-->
XUV700 മോഡലിന്റെ ന്യൂജെന്‍ പതിപ്പുമായി എത്താനൊരുങ്ങുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ ഇതിനോടകം പുറത്ത് വിട്ടിട്ടുണ്ട്. പുതുതലമുറ ആവര്‍ത്തനം XUV 7XO എന്ന പേരിലായിരിക്കും അറിയപ്പെടുക. 2026 ജനുവരി 5-ാം തീയതി പുതിയ ലുക്കിലും പേരിലും എസ്യുവി വിപണിയില്‍ അവതരിപ്പിക്കും. ഡിസംബര്‍ 15-ാം തീയതി മുതല്‍ XUV 7XO മോഡലിനായുള്ള പ്രീ-ബുക്കിംഗും ബ്രാന്‍ഡ് തുടങ്ങിയിട്ടുണ്ട്.
വിപണിയിലെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ ടീസര്‍ വീഡിയോയിലൂടെ XUV 7XO എസ്യുവിയിലെ കൂടുതല്‍ ഫീച്ചറുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. ഇന്റീരിയറില്‍ ഡോള്‍ബി അറ്റ്മോസ് സപ്പോര്‍ട്ടുള്ള 1,400 W ഔട്ട്പുട്ട് നല്‍കുന്ന ഉയര്‍ന്ന നിലവാരമുള്ള 16-സ്പീക്കര്‍ ഹര്‍മന്‍ കാര്‍ഡണ്‍ ഓഡിയോ സിസ്റ്റം ഉണ്ടാവുമെന്നാണ് പുത്തന്‍ ടീസര്‍ വീഡിയോ പറഞ്ഞുവെക്കുന്നുണ്ട്. XUV 7XO ട്രിപ്പിള്‍-സ്‌ക്രീന്‍ ലേഔട്ട് അവതരിപ്പിക്കുന്ന മഹീന്ദ്രയുടെ ആദ്യത്തെ ഇന്റേണല്‍ കംബഷന്‍ എഞ്ചിന്‍ എസ്യുവിയായിരിക്കും. ഇതുകൂടാതെ പനോരമിക് സണ്‍റൂഫ്, പുതിയ ഡ്യുവല്‍-ടോണ്‍ ബ്രൗണ്‍, ടാന്‍ ഇന്റീരിയര്‍ തീം, അതേ ഷേഡുകളില്‍ പൂര്‍ത്തിയാക്കിയ റീഡിസൈന്‍ ചെയ്ത സ്റ്റിയറിംഗ് വീല്‍ എന്നിവയും ടീസറിലൂടെ കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. പുതുക്കിയ ഡോര്‍ പാഡുകള്‍, റീഡിസൈന്‍ ചെയ്ത എയര്‍ വെന്റുകള്‍, പുത്തന്‍ അപ്‌ഹോള്‍സ്റ്ററി എന്നിവ AX7L ടോപ്പ് എന്‍ഡ് വേരിയന്റില്‍ ഉണ്ടാവും.
വാഹനത്തിന് ചുറ്റുമുള്ള ഒന്നിലധികം ക്യാമറകളില്‍ നിന്നുള്ള ഫീഡുകള്‍ സംയോജിപ്പിച്ച് വിപുലമായ കാഴ്ച്ച വാഗ്ദാനം ചെയ്യുന്ന ഒരു പുതിയ 540 ഡിഗ്രി ക്യാമറ സിസ്റ്റവും മഹീന്ദ്ര XUV 7XO മോഡലിലുണ്ടാവും. ഇതിനൊപ്പം ADAS വിഷ്വലൈസേഷന്‍ ഇന്റര്‍ഫേസും ഉണ്ടാവുമെന്നതാണ് മറ്റൊരു പ്രത്യേകത. BYOD പ്രവര്‍ത്തനക്ഷമതയുള്ള ഇന്‍-കാര്‍ തിയേറ്റര്‍ മോഡ് വഴി റിയര്‍ സീറ്റ് സുഖവും ഇന്‍ഫോടെയ്ന്‍മെന്റും മെച്ചപ്പെടുത്താനും ബ്രാന്‍ഡ് പ്രത്യേകം ശ്രമിച്ചിട്ടുണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ്, കണക്റ്റിവിറ്റി, വെഹിക്കിള്‍ ഇന്റലിജന്‍സ് എന്നിവ ഇപ്പോള്‍ മേല്‍നോട്ടം വഹിക്കുന്ന അപ്ഡേറ്റ് ചെയ്ത അഡ്രിനോക്സ് പ്ലസ് പ്ലാറ്റ്ഫോമും ന്യൂജെന്‍ എസ്യുവിയുടെ ഭാഗമാവും. ബോസ് മോഡ് സീറ്റിംഗ്, പുനര്‍രൂപകല്‍പ്പന ചെയ്ത സെന്റര്‍ കണ്‍സോള്‍ തുടങ്ങിയ സവിശേഷതകളും XUV 7XO മോഡലിലെ മറ്റ് ഹൈലൈറ്റുകളാണ്.
മഹീന്ദ്ര XEV 9S ഇവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് XUV 7XO-യില്‍ പുതിയ ലൈറ്റിംഗ് സിസ്റ്റം ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിഷ്‌ക്കരിച്ച എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകള്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഇന്‍വേര്‍ട്ടഡ് എല്‍- ആകൃതിയിലുള്ള ഘടകങ്ങള്‍ ഒരു ഫുള്‍-വിഡ്ത്ത് ലൈറ്റ് ബാറുമായി ബന്ധിപ്പിച്ചിരിക്കുന്ന വ്യതിരിക്തമായ റിയര്‍ ലൈറ്റ് ക്രമീകരണം എന്നിവയാണ് ലൈറ്റിംഗ് സിസ്റ്റത്തിലെ ഹൈലൈറ്റ്. പുതിയ അലോയ് വീല്‍ ഡിസൈനുകള്‍, പുതിയ എക്സ്റ്റീരിയര്‍ ഷേഡുകള്‍, പുതുക്കിയ ബമ്പറുകള്‍, വെര്‍ട്ടിക്കല്‍ ക്രോം ആക്‌സന്റുകളുള്ള ഗ്രില്‍ എന്നിവയാണ് എക്സ്റ്റീരിയറിന് മോടികൂട്ടുവാനായി എത്തുക.