കാവ്യാ മാധവനെ കല്യാണം കഴിച്ച്‌ സുഖമായി ജീവിക്കുന്ന സമയത്ത് ഇങ്ങനെയൊരു കൊട്ടേഷൻ കൊടുക്കുമോ? പറയുന്ന കള്ളങ്ങള്‍ക്ക് ഒരു മര്യാദ വേണ്ടേ....’’ എന്നാണ് രാഹുല്‍ ഈശ്വര്‍ ​ചോദിക്കുന്നത്. ഒരു യൂട്യൂബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഈശ്വറിന്റെ ഈ തുറന്നു പറച്ചില്‍.
നിരവധി പേരാണ് രാഹുലിനെ പിന്തുണച്ച് കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘രാഹുലിന്റെ ആശയത്തോടു യോജിക്കുന്നു, രാഹുൽ അന്നും ഇന്നും എന്ന നിങ്ങളോടൊപ്പം...ദിലീപിനെ സപ്പോർട്ട് ചെയ്തതിന്...’ എന്നതടക്കമാണ് കമന്റുകള്‍. എന്നാല്‍ പ്രതികൂലമായി കമന്റുകള്‍ കുറിക്കുന്നവരും കുറവല്ല.

Ads by Google
Thursday 01 Jan 2026 02.25 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW