Saturday, March 14, 2026 Last Updated 1 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 11.39 PM

സര്‍ഫ്രാസിന്റെ വെടിക്കെട്ട്‌

uploads/news/2025/12/818459/sp3.jpg

ജയ്‌പുര്‍: വിജയ്‌ ഹസാരെ ട്രോഫി ക്രിക്കറ്റ്‌ എലൈറ്റ്‌ സി ഗ്രൂപ്പ്‌ മത്സരത്തില്‍ ഗോവയ്‌ക്കെതിരേ 87 റണ്ണിന്റെ ജയവുമായി മുംബൈ.
ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ എട്ട്‌ വിക്കറ്റിന്‌ 444 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഗോവ അവസാന പന്തെറിയുമ്പോള്‍ ഒന്‍പത്‌ വിക്കറ്റിന്‌ 357 റണ്‍ എന്ന നിലയിലായിരുന്നു. 75 പന്തില്‍ 14 സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 157 റണ്ണെടുത്ത സര്‍ഫ്രാസ്‌ ഖാന്റെ വെടിക്കെട്ടാണ്‌ മുംബൈയുടെ ജയത്തിന്‌ അടിത്തറ. മുഷീര്‍ ഖാന്‍ (66 പന്തില്‍ രണ്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 60), ഹാര്‍ദിക്‌ താമോറെ (28 പന്തില്‍ രണ്ട്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 53) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (64 പന്തില്‍ 46), നായകന്‍ ശാര്‍ദൂല്‍ ഠാക്കൂര്‍ (എട്ട്‌ പന്തില്‍ മൂന്ന്‌ സിക്‌സറും രണ്ട്‌ ഫോറുമടക്കം 27), ഷാംസ്‌ മുലാനി (15 പന്തില്‍ രണ്ട്‌ സിക്‌സറടക്കം 22), തനുഷ്‌ കോടിയാന്‍ (12 പന്തില്‍ 23) എന്നിവരുടെ വെടിക്കെട്ടുകളും മുംബൈയെ 400 കടത്തി. മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറാണ്‌ ഗോവയ്‌ക്കായി ബൗളിങ്‌ ഓപ്പണ്‍ ചെയ്‌തത്‌. എട്ട്‌ ഓവര്‍ എറിഞ്ഞ അര്‍ജുന്‍ 78 റണ്‍ വഴങ്ങി. വിക്കറ്റെടുക്കാനുമായില്ല. ഒന്‍പത്‌ ഓവറില്‍ 98 റണ്‍ വഴങ്ങിയ ദര്‍ഷന്‍ മിസാല്‍ മൂന്ന്‌ വിക്കറ്റെടുത്തു. വാസുകി കൗശികും ലളിത്‌ യാദവും രണ്ട്‌ വിക്കറ്റ്‌ വീതവും ദീപ്രാജ്‌ ഗാനോകര്‍ ഒരു വിക്കറ്റുമെടുത്തു.
ഗോവയ്‌ക്കായി അഭിനവ്‌ തേജ്‌റാണ (70 പന്തില്‍ എട്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 100), നായകന്‍ ദീപ്രാജ്‌ ഗാനോകര്‍ (28 പന്തില്‍ ഏഴ്‌ സിക്‌സറും നാല്‌ ഫോറുമടക്കം 70) എന്നിവര്‍ നടത്തിയ പോരാട്ടം മത്സരം ആവേശകരമാക്കി. മുംബൈക്കായി ശാര്‍ദൂല്‍ ഠാക്കൂര്‍ മൂന്ന്‌ വിക്കറ്റും യശസ്വി ജയ്‌സ്വാള്‍ രണ്ട്‌ വിക്കറ്റുമെടുത്തു. തുഷാര്‍ ദേശ്‌പാണ്ഡെയും സില്‍വസ്‌റ്റര്‍ ഡി സൂസയും മുഷീര്‍ ഖാനും ഒരു വിക്കറ്റ്‌ വീതമെടുത്തു.

Ads by Google
Wednesday 31 Dec 2025 11.39 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW