Saturday, March 14, 2026 Last Updated 1 Min 24 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 11.39 PM

പടയോട്ടം

uploads/news/2025/12/818461/sp5.jpg

ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ തകര്‍പ്പന്‍ ജയവുമായി ആഴ്‌സണല്‍. പോയ വര്‍ഷത്തെ അവസാന മത്സരത്തില്‍ ആഴ്‌സണല്‍ ആസ്‌റ്റണ്‍ വില്ലയെ 4-1 നു തോല്‍പ്പിച്ചു.
സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആഴ്‌സണലിനായി ഗബ്രിയേല്‍, മാര്‍ട്ടിന്‍ സുബിമെന്‍ഡി, ലിസാഡ്‌ ട്രൗസാഡ്‌, ഗബ്രിയേല്‍ ജീസസ്‌ എന്നിവര്‍ ഗോളടിച്ചു. ഒലി വാറ്റ്‌കിന്‍സിന്റെ ഗോളാണ്‌ ആഴ്‌സണല്‍ വലയിലെത്തിയത്‌.
19 കളികളില്‍നിന്നു 45 പോയിന്റ്‌ നേടിയ ആഴ്‌സണല്‍ അഞ്ച്‌ പോയിന്റിന്റെ ലീഡുമായി ഒന്നാം സ്‌ഥാനത്തു തുടര്‍ന്നു. രണ്ടാം സ്‌ഥാനത്തുള്ള ലിവര്‍പൂളിന്‌ 18 കളികളില്‍നിന്നു 40 പോയിന്റാണ്‌. 19 കളികളില്‍നിന്നു 39 പോയിന്റുള്ള ആസ്‌റ്റണ്‍ വില്ലയാണു മൂന്നാമത്‌. ആസ്‌റ്റണ്‍ വില്ലയുടെ തുടരെ 11 മത്സരങ്ങളുടെ വിജയക്കുതിപ്പാണ്‌ ആഴ്‌സണല്‍ തടയിട്ടത്‌. ഈ മാസാദ്യം വില്ലാ പാര്‍ക്കില്‍ പിണഞ്ഞ തോല്‍വിക്കു തക്ക മറുപടി നല്‍കാനും ആഴ്‌സണലിനായി. തന്റെ ശിഷ്യന്‍മാര്‍ കിരീടത്തിനുള്ള ശക്‌തമായ അവകാശം ഉന്നയിച്ചു കഴിഞ്ഞതായി കോച്ച്‌ മൈക്കിള്‍ അര്‍ട്ടെറ്റ പറഞ്ഞു. വില്ലയ്‌ക്കെതിരേ രണ്ടാം പകുതിയില്‍ അവര്‍ നടത്തിയ കുതിപ്പുകള്‍ ഗംഭീരമായിരുന്നെന്നും അര്‍ട്ടെറ്റ പറഞ്ഞു.
ഒന്നാം പകുതി ഗോള്‍ രഹിതമായിരുന്നു. കൈക്കുഴയ്‌ക്കേറ്റ പരുക്കു മൂലം പുറത്തിരുന്ന അര്‍ജന്റീനക്കാരന്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ്‌ വില്ലയുടെ സ്‌റ്റാര്‍ട്ടിങ്‌ ഇലവനില്‍ തിരിച്ചെത്തി. അര്‍ട്ടേറ്റ 4-3-3 ഫോര്‍മേഷനില്‍ കളിപ്പിച്ചപ്പോള്‍ ആസ്‌റ്റണ്‍ വില്ല കോച്ച്‌ ഉനായ്‌ എംറി വാറ്റ്‌കിന്‍സിനെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനാണു താല്‍പര്യപ്പെട്ടത്‌. 48-ാം മിനിറ്റില്‍ ഗബ്രിയേലിലൂടെ ആഴ്‌സണല്‍ മുന്നിലെത്തി. വൈകാതെ മാര്‍ട്ടിന്‍ സുബിമെന്‍ഡി ലീഡ്‌ ഇരട്ടിയാക്കി. മാര്‍ട്ടിന്‍ ഒഡെഗാഡായിരുന്നു ഗോളിന്റെ സൂത്രധാരന്‍. ലിയാന്‍ഡ്രോ ട്രൗസാഡും ജീസസും വൈകാതെ പട്ടിക തികച്ചു. സെറ്റ്‌ പീസുകളിലൂടെയായിരുന്നു ഗോളുകളെന്ന പ്രത്യേകതയുമുണ്ട്‌്. മറ്റു മത്സരങ്ങളില്‍ ന്യൂകാസില്‍ യുണൈറ്റഡ്‌ 3-1 നു ബേണ്‍ലിയെയും എവര്‍ടണ്‍ 2-0 ത്തിനു നോട്ടിങാം ഫോറസ്‌റ്റിനെയും തോല്‍പ്പിച്ചു. ചെല്‍സിയെ 2-2 നു ബോണ്‍മൗത്തും മാഞ്ചസ്‌റ്റര്‍ യുണൈറ്റഡിനെ 1-1 നു വോള്‍വര്‍ഹാംപ്‌റ്റണ്‍ വാണ്ടറേഴ്‌സും സമനിലയില്‍ കുരുക്കി.
സ്വന്തം തട്ടകമായ ഓള്‍ഡ്‌ ട്രാഫോഡിലാണ്‌ യുണൈറ്റഡ്‌ സമനില വഴങ്ങിയത്‌. 27-ാം മിനിറ്റില്‍ സിര്‍കീയിലൂടെ മുന്നിലെത്തിയ യുണൈറ്റഡിനെ 45-ാം മിനിറ്റില്‍ ക്രെസിയുടെ ഗോളാണു കുരുക്കിയത്‌. 19 കളികളില്‍നിന്നു 30 പോയിന്റുള്ള മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ ആറാം സ്‌ഥാനത്താണ്‌. മൂന്ന്‌ പോയിന്റ്‌ മാത്രമുള്ള വോള്‍വ്‌സ് ഏറ്റവും പിന്നില്‍ 20-ാം സ്‌ഥാനത്താണ്‌. ചെല്‍സിയും സ്വന്തം തട്ടകമായ സ്‌റ്റാംഫോഡ്‌ ബ്രിഡ്‌ജിലാണു സമനില വഴങ്ങിയത്‌. ആറാം മിനിറ്റില്‍ ബ്രൂക്‌സ് ബോണ്‍മൗത്തിനെ മുന്നിലെത്തിച്ചിരുന്നു. 15-ാം മിനിറ്റില്‍ കോളി പാല്‍മര്‍ സമനില ഗോളടിച്ചു. 23-ാം മിനിറ്റില്‍ എമിലിയാനോ ഫെര്‍ണാണ്ടസിലൂടെ അവര്‍ മുന്നിലുമെത്തി. 27-ാം മിനിറ്റിലാണ്‌ സാവിയര്‍ ക്ലൈവര്‍ട്ടിന്റെ സമനില ഗോളിന്റെ പിറവി. 30 പോയിന്റുള്ള ചെല്‍സി അഞ്ചാം സ്‌ഥാനത്തും 23 പോയിന്റുള്ള ബോണ്‍മൗത്ത്‌ 15-ാം സ്‌ഥാനത്തുമാണ്‌.

Ads by Google
Wednesday 31 Dec 2025 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW